പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിച്ചുകൂടാത്തതാണ്. ഇരുപത്തൊന്നുകാരനായ ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വിചാരണ ചെയ്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന ഭീതിജനകമായ വാര്‍ത്ത പുറത്തു വന്നിട്ട് നാളുകള്‍ കഴിയുമ്പോഴും കേരളം നിസംഗമാണ്. സാംസ്കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമാണീ സംഭവം. കലാസപര്യയുടേയും ജ്ഞാനാന്വേഷണത്തിന്റെയും ആലയങ്ങളാകേണ്ട വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അരാജകത്വത്തിന്റെയും അക്രമത്തിന്റെയും വിളനിലമാക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം കേരളം ചോദിക്കാനാളില്ലാത്ത, തിരുത്താനാളില്ലാത്ത, നാഥനില്ലാത്ത നാടാവുകയാണോ? ഈ നിശബ്ദത അപലപനീയമാണ്. സിദ്ധാര്‍ത്ഥ് സമൂഹത്തിന്റെ മനസ്സാക്ഷിയാണ്. സിദ്ധാര്‍ത്ഥും ഒരു മകനാണ്……. പ്രബുദ്ധവും സംസ്കാരസമ്പന്നവുമെന്ന് പുകള്‍പ്പെറ്റ കേരളം സിദ്ധാര്‍ത്ഥിന് വേണ്ടി, നിതിക്ക് വേണ്ടി ശബ്ദിക്കണം. സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെയും അവര്‍ക്ക് പ്രേരണയായവരെയും നിയമത്തിന് മുന്നിലെത്തിക്കണം. സമൂഹമാകെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സജ്ജമാകണം. അങ്ങേയറ്റം നിഷ്ക്രിയമായിപ്പോയ സാമൂഹിക സാംസ്കാരിക രംഗത്ത് തിരുത്തല്‍ അനിവാര്യമാണ്. സര്‍ക്കാര്‍ നടപടികള്‍ കുറ്റമറ്റതും വേഗത്തിലും ആക്കണം. അതേ സമയം പൊതുസമൂഹം ഇത്തരം അരാജക പ്രവണതകള്‍ക്കെതിരെ ശക്തമായി ഇടപെടണം.
ഭയപ്പെടുത്തുന്ന നിശബ്ദതയ്ക്കിടയിലും പ്രതികരിക്കാന്‍ തയ്യാറായ ശബ്ദങ്ങള്‍ പ്രതീക്ഷയാണ്. ആ പ്രതികരണങ്ങള്‍ ഇവിടെ നല്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുകതന്നെ ചെയ്യും…
കലാലയങ്ങള്‍ മൃഗീയതയുടെ കളരിയായി മാറുന്നു: പായിപ്ര രാധാകൃഷ്ണന്
മൃഗങ്ങളുടെ സംരക്ഷണത്തിനും മൃഗചികിത്സയ്ക്കും പരിശീലിപ്പിക്കുന്ന കലാലയം മൃഗീയതയുടെ കളരിയായി മാറുന്നത് ഏറെ ഉത്കണ്ഠപ്പെടുത്തുകയാണ്. കലാലയങ്ങള്‍ ആയുധപ്പുരകളായും കലാപത്തിന്റെ അണിയറകളായും പരിശീലന കേന്ദ്രങ്ങളായും മാറി തുടങ്ങിയിട്ട് കുറേക്കാലമായി. അതിന്റെ തുടര്‍ച്ചയായിട്ടാണ് പൂക്കോട് വെറ്ററിനറി കോളജിലെ സംഭവത്തെയും എല്ലാവരും കാണുന്നത്. ഇത്തരം വലിയ നരനായാട്ട് സഹവിദ്യാര്‍ഥികളുടെ കണ്മുന്നില് നടന്നിട്ടും ആരും പ്രതികരിച്ചില്ല. സര്‍വകലാശാലയിലെ അധികൃതരുടെ കുറ്റകരമായ മൗനം വളരെ അപകടകരമാണ്. ഇതിലുമപ്പുറം ഉത്കണ്ഠപ്പെടുത്തുന്ന കാര്യം സാംസ്കാരിക രംഗത്തെ നിശബ്ദതയാണ്. സാംസ്കാരിക അഭിമുഖത്തിനു പോയവരെല്ലാം മയക്കത്തിലാണ്. അങ്ങനെ ഒരു ഇരുണ്ട ഭീകരതയുടെ കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.
–
കമ്മ്യൂണിസ്റ്റുകാര്‍ കൊലപാതകം കുലത്തൊഴിലാക്കിയവര്‍: പദ്മശ്രീ എം.കെ. കുഞ്ഞോല്‍
സിദ്ധാര്‍ത്ഥിന്റെ സംഭവം സാംസ്കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമാണ്. കൊലപാതകം കുലത്തൊഴിലാക്കിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ വന്നതിന് ശേഷം ക്രിമിനലുകള്‍ക്ക് കൂടുതല്‍ സംരക്ഷണമാണ് ലഭിക്കുന്നത്. സംഭവത്തില്‍ സാംസ്കാരിക കേരളം ശക്തമായി പ്രതികരിക്കണം. സൂക്ഷ്മമായ അന്വേഷണം നടത്തി കുറ്റവാളികളെയും അവരെ പിന്തുണച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കണം.
സിദ്ധാര്‍ത്ഥനെ തല്ലിക്കൊന്നവര്‍: പി. രാജന്
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്
വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ സഹപാഠികള്‍ തല്ലിക്കൊന്ന വാര്‍ത്തയാണ് ഒടുവിലത്തെ കേരള സ്റ്റോറി. ഇത് സംബന്ധിച്ച കേസിലെ പ്രതികള്‍ എസ്എഫ്ഐക്കാരായ വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ ആണ്. വിദ്യാര്‍ഥി സംഘടനയ്ക്ക് കൊലപാതകത്തില്‍ ബന്ധമൊന്നുമില്ലെന്നു യൂണിയന് നേതാക്കള്‍ പറയുന്നത് അവര്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. പട്ടിയെ പേപ്പട്ടിയെന്നു വിളിച്ചു തല്ലിക്കൊല്ലുന്ന മതപരമായ നീതീകരണമാണ് ഇത്തരം ഭീകരമായ കൊലപാതകങ്ങള്‍ക്കു പിന്നില്‍ പ്രേരണയാകുന്നത്. പ്രവാചക മതങ്ങളുടെ പ്രവര്ത്തനശൈലിയാണത്. എന്നെപ്പോലെ വിശ്വസിക്കൂ; അല്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്നു പറയുന്നവര്‍ അടുത്ത ശ്വാസത്തില്‍ അല്ലാത്തപക്ഷം ഞാന്‍ നിന്നെക്കൊല്ലും എന്നാവും പറയുകയെന്ന് എന്ന് വോള്‍ട്ടയര്‍ പറഞ്ഞത് ഈ മതഭ്രാന്തന്മാരെപ്പറ്റിയാണ്. തങ്ങളില്പ്പെടാത്തവനെ ചെകുത്താന്റെ സന്തതിയെന്നോ കാഫിര്‍ എന്നോ ആദ്യം മുദ്രകുത്തും. അവസാനത്തെ പ്രവാചകമതമായ കമ്യൂണിസവും ആ ശൈലി തന്നെ പിന്തുടരുന്നു. അവര്‍ ഇരകളെ മുദ്രകുത്തുന്നത് വര്‍ഗശത്രുവെന്നാണ്. പിന്നീട് ഉന്മൂലനം നടപ്പിലാക്കുന്നതിനു വേറെ പ്രേരണയൊന്നും വേണ്ട. രാഷ്ട്രീയത്തിലെ ജിഹാദിത്തരമാണിത്. മഹാരാജാസിലെ വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവും അതിന്റെ ഇരയാണ്. പ്രത്യയശാസ്ത്രപരമായിത്തന്നെ ജനാധിപത്യത്തിന്റെ ശത്രുക്കള്‍ ആണ് രാഷ്ട്രീയ ജിഹാദികള്‍’. പച്ചയായാലും ചുവപ്പായാലും അതില്‍ വ്യത്യാസമില്ല. ജീവനുവേണ്ടി നദിയില്‍ നിന്ന് നീന്തിക്കയറാന്‍ ശ്രമിക്കുന്ന സഹപാഠികളെ കല്ലെറിഞ്ഞു കൊല്ലുന്ന മനോഭാവമാണിത്. അതിനെ ചെറുക്കുക തന്നെ വേണം.
അക്രമികളുടെ കലാലയ രാഷ്ട്രീയം വേണ്ട: ഡോ.എം.എസ്.സുനില്‍
റിട്ട. പ്രൊഫ. കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട. നാരീശക്തി പുരസ്ക്കാര ജേതാവ്.
രക്ഷാകര്ത്താക്കള് മക്കളെ കലാലയങ്ങളിലേക്ക് അയക്കുന്നത് വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തിച്ചേരാനാണ്. അവര്‍ മൃതദേഹമായി തിരികെ വരുന്നത് ആര്‍ക്കും സഹിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ പഠിക്കാനുള്ള അവസരം നഷ്ടമാക്കുന്നത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കലാണ്. പൂക്കോട് ഉണ്ടായത് നിഷ്ഠൂരമായ സംഭവമാണ്. ഇതില്‍ കോളജ് അധികൃതരും അധ്യാപകരും ഉത്തരവാദികളാണ്. നേതാക്കളുടെ മക്കള്‍ വിദേശത്ത് പഠനം നടത്തുമ്പോള്‍ സാധാരണക്കാരുടെ മക്കളാണ് ഇവിടെ കലാലയങ്ങളില്‍ ബലിയാടുകളാകുന്നത്. സഹപാഠികളെ തിരിച്ചറിയാനും സ്നേഹിക്കാനും കഴിയാത്ത സാഹചര്യത്തില്‍ കലാലയ രാഷ്ട്രീയം നിരോധിക്കുക തന്നെ വേണം.
കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം വേണം: -ഡോ. ജോസ് പാറക്കടവില്‍
റിട്ട. പ്രിന്‍സിപ്പല്‍ ബിഎഎം കോളജ് തുരുത്തിക്കാട്
കലാലയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ പരിശീലനം എന്ന നിലയിലാണ് അംഗീകരിക്കപ്പെട്ടത്. എന്നാല്‍ ഏറെ കാലമായി ജനാധിപത്യ സംസ്ക്കാരം നിലനിര്‍ത്തുന്നില്ല. കലാലയങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കലാലയ രാഷ്ട്രീയം ജനാധിപത്യത്തെ വളര്‍ത്താന്‍ സഹായിക്കുന്ന ഒന്നല്ലാതായി. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൊതു നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട സംഘടനകള്‍ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലാകുന്നു. ഇതോടെ കലാലയങ്ങള്‍ കലുഷിതമാകുന്നു. ജനാധിപത്യ മേന്മകള് കാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നല്ലത്.
കുറ്റക്കാര്‍ക്ക് നല്ല ശിക്ഷ കിട്ടണം: കെ.പി. സുധീര
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്. നാടിന്റെ നട്ടെല്ലായ ചെറുപ്പക്കാര്‍ നിസ്സാരകാര്യങ്ങള്‍ക്ക് കോളജില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളാല്‍ വിചാരണ ചെയ്യപ്പെടുകയും അവരുടെ ജീവിതം തന്നെ ഇല്ലാതാവുകയും ചെയ്യുന്ന കാഴ്ച ദാരുണമാണ്. ഒരു അമ്മ എന്ന നിലയില്‍ എന്റെ ഹൃദയത്തെ ഈ സംഭവം വല്ലാതെ മുറിപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന പ്രവണതയുള്ള വിദ്യാര്‍ത്ഥികളെ സ്ഥാപനം തന്നെ വേണ്ട വിധം ശിക്ഷ കൊടുക്കണം. എങ്കില്‍ മാത്രമേ ഇതിനൊരു അറുതി ഉണ്ടാവുകയുള്ളൂ. വിദ്യാഭ്യാസത്തിനായി കോളജില്‍ അയക്കുന്ന ഓരോ വിദ്യാര്‍ഥിയുടെയും മാതാപിതാക്കള്‍ക്ക് ഇത് വല്ലാത്തൊരു ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യ അഭ്യസിക്കുന്ന ഇടങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അക്രമങ്ങള്‍ക്ക് അവസാനം ഉണ്ടായേ തീരൂ. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകള്‍ കരിഞ്ഞു പോവുകയും അവര്‍ നിത്യവേദനയുടെ ആഴത്തിലേക്ക് പതിക്കുകയും ചെയ്യുന്ന കാഴ്ച ദാരുണമാണ്. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന്റെ മാത്രമല്ല, കേരളത്തിന്റെ ആത്മാവിനേറ്റ ഏറ്റവും മാരകമായ ക്ഷതം ആണ് ഈ സംഭവം. മുഴുവന്‍ കുറ്റവാളികളെയും കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണം
രാഷ്ട്രീയ നേതൃത്വം കുറ്റവാളികളെ വളര്‍ത്തുന്നു: ജോയ് മാത്യു
പതാകയില്‍ ചെഗുവേര, പ്രൊഫൈലും ചെഗുവേരതന്നെ, പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്ന് ഇറക്കും. എന്നാല്‍ നമ്മുടെ ചുടുചോറുവാരികള്‍ക്ക് അതിനേക്കാള്‍ താല്‍പ്പര്യം കൊടി, കിര്‍മാണി, ട്രൗസര്‍ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്. അതുകൊണ്ടാണ് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്ത്ഥന് എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി അവര്‍ കൊലക്ക് കൊടുത്തത്.! ചുടുചോറുവാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവരെ കുറ്റവാളികളാക്കി വളര്‍ത്തിയെടുക്കാന്‍ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്ളിടത്തോളം ഇത്തരം അരും കൊലകള്‍ തുടരും. ഈയൊരു പ്രാകൃത കാലത്ത് ജീവിക്കുന്നത് കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാതെ നമുക്ക് പറയാന്‍ പറ്റുന്നത്.
ക്യാമ്പസ്സുകളെ അക്രമികളില്‍ നിന്ന് രക്ഷിക്കണം: വിധുബാല
പൂക്കോട് വെറ്ററിനറി കോളജില്‍ നടന്നത് സംഘടിത കുറ്റകൃത്യമാണ്. ഒരു കൂട്ടം വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കു പോലും എതിര്‍ക്കാന്‍ തോന്നിയില്ലെങ്കില്‍ അതിന്റെ പിന്നിലെ ചിന്ത എന്താണെന്ന് കണ്ടെത്തണം. ഒരു സാധാരണ മനസ്സിന് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനാവില്ല. വിദ്യാഭ്യാസ ലക്ഷ്യം മറന്ന തലമുറയാണ് ഇത്തരമൊരു കൃത്യത്തിനു തുനിയുക. മലയാളി ഭയത്തിന്റെ അഗ്നിപര്‍വ്വതത്തിനു മുകളിലാണ് ജീവിക്കുന്നത്. നമ്മുടെ ക്യാംപസുകളില്‍ ഭയപ്പെടേണ്ട സാഹചര്യമുള്ളതാണ് വിദ്യാഭ്യാസത്തിനായി അന്യദേശത്തെ ആശ്രയിക്കുന്നത്. കൃത്യമായ അന്വേഷണത്തിലൂടെ മരണത്തിനു പിന്നിലെ കാരണം പൊതു സമൂഹത്തെ അറിയിക്കണം. ക്യാമ്പസുകളെ ഇത്തരം അക്രമികളില്‍ നിന്ന് രക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: