തിരുപ്പൂര്‍: തമിഴകമണ്ണില്‍ എംജിആറിന്റെ സ്മരണ ഉണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യത്തിന് എംജിആര്‍ എതിരായിരുന്നു, സദ്ഭരണമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജയലളിതയും ഇതേപാതയാണ് പിന്തുടര്ന്നത്, മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിച്ച എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യഥാര്‍ത്ഥ നേതാവായിരുന്നു എംജിആര്‍. ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജന്മഭൂമിയായ കാന്‍ഡിയില്‍ പോകുവാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ എംജിആറിന്റെ കര്‍മഭൂമിയിലെത്തിയിരിക്കുന്നു. കുടുംബാധിപത്യം തകര്‍ത്ത് തമിഴ്നാട്ടില്‍ സദ്ഭരണത്തിന് തുടക്കം കുറിച്ചത് എംജിആറാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കുമായിട്ടാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എംജിആറിനെ ഡിഎംകെ അവഹേളിക്കുകയാണ്, മോദി ചൂണ്ടിക്കാട്ടി.
തമിഴ്നാടുമായി വൈകാരിക ബന്ധമാണ് എനിക്കുള്ളത്. പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പാരമ്പര്യം നിറഞ്ഞ ചെങ്കോല്‍ സ്ഥാപിച്ചു. അതിനുശേഷം രാജ്യം ജിജ്ഞാസയോടെ തമിഴ്നാടിനെക്കുറിച്ച് അന്വേഷിക്കുന്നു. തമിഴും സംസ്കാരവും സവിശേഷതയാര്‍ന്നതാണ്. ഐക്യരാഷ്ട്രസഭയില്‍ തമിഴ് കവിത ചൊല്ലിയാണ് ഞാന്‍ സംസാരിച്ചത്. എന്റെ മണ്ഡലമായ വാരാണസിയില്‍ കാശി- തമിഴ് സംഗമം സംഘടിപ്പിച്ചു. ഇതിലൂടെ തമിഴ്നാടിന്റെയും പാരമ്പര്യത്തെ ബഹുമാനിക്കുകയായിരുന്നു.
32 വര്‍ഷം മുന്‍പ് 1991ല്‍ എകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നാണ്. കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുക, 370-ാം വകുപ്പ് റദ്ദ് ചെയ്യുക എന്ന രണ്ട് ലക്ഷ്യങ്ങള്‍ക്കായിരുന്നു ഏകതായാത്ര നടത്തിയത്. ഈ രണ്ട് ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കി.
എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയിലൂടെ തമിഴ്നാട് പുതിയ പാതയിലാണെന്നും മോദി പറഞ്ഞു. ഇന്‍ഡി മുന്നണി പരാജയം സമ്മതിച്ചെങ്കിലും തമിഴ്നാടിനെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങളെ വിഭജിച്ച് നുണകളിലൂടെ അധികാരം സംരക്ഷിക്കാനണ് അവര്‍ ശ്രമിക്കുന്നത്. തമിഴ്ജനത സത്യവും യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നുണ്ടെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: