വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന സംഭവങ്ങള്‍ കൂടുകയാണ്. അടച്ചുറപ്പുണ്ടെന്നു കരുതുന്ന വനമേഖലയിലെ വീടുകളില്‍ ഉറക്കമില്ലാത്ത രാത്രികളാണ്. വയനാട്, ഇടുക്കി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലാണ് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവായത്.
അധികൃതരുടെ പല വിശദീകരണങ്ങളും വിശ്വാസയോഗ്യമല്ല. ആറു വര്‍ഷത്തിനിടെ ആന സെന്‍സസ് പ്രകാരം കാട്ടാനകളുടെ എണ്ണം വളരെ കുറഞ്ഞു. മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് കാട്ടാനകളേ സംസ്ഥാനത്തെ വനങ്ങളിലുള്ളു. 2005ല്‍ 5,140 കാട്ടാനകളുണ്ടായിരുന്നത് 2007ല്‍ 6,078 ആയി ഉയര്‍ന്നു. 2011ല്‍ എണ്ണം 7,490 ആയിരുന്നു. അത് 2017ല്‍ 5,706 ആയി കുറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കാട്ടാനകളുടെ എണ്ണം കുറഞ്ഞു. 2023ല്‍ 2,386 ആനകളേ കണക്കിലുള്ളു. എന്നിട്ടും ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് പ്രധാനകാരണം വനവിസ്തൃതി കുറയുന്നത്. ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ കണക്കുപ്രകാരം 2010 ല്‍ കേരളത്തിന്റെ സ്വാഭാവിക വനവിസ്തൃതി മൊത്തം ഭൂപ്രദേശത്തിന്റെ 61.5 ശതമാനമായിരുന്നു. 2022 ല്‍ 52,900 ഹെക്ടര്‍ കുറഞ്ഞു. എന്നാല്‍ മൊത്തം വനവിസ്തൃതിയില്‍ വര്‍ധനവ് സംഭവിച്ചു. 2009ല്‍ 11,309 ചതുരശ്ര കിലോമീറ്റര്‍ വനമുണ്ടായിരുന്നത് 2021 ല്‍ 11,525 ആയി.
വര്‍ധന സ്വാഭാവിക വനത്തിനല്ല. തേക്ക്, അക്കേഷ്യ തുടങ്ങിയ കൃത്രിമ വനവിസ്തൃതിയാണ് കൂടിയത്. സ്വാഭാവിക വനമാണ് വന്യജീവികളുടെ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുക. സ്വാഭാവിക വനത്തിന്റെ വിസ്തൃതി വര്‍ഷംതോറും കുറയുകയാണ്. സ്വാഭാവിക വനമേഖല ശക്തിപ്പെടുത്തുക എന്നതിനു പകരം ഏക വിളത്തോട്ടങ്ങളും തേക്ക് പ്ലാന്റേഷന് പോലെയുള്ള വനങ്ങളുമാണ് വനമേഖലയില്‍ ആധിപത്യം നേടുന്നത്. വനവല്കരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും തേക്ക് പ്ലാന്റേഷന് പോലെയുള്ളവയ്ക്കാണ്. 36 വര്‍ഷത്തിനിടെ 118 പേരാണ് വയനാട് ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023ല്‍ ജീവന്‍നഷ്ടമായത് എട്ടു പേര്‍ക്ക്. 2024ല്‍ പുതുവര്‍ഷം പിറന്നതോടെ കാട്ടാനയാക്രമണത്തില്‍ 17 ദിവസത്തിനിടെ മരിച്ചത് മൂന്നുപേര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: