തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കേരള വാട്ടര്‍ അതോറിറ്റി. പൊങ്കാല മേഖലകളില്‍ താല്‍ക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാല്‍ മേഖലയില്‍ 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.
അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി വെന്‍ഡിങ് പോയിന്റുകള്‍ പിടിപി നഗറിലും വെള്ളയമ്പലത്തും സജ്ജമാക്കിയിതിനു പുറമെ ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താല്‍ക്കാലിക വെന്‍ഡിങ് പോയിന്റ് ഒരുക്കി. ആറ്റുകാലില്‍ രണ്ടും എംഎസ്കെ നഗര്‍, കൊഞ്ചിറവിള കുര്യാത്തി സ്കൂള്‍ പരിസരം എന്നിവിടങ്ങളിലും ഫയര്‍ഹൈഡ്രന്റുകള്‍ സജ്ജമാക്കി.
24, 25 തീയതികളില്‍ കുടിവെള്ള സംബന്ധമായ മേല്‍നോട്ടത്തിനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗര്‍, വെള്ളയമ്പലം, കവടിയാര്‍, പോങ്ങുംമൂട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ അസി.എന്‍ജിനീയര്‍ അടങ്ങുന്ന ആറു മുഴുവന്‍ സമയ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. .
മലിനജല ഒഴുക്ക് സുഗമമാക്കന്‍ വിവിധ പ്രദേശങ്ങളിലെ സിവറേജ് ലൈനുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്ന പണികള്‍ 1.56 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരാതികള്‍ ഉടനടി പരിഹരിക്കുന്നതിനായി ഉല്‍സവ ദിവസങ്ങളില്‍ ആറു സ്വീവര്‍ ക്ലീനിങ് യന്ത്രങ്ങളും മൂന്നു റോബോട്ടിക് ക്ലീനിങ് യന്ത്രങ്ങളുമുള്‍പ്പെടെ തൊഴിലാളികളുടെ സംഘങ്ങളെ വിവിധ പ്രദേശങ്ങളില്‍ വിന്യസിക്കും.
സ്വീവേജ് പമ്പ് ഹൗസുകളില്‍ പമ്പിങ് തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ അറ്റകുറ്റപ്പണികകളും പൂര്‍ത്തിയാക്കി. 24നും 25നും സ്വീവറേജ് സംബന്ധമായ മേല്‍നോട്ടത്തിനും അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കുമായി കുര്യാത്തി, തമ്പാനൂര്‍, ഈഞ്ചയ്ക്കല്‍, കിഴക്കേക്കോട്ട, വെള്ളയമ്പലം, പാറ്റൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അസി. എക്സി. എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ അസി. എഞ്ചിനീയര്‍ അടങ്ങുന്ന ആറു മുഴുവന്‍ സമയ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1916ല്‍ 24 മണിക്കൂറും വിളിക്കാമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: