മാവേലിക്കര: ദിവസങ്ങളുടെ ഒരുക്കങ്ങള്‍ക്കൊടുവില്‍ ചെട്ടികുളങ്ങര ഭരണിക്ക് പരിസമാപ്തം. 13 കരക്കാരും ആത്മസമര്‍പ്പണമായി കെട്ടുകാഴ്ചകള്‍ ഭഗവതിക്ക് മുന്നില്‍ സമര്‍പ്പിച്ച് തൊഴുതുവണങ്ങി. വൈകിട്ട് അഞ്ചോടെ കാഴ്ചക്കണ്ടത്തിലേക്ക് കെട്ടുകാഴ്ചകള്‍ ഇറങ്ങിത്തുടങ്ങി. ആചാരങ്ങള്‍ പൂര്‍ത്തിയാക്കി ഒന്നാം കരയായ ഈരേഴതെക്ക് കുതിര ഇറങ്ങിയതോടെ നാട് ദേവീനാമത്തില്‍ അലയടിച്ചു. പിന്നീട് കരകളുടെ ക്രമമനുസരിച്ച് ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നീ കരകളുടെ കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ ഇറങ്ങി.
പുലര്‍ച്ചെ മൂന്നിന് കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ കണ്ട് അനുഗ്രഹിക്കാനായി ദേവി ജീവതയിലെഴുന്നള്ളി. ഓരോ കെട്ടുകാഴ്ചയുടെയും സമീപമെത്തി കെട്ടുകാഴ്ചകള്‍ കണ്ട് കരക്കാരെയും ഭക്തലക്ഷങ്ങളെയും അനുഗ്രഹിച്ച് ദേവി ക്ഷേത്രത്തിലേക്കു മടങ്ങിയതോടെ ചടങ്ങുകള്‍ സമാപിച്ചു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ഓണാട്ടുകരയിലെ വീഥികളില്‍ ഒഴുകിയത് ആയിരങ്ങളാണ്. കുത്തിയോട്ടത്തിന്റെ വായ്ത്താരികള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഇത് ഏറ്റുപാടി ഭക്തസഹസ്രങ്ങളാണ് ഇന്നലെ ചെട്ടികുളങ്ങരയമ്മയുടെ തിരുമുന്പിലെത്തി തൊഴുത് മടങ്ങിയത്. എട്ട് ദിവസങ്ങളായി കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ അനുഷ്ഠാനപൂര്‍വം നടത്തിവന്ന കുത്തിയോട്ടങ്ങള്‍ ദേവിയുടെ തിരുമുന്പില് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: