വെള്ളനാട്: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ ഉറിയാക്കോട് നെടിയവിള പച്ചക്കാട് വിളയില്‍ രാജേന്ദ്രന്‍(40) ആത്മഹത്യയുടെ വക്കിലാണ്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടില്‍ ഉററ്റവരും ഉടയവരും ഇല്ലാതെ കൈകാലുകള്‍ക്ക് സ്വാധീനമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബുദ്ധിമുട്ടുന്ന രാജേന്ദ്രന്‍ മരിക്കാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട് ജീവിക്കുന്നുവെന്നാണ് പറയുന്നത്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാജേന്ദ്രന് പോളിയോ ബാധിച്ച കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. കൈകാലുകള്‍ക്ക് ശേഷിയുള്ളവര്‍ക്ക് പോലും നടന്നു പോകാന്‍ ബുദ്ധിമുട്ടുള്ളതാണ് വീട്ടിലേക്കുള്ള വഴി. ജലജീവന്‍ പദ്ധതി പ്രകാരം ആറുമാസം മുമ്പ് പൈപ്പ് സ്ഥാപിച്ചു. എന്നാല്‍ വെള്ളം കിട്ടുന്നില്ല. ആകെ വരുമാനമാര്‍ഗം വികലാംഗ പെന്‍ഷനായിരുന്നു. അതുപോലും ആറുമാസമായി കിട്ടുന്നില്ല.
ബാങ്കില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്നതിനു ചെലവ് 500 രൂപ വേണ്ടിവരും. അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ആശ്രയം. പല ദിവസങ്ങളിലും പട്ടിണിയാണ്. മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്രവാഹനം കിട്ടിയാല്‍ ലോട്ടറി വിറ്റ് ജീവിക്കാമെന്ന് രാജേന്ദ്രന്‍ പറയുന്നു. ഒരു കൈക്കുമാത്രമാണ് മാത്രമേ ചലനശേഷിയുള്ളത്. വീടിനുള്ളില്‍ ഇഴഞ്ഞുനീങ്ങിയാണ് പ്രഥമികാവശ്യങ്ങള്‍ക്കുപോലും പോകുന്നത്. വിവരം കേട്ടറിഞ്ഞ് ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമയുടെ പ്രവര്‍ത്തകര്‍ വീട്ടിലെത്തി. രാജേന്ദ്രന്റെ ഈ പ്രശ്നങ്ങള്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് സക്ഷമ ഉറപ്പു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: