ഡോ. നിശാന്ത് തോപ്പില്‍
വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന് സദ്ഗുരു ശ്രീശ്രീരവിശങ്കര്‍ ഫെബ്രുവരിയില്‍ മൂന്നു ദിവസം കേരളത്തിലെത്തുന്നു. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പര്യടനം.
ആത്മീയഗുരുക്കന്മാരുടെയും ഋഷിവര്യന്മാരുടെയും സംഭാവനകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട രാജ്യമാണ് നമ്മുടെ ഭാരതം. ഭാരതീയ പാരമ്പര്യത്തില്‍ ഗുരുവിന് അതിമഹത്തായ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്. പ്രപഞ്ചസൃഷ്ടിയുടെ ആദിയില്‍ ഋഷീശ്വരന്മാരിലൂടെ വേദവിജ്ഞാനം പകര്‍ന്നുനല്‍കിയ ഭഗവാന്റെ പരമ്പരയില്‍ ഭാരതത്തിലെ ഓരോ ആദ്ധ്യാത്മികാചാര്യനും വിളക്കിച്ചേര്‍ത്ത കണ്ണികളാകുന്നു.
സദ്ഗുരുക്കന്മാരുടെ അവതാരം അനുസ്യുതം ഇനിയുമിനിയും ഉണ്ടായിക്കൊണ്ടേയിരിക്കും.
സനാതനധര്‍മ നിയമമനുശാസിക്കുന്നതും അങ്ങിനെ തന്നെ. ഗുരു വഴികാട്ടിയാണ്, ജ്ഞാനത്തിലേക്കുള്ള, ആനന്ദത്തിലേക്കുള്ള വഴികാട്ടി. ജീവിതത്തിനും വിവേകത്തിനും സ്നേഹത്തിനുമിടയില്‍ ഒരാള്‍ക്ക് ദൂരമില്ലാതാവുമ്പോള്‍ അദ്ദേഹത്തെ ഗുരു എന്ന് വിളിക്കുന്നു.
ഒരു പുഴു ശലഭമായി രൂപാന്തരം പ്രാപിക്കുന്നത് വണ്ടുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലായി കാണുന്ന പ്രാണി സമൂഹമാണ് ശലഭങ്ങള്‍. മുട്ട, പ്യൂപ്പ, പുഴു, ശലഭം എന്നീ നാലു ഘട്ടങ്ങളിലൂടെയാണ് ഒരു ശലഭം പിറക്കുന്നത്. പുഴു എന്ന അവസ്ഥയില്‍ നിന്നത് ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്നത് ദിവസങ്ങളോളം പ്യൂപ്പക്കുള്ളില്‍ ഒതുങ്ങിക്കിടന്നു തപസനുഷ്ഠിച്ച ശേഷമെന്നാണ് ജൈവശാസ്ത്രം വ്യക്തമാക്കുന്നത്. ഒരിക്കല്‍ ഒരു കുഞ്ഞു വിത്തിനുള്ളില് ഒളിഞ്ഞിരുന്ന വിത്തുകളാണ് പില്ക്കാലങ്ങളില് വന്‍ മരങ്ങളായി പരിണമിക്കുന്നതും. ‘വിത്തില്‍ വൃക്ഷമിരിക്കുന്നു’ എന്നതാവട്ടെ നിഷേധിക്കാനാവാത്ത മറ്റൊരു ശാസ്ത്രസത്യം! ജന്മസിദ്ധി എന്ന പോലെ നാല് വയസ് മുതല്ക്കേ വേദമന്ത്രങ്ങളും ഭഗവദ്ഗീതയും കാണാപാഠം ചൊല്ലുന്ന, അസാധാരണ അന്വേഷണബോധവും അനുകമ്പയും കൊണ്ട് രക്ഷകര്‍ത്താക്കളുടെയും ബന്ധുമിത്രാദികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ബാലന് തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് പാപനാശം എന്ന സ്ഥലത്ത് ജനിച്ചു. കെ. എസ്. വെങ്കിടരത്നത്തിനും വിശാലാക്ഷിക്കുമാണ് 1956 ല്‍ ആ അത്ഭുത ബാലന് ജന്മം കൊടുക്കാനുള്ള മഹാഭാഗ്യം സിദ്ധിച്ചത്. ആ ബാലനാണ് വിശ്വവ്യാപകമായ ജീവനകലയുടെ അഥവാ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും യോഗാചാര്യനുമായിത്തീര്ന്ന സദ്ഗുരു ശ്രീശ്രീരവിശങ്കര്‍!.
വ്യക്തികള്‍ വളര്‍ന്ന് പ്രസ്ഥാനങ്ങളായി പരിണമിക്കാറുണ്ട്. ദൈവത്തിന്റെ വെളിപാട് പോലെ അവര്‍ കാലഘട്ടത്തെയും ചരിത്രത്തെയും പ്രതിനിധാനം ചെയ്തിട്ടുമുണ്ട്. ദൈവത്തിന്റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും വിശിഷ്ടമായ മനുഷ്യനില്‍ നിന്ന് സാത്വിക വിശുദ്ധി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിസ്മയകരമായ ദാര്‍ശനിക പ്രതിഭയാണ് ശ്രീശ്രീരവിശങ്കര്‍.
മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യനെ പ്രാകൃതമായ ഭൗതികാവസ്ഥയില്‍ നിന്ന് ധാര്‍മികാവസ്ഥയിലേക്കും അവിടെ നിന്ന് അതിരുകളില്ലാത്ത ആത്മീയ ഔന്നത്യത്തിലേക്കും കൈപിടിച്ചുയര്ത്തിക്കൊണ്ടുപോകാന് കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിലൂടെ ശ്രീശ്രീക്ക് കഴിഞ്ഞതായി ലോകം സാക്ഷ്യപ്പെടുത്തുന്നു. അനന്തമായ, അവിരാമമായ അന്വേഷണത്തില്‍ 1982 ല്‍ പത്തു ദിവസത്തെ അഗാധ മൗനത്തിനു ശേഷം ഗുരുജിക്ക് ലഭിച്ച ദിവ്യമായ വരദാനമാണ് ‘മഹാസുദര്‍ശനക്രിയ’. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഹൃദയം എന്നു പറയുന്നതും ഈ സുദര്‍ശനക്രിയ തന്നെ.
ജ്ഞാനവിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ജനങ്ങളെ ശുദ്ധീകരിച്ചെടുത്ത് സംസ്കരിക്കുന്നതാണ് പ്രവാചക ദൗത്യമെങ്കില്‍ ഗുരുജി ചെയ്തുവരുന്നതും ഇതൊക്കെത്തന്നെ. എല്ലാവരെയും സ്നേഹിക്കുക, ഒപ്പം അക്രമരഹിതമായ സമൂഹവും പിരിമുറുക്കമില്ലാത്ത മനസും അഴിമതിയില്ലാത്ത ഭരണവും സൃഷ്ടിക്കുക. ഇതാണ് ജീവനകല ലക്ഷ്യമിടുന്നത്. തന്നെ സ്നേഹിക്കാന്‍ കഴിയുന്നവനേ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയൂ. ജീവിതം ഒരു കലയാണെന്നും അത് അഭ്യസിക്കാനാവുമെന്നും ഗുരുജി നമ്മെ പഠിപ്പിക്കുന്നു.
അന്യമാവുന്ന ഭാരതീയ സംസ്കൃതി, വന്ധ്യമാവുന്ന മൂല്യച്യുതി, വികലമാവുന്ന ധാര്‍മിക ബോധം, തമസ്കരിക്കപ്പെടുന്ന സത്യ, സദാചാര നിഷ്ഠകള്‍, വ്യഭിചരിക്കപ്പെടുന്ന ബാല്യം, വന്യമായ സ്ത്രീ പീഡനങ്ങള്‍, കൊലപാതകങ്ങള്‍, സദാചാര ഗുണ്ടായിസങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങളെ വരെ പിച്ചിച്ചീന്തിയെറിയുന്ന മൃഗീയമായ കാഴ്ചകള്‍, സമൂഹം മാതൃകയാക്കേണ്ടവര്‍ സ്വയം മറന്നു നടത്തുന്ന വാക്പോരുകള്‍, വിമര്‍ശനങ്ങള്‍, ലഹരിമരുന്നിന്റെ നീരാളിപ്പിടുത്തത്തിലമരുന്ന കൗമാരം, ബാല്യം, ശിഥിലീകരിക്കപ്പെടുന്ന കുടുംബ ബന്ധങ്ങള്‍… അക്രമം മനുഷ്യന്റെ സഹജ സ്വഭാവമല്ല. ആരും അക്രമിയായി ജനിക്കുന്നുമില്ല.
മനസിലെ പിരിമുറുക്കങ്ങളാണ് അവനെ നിഷേധാത്മകതയിലേക്ക് വലിച്ചിഴയ്ക്കുന്നത്. ആധുനിക മനുഷ്യന് കൂടുതല്‍ കൂടുതല്‍ പരിഷ്കൃതനാകുന്നതോടു കൂടി അവന്റെ അന്ത:സംഘര്‍ഷങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വ്യക്തികളിലെ മാനസിക പിരിമുറുക്കങ്ങളെ ലഘൂകരിക്കുന്നതോടൊപ്പം സമൂഹത്തിലെ അക്രമം, സംഘര്‍ഷം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയ്ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് 1981 ല്‍ ശ്രീശ്രീ രൂപകല്പന ചെയ്തു സ്ഥാപിച്ച പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്.
രോഗശാന്തിയും മാനസികസമ്മര്‍ദ്ദവും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിടുന്ന ഒരു യോഗ അധിഷ്ഠിത സാങ്കേതികതയാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: