ന്യൂദല്‍ഹി: പേടിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള റിസര്‍വ് ബാങ്കിന്റെ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. ഫെബ്രുവരി 29ന് ശേഷവും പേടിഎം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു തടസവും കൂടാതെ തുടരുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
നിങ്ങളേവരുടെയും പിന്തുണയ്ക്ക് ഞാനുള്‍പ്പെടുന്ന പേടിഎമ്മിലെ ഓരോരുത്തരും നന്ദിയറിയിക്കുന്നു. ഏതൊരു വെല്ലുവിളിക്കും ഒരു പരിഹാരമുണ്ടാകും. പരിപൂര്‍ണമായും രാജ്യത്തെ സേവിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക ഇടപാടുകളിലെ നവീകരണത്തിലും പുതിയ സേവനങ്ങളുടെ ഉള്‍പ്പെടുത്തലുകളിലും രാജ്യം ആഗോള അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുമെന്നും വിജയ് ശേഖര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 29ന് ശേഷം വാലറ്റിലും അക്കൗണ്ടുകളിലും പേടിഎം പേമന്റ്സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് ബുധനാഴ്ച ആര്‍ബിഐ ഉത്തരവിട്ടത്. 1949ലെ ബാങ്കിങ് റെഗുലേഷന് ആക്ട് സെക്ഷന്‍ 35 എ പ്രകാരമാണ് നടപടിയെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഉത്തരവ് പ്രകാരം യുപിഐ പണമിടപാടുകള്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവ നടത്താന്‍ പേടിഎമ്മിന് സാധിക്കാതെ വരും. എന്നാല്‍ പലിശ, കാഷ്ബാക്കുകള്‍, റീഫണ്ടുകള്‍ തുടങ്ങിയവ ഏത് സമയവും നല്‍കാം. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല. പുതിയ പേടിഎം വാലറ്റ് തുറക്കാന്‍ കഴിയില്ല. നിലവിലുള്ളവ ടോപ്അപ്പ് ചെയ്യാനും ഇടപാടുകള്‍ നടത്താനും സാധിക്കും. പേടിഎം പേമെന്റ് ബാങ്കുമായി ബന്ധിപ്പിച്ച യുപിഐ ഐഡിയിലൂടെ ഇടപാട് സാധ്യമാകില്ല. ഫാസ്റ്റ്ടാഗ് സേവനം തുടര്‍ന്നും ലഭിക്കും. പുതിയവ എടുക്കാന്‍ സാധിക്കില്ല.
പേടിഎമ്മിന്റെ മാതൃസ്ഥാപനമായി വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒസിഎല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. ഇതിനാല്‍ പേടിഎമ്മിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്കാവും. ഇത്തരമൊരു ഉത്തരവിറക്കാനുള്ള വ്യക്തമായ കാരണങ്ങള്‍ എന്താണെന്ന് ആര്‍ബിഐ വിശദമാക്കിയിട്ടില്ല. എന്നാല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ 2022 മാര്‍ച്ചില്‍ ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ ഉത്തരവിറക്കുന്നതിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: