കൊല്‍ക്കൊത്ത: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്നു.
ബംഗാളിലെ മാള്‍ഡയില്‍ വെച്ചാണ് ബുധനാഴ്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ കല്ലെറിഞ്ഞത്. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും അക്രമികളാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വീഡിയോയില്‍ ഒരിടത്ത് കാര്‍ നിര്‍ത്തി രാഹുല്‍ ഗാന്ധി കാറില്‍ നിന്നിറങ്ങി പിന്‍ചില്ലുകള്‍ പൊട്ടിയത് പരിശോധിക്കുന്നത് കാണാം.
ബംഗാളിലേക്ക് ന്യായ് യാത്ര കടക്കുന്നതിനെ മമത ബാനര്‍ജി വിലക്കിയിരുന്നു. എന്നാല്‍ മമതയുടെ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ബംഗാളിലേക്ക് കടക്കുകയായിരുന്നു. ബംഗാളില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് സിപിഎം.
ന്യായ് യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം മാള്‍ഡയില്‍ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനെ മമത വിലക്കേര്‍പ്പെടുത്തിയിരുന്നു.
മാള്‍ഡയും മുര്‍ഷിദാബാദും ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും. എന്നാല്‍ തങ്ങളുടെ പഴയ കോട്ട തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസും പറയുന്നു. ബുധനാഴ്ച മാള്‍ഡയില്‍ മമത ബാനര്‍ജിയും ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടുമെന്ന് മമത ആവര്‍ത്തിച്ചു.
നാണക്കേട് ഒഴിവാക്കാന്‍ ആരും കല്ലെറിഞ്ഞില്ലെന്ന വാദവുമായി കോണ്‍ഗ്രസ്
ഉച്ചയ്ക്ക് കല്ലേറ് വാര്‍ത്ത പരക്കുകയും കോണ്‍ഗ്രസിന്റെ ബംഗാള്‍ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം കല്ലേറ് കഥ തിരുത്തിപ്പറഞ്ഞ് കോണ്‍ഗ്രസ്. പിന്നീടുള്ള ചിന്തയില്‍ തൃണമൂലില്‍ നിന്നും കല്ലേറ് കിട്ടി എന്നത് നാണക്കേടുണ്ടാക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് കല്ലേറ് കഥ തിരുത്തിയതെന്ന് കരുതുന്നു.
ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്ന സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെയ്ക്കുന്ന കഥ ഇതാണ്: “രാഹുല്‍ ഗാന്ധിയുടെ കാര്‍ ബംഗാള്‍-ബീഹാര്‍ അതിര്‍ത്തിപ്രദേശത്ത് എത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ കാണാന്‍ എത്തി. അതില്‍ നിന്നും ഒരു സ്ത്രീ പൊടുന്നനെ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് വന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ തട്ടി ചില്ല് പൊട്ടുകയായിരുന്നു. നീതിയ്ക്ക് വേണ്ടി പൊരുതാന്‍ എത്തിയ നേതാണ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ നേതാവായ അദ്ദേഹത്തിന്റെ സുരക്ഷ ജനങ്ങള്‍ നോക്കിക്കൊള്ളും”.
ഇത്തരമൊരു സമൂഹമാധ്യമസന്ദേശം കോണ്‍ഗ്രസിന്റേതായി പുറത്തുവന്നതോടെ ആദിര്‍ രഞ്ജന്‍ ചൗധരി നുണ പറഞ്ഞിരിക്കുന്ന എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. അജ്ഞാതരായ അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലെറിഞ്ഞു എന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: