വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഭാരതത്തിന് രണ്ടാം ടെസ്റ്റിന് മുന്‍പ് കനത്ത തിരിച്ചടി. വിശ്വസ്തരായ കെ.എല്‍. രാഹുലും രവീന്ദ്ര ജഡേയും രണ്ടാം ടെസ്റ്റല്‍ കളിക്കാനില്ല. ആദ്യ ടെസ്റ്റിനിടെയേറ്റ പരിക്കാണ് രണ്ടുപേര്‍ക്കും തിരിച്ചടിയായത്. ഇവര്‍ക്ക് പകരമായി മൂന്ന് പേരെ ടീമിലുള്‍പ്പെടുത്തി. സര്‍ഫറാസ് ഖാന്, വാഷിംഗ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് ജഡേജയ്ക്ക് വില്ലനായതെങ്കില്‍ വലതു കാലിലെ പേശി വേദനയാണ് രാഹുലിന് തിരിച്ചടിയായത്. ജഡേജയെയും രാഹുലിനെയും ബിസിസിഐയുടെ വൈദ്യവിഭാഗം പരിശോധന നടത്തിയ ശേഷമാണ് പുറത്തിരുത്താനുള്ള തീരുമാനം.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഭാരതം 28 റണ്‍സിന് പരാജയപ്പെട്ടിരുന്നെങ്കിലും മികച്ച പ്രകടനമാണ് കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും നടത്തിയത്. ജഡേജ ഒന്നാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റും 87 റണ്‍സും നേടി. രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുകളും ജഡേജയുടെ വകയായിരുന്നു. കെ.എല്‍. രാഹുല്‍ ഒന്നാം ഇന്നിങ്സില്‍ 86ഉം, രണ്ടാം ഇന്നിങ്സില്‍ 22 റണ്‍സും നേടി.
നേരത്തെ പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും മുഹമ്മദ് ഷമിയെ ഒഴിവാക്കിയിരുന്നു. വിരാട് കോഹ്ലി വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയും ചെയ്തു. വിശാഖപ്പട്ടണത്ത് ഫെബ്രുവരി രണ്ടിനാണ് അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. രാഹുലും ജഡേജയും പുറത്തായ സാഹചര്യത്തില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: