ന്യൂദല്‍ഹി: ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്റെ അന്ത്യശാസനം.
സ്വമേധയാ ഒഴിയാത്ത സാഹചര്യമുണ്ടായാല്‍ പുറത്താക്കേണ്ടിവരുമെന്നും കേന്ദ്ര ഭവന നിര്‍മാണ നഗരകാര്യാലയ വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നല്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ 2023 ഡിസം. 8 ന് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് വ്യക്തമാക്കി മഹുവയ്ക്ക് നോട്ടീസ് നല്കി. ഡിസം. 11 നായിരുന്നു ഇത്. എന്നാല്‍ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹുവ സുപ്രീംകോടതിയെയും ദല്‍ഹി ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.
ജനുവരി 7 ന് മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹുവക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ അവര്‍ വീട് ഒഴിയാന്‍ തയാറാകാതിരുന്നതോടെ, എന്തുകൊണ്ടാണ് വീട് ഒഴിയാത്തതെന്ന് വ്യക്തമാക്കി മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനുവരി എട്ടിന് നോട്ടീസ് നല്കി. ജനുവരി 12ന് വീണ്ടും ഒരു നോട്ടീസും കൂടി മഹുവക്ക് അയച്ചു. വീട് ഒഴിയുന്നതിനാവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇക്കാലയളവില്‍ മഹുവ അനധികൃതമായി വീട് കൈവശം വച്ചിരിക്കുകയല്ലെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നും പുതിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: