ആലപ്പുഴ: സംസ്ഥാനം നേരിടുന്ന വന്യജീവി ആക്രമണത്തിന് കാരണം മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ നയവൈകല്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം 41-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കൂറ്റപ്പെടുത്തി. ഡോ. സി. എം. ജോയിയാണ് പ്രമേയം അവതരിപ്പിച്ചത്.
സംസ്ഥാനത്ത് മുമ്പെങ്ങും ഇല്ലാത്തവിധം മനുഷ്യ- വന്യമൃഗ സംഘര്‍ഷം വര്‍ധിക്കുകയാണ്. വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലെ മനുഷ്യ ജീവിതം വന്യമൃഗ ശല്യം മൂലം ദുഷ്‌കരമായിരിക്കുന്നു. ജനസംഖ്യ വര്‍ധനയും സ്ഥലത്തിനായുള്ള ആവശ്യകതയും ഭൂമിയോടുള്ള മനുഷ്യന്റെ അത്യാര്‍ത്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ആളുകളും വന്യജീവികളും കൂടുതലായി ഇടപഴകുകയും വിഭവങ്ങള്‍ക്കായി മത്സരിക്കുകയും ചെയ്യുന്നു, ഇത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമാകുന്നു.
ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം ഇവിടെ ഭരണം നടത്തിയ സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും, നയവൈകല്യവും, ദീര്‍ഘവീക്ഷണ കുറവും, അശാത്രിയ വികസന കഴ്ചപ്പാടുമാണ്. നമ്മള്‍ ആനയിറങ്ങുന്ന ആനച്ചാലായ ആനയിറങ്കലില്‍ പോലും പട്ടയം കൊടുത്തു. വനമേഖലയില്‍ റിസോര്‍ട്ടുകള്‍ക്കും, പാറമടകള്‍ക്കും, ഇക്കോ ടൂറിസത്തിനും അനുമതി നല്‍കി, ബഫര്‍സോണില്‍ ടൗണ്‍ഷിപ്പുകള്‍ കെട്ടിപ്പൊക്കി, ഉള്‍വനങ്ങളില്‍ പോലും പാറപൊട്ടിക്കുകയും അണക്കെട്ടുകളുടെ ജലസംഭരണികള്‍ തീര്‍ക്കുകയും ചെയ്തു. വനം കൈയേറ്റക്കാരില്‍ നിന്നും തിരിച്ചുപിടിച്ച വനഭൂമി പോലും സംരക്ഷിച്ചില്ല. സംരക്ഷിത വനങ്ങളുടെയും, വന്യമൃഗ സംരക്ഷിത മേഖലകളുടെയും അതിര്‍ത്തികള്‍ പോലും സംരക്ഷിക്കാതെ വനം കൊള്ളക്കാര്‍ക്ക് വിട്ടുനല്‍കുന്നു. വനം കൊള്ളക്കെതിരെയും, വന്യജീവി കടത്തിനെതിരെയും മൗനം പാലിക്കുന്നു. ന്യുനപക്ഷ പ്രീണനത്തിന്റെ പേരില്‍ മതസ്ഥാപനങ്ങള്‍ക്ക് നിയമലംഘനം നടത്തി പോലും വനഭൂമി തീറുനല്കുന്നു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ഫലപ്രദമായി മാനേജ് ചെയുകയും ഇതിനായി സമഗ്രവും സംയോജിതവുമായ സമീപനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുകയും വേണം. മനുഷ്യ-വന്യമൃഗ സംരക്ഷണ നയങ്ങളില്‍ കടുകിട വ്യതിയാനം വരുത്താതെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപ്പെടണം. ജനങ്ങള്‍ ഇന്നനുഭവിക്കുന്ന വന്യമൃഗ ഭീഷണിയെ ശാസ്ത്രീയമായി യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടുക തന്നെ വേണം. ഒപ്പം വനമേഖലയില്‍ സര്‍ക്കാരിന് പറ്റിയ തെറ്റുകള്‍ തിരുത്തുകയും വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി അദ്ധ്യക്ഷനായി. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി കെ. സി. സുധീര്‍ബാബു, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: