ന്യൂദല്‍ഹി:: ക്രിസ്മസ് ദിനത്തില്‍ തന്നെ ഉച്ചഭക്ഷണവിരുന്നിന് മോദി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചത് ഇന്ത്യയാകെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ മണിപ്പൂര്‍ വിഷയത്തില്‍ ഒരു ക്രിസ്ത്യന്‍ വിരുദ്ധ പ്രധാനമന്ത്രിയായാണ് മോദിയെ ചിത്രീകരിച്ചിരുന്നത്. അതിനിടയിലാണ് അദ്ദേഹം ഇത്തരമൊരു യോഗം വിളിച്ചത്.
മതമേലധ്യക്ഷന്മാര് മാത്രമല്ല, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ബിസിനസുകാര്‍, കായികതാരങ്ങള്‍, വിദ്യാഭ്യാസസ്ഥാപനമേധാവികള് എന്നിവരെയും മോദി ക്ഷണിച്ചിരുന്നു. ക്രിസ്മസ് കരോള്‍ ഗാനത്തോടെ തുടങ്ങിയ യോഗത്തില്‍ മോദി ഒരു സുദീര്‍ഘ പ്രസംഗം നടത്തിയിരുന്നു.
ക്രിസ്ത്യന്‍ സമുദായം ഇന്ത്യയ്ക്ക് നല്കിയ സംഭാവനകള്‍ മോദി തന്റെ പ്രസംഗത്തില്‍ വിവരിച്ചു. സ്വാതന്ത്ര്യസമരത്തിലും ഇന്ത്യയുടെ ആരോഗ്യസേവനരംഗത്തും വിദ്യാഭ്യാസത്തിലും ക്രിസ്ത്യന്‍ സമുദായം സംഭാവനകള്‍ നല്‍കിയതായി മോദി പറഞ്ഞു.
വികസനയാത്രയില്‍ ക്രിസ്തു വഴികാട്ടിയായി
തന്റെ സര്‍ക്കാരിന്റെ വികസന യാത്രയില്‍ വഴികാട്ടിയായത് ക്രിസ്തു പ്രചരിപ്പിക്കാന്‍ ശ്രമിച്ച എല്ലാവര്ക്കും നീതി, എല്ലാവരേയും ഉള്‍ച്ചേര്‍ക്കല്‍, ഭൂതദയ എന്നീ മൂല്യങ്ങളാണെന്നും മോദി പറഞ്ഞു.
നിസ്സഹകരണ പ്രസ്ഥാനം എന്ന സമര ആശയം ഗാന്ധിജിയ്ക്ക് ലഭിച്ചത് സെന്റ് സ്റ്റീഫന്‍സ് കോളെജിലെ പ്രിന്‍സിപ്പലായിരുന്ന സുശീല്‍ കുമാര്‍ രുദ്രയില്‍ നിന്നാണെന്നും മോദി പറഞ്ഞു.
എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ വസുധ വേണുഗോപാല്‍ നല്കിയ മോദിയുടെ കൂടിക്കാഴ്ചയുടെ ലഘുവിവരണം
PM Modi's important outreach to the Christian community on Christmas. He met business heads, artists, athletes and clergy from the community today, hosted them at his residence. He also spoke about the extensive contributions made by the community in the society. pic.twitter.com/Heu9SYYnPU
— Vasudha Venugopal (@Vasudha156) December 25, 2023
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ക്രിസ്ത്യാനകളുമായി ഊഷ്മളബന്ധവും മോദി ഓര്‍മ്മിച്ചു. പാവങ്ങളെയും തിരസ്കൃതരെയും സേവിക്കുന്നതില്‍ അവര്‍ എന്നും മുന്നിലായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ നിരവധി ക്രിസ്ത്യന്‍ നേതാക്കള്‍ പങ്കാളികളായിരുന്നു. ഇന്ത്യയിലുടനീളം ആരോഗ്യസേവന രംഗത്തും വിദ്യാഭ്യാസരംഗത്തും ഇപ്പോഴും ഗണ്യമായ സംഭാവനകള്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ ചെയ്യുന്നതായും മോദി പറഞ്ഞു.
മാര്‍പ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച
ഹിന്ദു ദര്‍ശനത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ഉപനിഷതുകള് ബൈബിളിലേതുപോലെ ആത്യന്തിക സത്യത്തെയാണ് തേടുന്നത്. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി മാര്‍പ്പാപ്പ ക്രിസ്തുവിന്റെ അനുഗ്രഹം തേടിയിരുന്നു. സബ്കാ സാത്, സബ്കാ വികാസ്, സബ് കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മന്ത്രം പ്രതിഫലിപ്പിക്കുന്നത് മാര്‍പാപ്പയുടെ വാക്കുകളാണെന്നും മോദി പറഞ്ഞു. 2021ല്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയും മോദി ഓര്‍മ്മിച്ചു. ഭൂമിയെ കുറച്ചുകൂടി മെച്ചപ്പെട്ട ഇടമാക്കി മാറ്റേണ്ടതിനെക്കുറി്ചും പോപ്പ് സംസാരിച്ചിരുന്നതായി മോദി പറഞ്ഞു. ആഗോള സാഹോദര്യം, കാലാവസ്ഥാവ്യതിയാനം, സകലരെയും ഉള്‍ച്ചേര്‍ക്കുന്ന വികസനം, സാമൂഹ്യമായ രഞ്ജിപ്പ് തുടങ്ങിയ വിഷയങ്ങളും സംസാരിച്ചു.
ഉത്സവസീസണുകള്‍ രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പൗരന്മാരെ കൂടുതല്‍ അടുപ്പിക്കുകയും അവര്‍ക്കിടയിലുള്ള ഇഴയടുപ്പം വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത ഉച്ചഭക്ഷണ വിരുന്നില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ബിസിനസുകാര്‍, കലാകരന്മാര്, അത് ലറ്റുകള്‍, മതമേധാവികള്‍, എന്നിവരെ ക്ഷണിച്ചിരുന്നു.
വികസനം എല്ലാവരിലും എത്തണമെന്ന് തന്റെ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. അത് ക്രിസ്ത്യന്‍ സമുദായത്തിനും ഗുണം ചെയ്യുന്നുണ്ട്.
തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന, പ്രത്യേകിച്ചും യുവാക്കള്‍ക്ക് വേണ്ടി നടപ്പാക്കുന്ന മില്ലറ്റ് പോലുള്ള ചെറുധാന്യങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്ന, മയക്കമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരിക്കുന്ന ഫിറ്റ് ഇന്ത്യ പോലുള്ള പദ്ധതികള്‍ പ്രചരിപ്പിക്കണമെന്ന് പ്രധാനമന്ത്രി ക്രിസ്തീയ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. തന്റെ സര്‍ക്കാരിന്റെ പാരിസ്ഥിതിക പ്രചാരണങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മോദി പറഞ്ഞു.
ക്രിസ്ത്യന്‍ മതനേതാക്കളുടെ പ്രതികരണം
ഇതാദ്യമായാണ് ക്രിസ്ത്യന്‍ സമുദായ അംഗങ്ങളെ ഒരു പ്രധാനമന്ത്രി ഇതുപോലെ ഒരു ആശയവിനിമയത്തിന് ക്ഷണിക്കുന്നതെന്ന് ബിഷപ്പ് സൈമണ്‍ ജോണ്‍ പറഞ്ഞു. സബ്കാ സാത്, സബ്കാ വികാസ് എന്നത് മോദിയുടെ ഗംഭീര ആശയമാണെന്ന് ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ പ്രശംസിച്ചു. മോദിയുടെ നേതൃത്വം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഈ നീക്കം നമ്മുടെ രാജ്യത്തെ മാറ്റുമെന്നും നമ്മുടെ രാജ്യത്തെ ലോകത്തെ മികച്ച രാജ്യമാക്കി മാറ്റുമെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. പ്രധാനമന്ത്രി തന്റെ അടിസ്ഥാന ലക്ഷ്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് സെന്റ് സ്റ്റീഫന്‍സ് കോളെജിലെ പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. ഇത് ഏതെങ്കിലും ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ സംസ്ഥാനത്തിനോ മാത്രമല്ല, ഇന്ത്യയാകെ അങ്ങിനെയാണ്. അപ്പോള്‍ ഇന്ത്യ വിജയിച്ചാല്‍ ലോകം വിജയിച്ചു- അദ്ദേഹം പറഞ്ഞു.
വാനോളം പുകഴ്ത്തി ക്രിസ്ത്യന്‍ ബിസിനസുകാര്‍, സിനിമ-കായികതാരങ്ങള്‍
നിരവധി മാറ്റങ്ങള്‍ നടക്കുകയാണ്. അദ്ദേഹം മികച്ച ഭാവിയ്ക്ക് വേണ്ടിയുള്ള വാഗ്ദാനമാണ് നല്‍കുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു. ഇത്രയും ലാളിത്യമാര്‍ന്ന പ്രധാനമന്ത്രിയുടെ വ്യക്തിത്വം കണ്ട് അത്ഭുതപ്പെട്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല, രാത്രിയും പകലും ജോലി ചെയ്യുന്ന വ്യക്തിയാണെന്നും ജോയ് ആലുക്ക പറഞ്ഞു. ഗള്‍ഫ് രാജ്യത്തെല്ലാം ഇന്ത്യയെക്കുറിച്ച് വളരെ വലിയ പ്രതിച്ഛായയാണ് മോദിയെന്ന പ്രധാനമന്ത്രിമൂലം ഉണ്ടായതെന്ന് ബഹ്റൈനില്‍ നിന്നെത്തിയ വര്‍ഗ്ഗീസ് കുര്യന് പറഞ്ഞു. രാജ്യത്തിന് വേണ്ടി അദ്ദേഹം നിര്‍വ്വഹിക്കുന്ന കാര്യങ്ങള്‍ അത്ഭുതകരമാണെന്ന് നടന് ദിനൊ മോറിയ പറഞ്ഞു.
അദ്ദേഹം ഇന്ത്യയക്ക് വേണ്ടി അതിവിശാലമായ പ്രതിച്ഛായയാണ് ഉണ്ടാക്കിയതെന്ന് അശ്വിന് ഫെര്‍ണാണ്ടസ് പറഞ്ഞു. വളരെ ദയാലുവായ മനുഷ്യനാണ് പ്രധാനമന്ത്രിയെന്ന് അപ്പോളോ സിഇഒ ആന്റണി ജേക്കബ് പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ തന്നെ മോദി ഞങ്ങളെ വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് പോള്‍ സ്വരൂപ് പറഞ്ഞു.
20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍, ഞാന്‍ ജോലിചെയ്ത വകുപ്പ് എനിക്ക് സ്ഥാനക്കയറ്റം പോലും തന്നില്ല. എന്നാല്‍, നീരജ് ചോപ്രയ്ക്ക് മെഡല്‍ ലഭിച്ചപ്പോള്‍ അത് ആഘോഷമാക്കുന്നതിലെ മാറ്റങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. താങ്കള്‍ ആഘോഷക്കുന്ന രീതി, രാജ്യം ഘോഷിക്കുന്ന രീതി… ഇന്ത്യ മുഴുവനും ആഘോഷിക്കുന്നു. ഞാന്‍ തെറ്റായ കാലഘട്ടത്തിലായിരുന്നതിനാല്‍ എനിക്കതില്‍ അസൂയ തോന്നുന്നുണ്ട്’, അഞ്ചു ബോബി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: