പമ്പ: ശബരിമലയിലെത്തുന്നഭക്തലക്ഷങ്ങള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. പമ്പയില്‍ സര്‍വേ നടത്തി അളന്നു തിരിച്ചിട്ടിരിക്കുന്ന 50 ഏക്കറില്‍ പാര്‍ക്കിങ്ങടക്കം ഭക്തര്‍ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയിലും ശരണവഴിയിലും ഭക്തര്‍ ദിവസങ്ങളായി നേരിടുന്ന സമാനതകളില്ലാത്ത ദുരിതങ്ങളും പ്രതിസന്ധികളും നേരിട്ടു പഠിക്കാനെത്തിയതായിരുന്നു കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള സംഘം.
നിലയ്‌ക്കലിലെ ഭൂമിയും ഭക്തരുടെ ആവശ്യത്തിനുപയോഗിക്കണം. പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കണം. അതിന് അവിടുത്തെ 50 ഏക്കര്‍ പ്രയോജനപ്പെടുത്താം. ഭക്തര്‍ക്കു ഭക്ഷണം നല്കാന്‍ അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം പോലുള്ള സംഘടനകള്‍ തയാറാകുമ്പോള്‍ ബോര്‍ഡ് അതു വിലക്കുകയാണ്. ചിലര്‍ക്കു ലാഭമുണ്ടാക്കാനാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനും ബോര്‍ഡിനും ശബരിമലയിലുണ്ടായ വീഴ്ചകള്‍ തുറന്നു സമ്മതിക്കണം. ഭക്തരോട് കൈകൂപ്പി മാപ്പു പറയാനുള്ള മനുഷ്യത്വം ദേവസ്വം മന്ത്രിക്കും ബോര്‍ഡ് പ്രസിഡന്റിനുമില്ല. തീര്‍ത്ഥാടനം നരകപൂര്‍ണമാകുമ്പോള്‍ പ്രശ്നമില്ലെന്നു മുഖ്യമന്ത്രി പറയുന്നത് നിസംഗ രാഷ്‌ട്രീയമാണ്. ഭക്തര്‍ക്കു കുടിവെള്ളവും ഭക്ഷണവും ചികിത്സയുമാണ് നല്‌കേണ്ടത്. ഇവ അവരുടെ ഭരണഘടനാപരമായ അവകാശങ്ങളാണ്. ഇതു ചെയ്യാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഇലവുങ്കല്‍, നിലയ്‌ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം ഭക്തരുടെ ദുരിതങ്ങള്‍ ചോദിച്ചറിഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ. സൂരജ്, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ശബരിമല സന്ദര്‍ശിച്ചത്. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി.ആര്‍. ഷാജി, ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ്, ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷൈന്‍ ജി. കുറുപ്പ്, ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്ത, റാന്നി മണ്ഡലം പ്രസിഡന്റ് പി.എ. സന്തോഷ് കുമാര്‍, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിഥിന്‍ ശിവ, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയില്‍, റാന്നി മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, പെരുനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്. വിനോദ് കുമാര്‍, സംസ്ഥാന സമിതിയംഗം അനോജ്, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുജന്‍ അട്ടത്തോട്, അട്ടത്തോട് ഊരുമൂപ്പന്‍ നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: