ഭോപ്പാല്‍: ചുവന്ന സിന്ദൂരക്കുറി, സദാ പുഞ്ചിരി… ഏതു പ്രതിസന്ധിയിലും തളരാത്ത മനസ്. ഇക്കുറി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന് സകല ചാനലുകളും പത്രങ്ങളും പ്രവചിച്ചിട്ടും രാഷ്ട്രീയ വിശകലന വിദഗ്ധര്‍ എഴുതിമറിച്ചിട്ടും കുലുക്കമേതുമില്ലാതെ, കൂസലൊട്ടുമില്ലാതെ മഹാമേരുവിനെപ്പോലെ നിലകൊണ്ട നേതാവാണ് ശിവരാജ് സിങ് ചൗഹാന്. മിക്ക എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് മുന്‍തൂക്കം കണ്ടപ്പോള്‍, ഒന്നോ രണ്ടോ ഏജന്‍സികള്‍ മാത്രമാണ്, ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചത്. അതാണ് ശരിയായതും.
230 സീറ്റുകളില്‍ 160 ലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയത്. ഭരണവിരുദ്ധ വികാരം അതിശക്തമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോള്‍ നേരെ മറിച്ചായിരുന്നു ജനങ്ങള്‍ ചിന്തിച്ചതും വോട്ട് ചെയ്തതും. 2005 മുതല്‍ 2018 വരെ 13 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2020ല്‍ വീണ്ടും അധികാരത്തിലേക്ക്. അതായത് 16 കൊല്ലമാണ് അദ്ദേഹം ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശിനെ നയിച്ചത്.
1959 മാര്‍ച്ച് അഞ്ചിനു ജനിച്ച അദ്ദേഹം, 64 ാം വയസില്‍, 19 ാമത്തെ മുഖ്യമന്ത്രിയാകുമ്പോള്‍ ബുധിനിക്ക് ഒരു തിലകക്കുറിയാണ്. 90 മുതല്‍ 91 വരെയും പിന്നെ 2006 മുതല്‍ 2023 വരെയും തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം മധ്യപ്രദേശിനെ അധികകാലമായി നയിക്കുന്ന മുഖ്യമന്ത്രിയാണ്. 2019 മുതല്‍ 2020 വരെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡിന്റെയും സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിയുടെയും അംഗമാണ്. 2000 മുതല്‍ 2002വരെ യുവമോര്‍ച്ച ദേശീയ അധ്യക്ഷനായിരുന്നു. 91 മുതല്‍ 2005 വരെ വിദിശയില്‍ നിന്നുള്ള എംപിയായിരുന്നു. 1972ല്‍ 13-ാം വയസില്‍ ആര്‍എസ്എസിലൂടെ സ്വയം സേവകനെന്ന നിലയ്ക്കാണ് പൊതുരംഗത്തെത്തിയത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി എന്ന പദ്ധതി കൊണ്ടുവന്നതും സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം നല്കിയതും അദ്ദേഹമാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, കുറഞ്ഞ നിരക്കില്‍ വൈദ്യുതി (ലാഡ്ലി ലക്ഷ്മി യോജന), ബേഠീ ബചാവോ അഭിയാന് തുടങ്ങിയ പദ്ധതികളാണ് 2008ലും 2013ലും ബിജെപിയുടെ വിജയത്തിന് അടിത്തറ പാകിയത്.
പ്രേംസിങ് ചൗഹാന്റെയും സുന്ദര്‍ ബായിയുടെയും മകനായി സെഹോറില്‍ ജനനം. തികഞ്ഞ കര്ഷകന്. ജനിച്ചതും കര്‍ഷക കുടുംബത്തില്‍. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയില്‍ നിന്ന് എംഎ ഫിലോസഫിയില്‍ സ്വര്‍ണമെഡലോടെയാണ് ശിവരാജ് സിങ് ചൗഹാന് ജയിച്ചത്. അടിയന്തരാവസ്ഥാക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തനം..
ഇന്നും എന്നും ചൗഹാന് തുണയായത് സ്ത്രീകളുടെ വോട്ടുകളാണ്. കാരണം അദ്ദേഹം നടപ്പാക്കിയ സ്ത്രീ ക്ഷേമപദ്ധതികള്‍ തന്നെ.
ഭാര്യ സാധനാ സിങ് ചൗഹന്. രണ്ടു മക്കള്‍. കാര്‍ത്തികേയ് ചൗഹാന്, കുനാല്‍ ചൗഹാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: