ചക്കുളത്ത്കാവ്: ഭക്തിയുടെ നിറവില്‍ ആത്മസമര്‍പ്പണമായി ചക്കുളത്തമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍. ‘അമ്മേ നാരായണ’ മന്ത്രങ്ങള്‍ അലയടിച്ച ധന്യമുഹൂര്‍ത്തത്തില്‍ പൊങ്കാലക്കലങ്ങള്‍ തിളച്ചുതുളുമ്പി, ചക്കുളത്തമ്മയുടെ അനുഗ്രഹവര്‍ഷത്തില്‍ മനം നിറഞ്ഞു ഭക്തര്‍, മഴ മാറി നിന്നതോടെ ചടങ്ങുകള്‍ സുഗമമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ആയിരക്കണക്കിനു ഭക്തര്‍ ദിവസങ്ങള്‍ മുന്‍പ് തന്നെ ക്ഷേത്ര പരിസരത്തു പൊങ്കാലയടുപ്പുകള്‍ ഒരുക്കിയിരുന്നു.
അടുപ്പുകളുടെ നിര കിലോമീറ്ററുകള്‍ക്കപ്പുറം തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, മാന്നാര്‍, എടത്വ, കിടങ്ങറ എന്നിവിടങ്ങളിലേക്കു നീണ്ടു. എംസിറോഡിലും തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലും ചക്കുളത്തു കാവിന് സമീപത്തുള്ള ഗ്രാമീണ റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും യാഗശാലയായി.
സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന ചക്കുളത്ത്കാവില്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് വ്രതം നോറ്റ് ദേവി മന്ത്രങ്ങള്‍ ഉരുവിട്ട് പൊങ്കാല അര്‍പ്പിച്ചത് പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ തുടങ്ങി രാവില 10 ന്വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ശ്രീകോവിലെ കെടാവിളക്കില്‍ നിന്ന് കൊളുത്തിയ തിരിയില്‍ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. 11.30 ഓടെ പൊങ്കാല നിവേദ്യ ചടങ്ങുകള്‍ നടന്നു.
500 ല്‍ അധികം പൂജാരിമാരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ചു. തുടര്‍ന്ന് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.
ക്ഷേത്രത്തിലെത്തിയ ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 1000 ത്തോളം പോലീസുകാരെയും മൂവായിരത്തോളം വാളണ്ടിയര്‍മാരെയുമാണ് നിയോഗിച്ചിരുന്നത്. ഹരിത ചട്ടങ്ങള്‍ പാലിച്ചായിരുന്നു പൊങ്കാല. അഭീഷ്ടസിദ്ധിക്ക് ചക്കുളത്തമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് നിര്‍വൃതിയോടെയാണ് ഭക്തരുടെ മടക്കം. അടുത്ത വര്‍ഷവും പൊങ്കാലയ്ക്കെത്താമെന്ന പ്രതീക്ഷയാണ് ഭക്തര്‍ക്ക്.
കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി. തിന്മയ്ക്ക് മേല്‍ നന്മയുടെ ആധിപത്യം പുലര്‍ത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കല്‍ ചടങ്ങ് നടത്തുന്നത്. ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് കിഴക്കോട്ട് ദര്‍ശനമായി പീഠത്തില്‍ പ്രതിഷ്ഠിച്ച ശേഷമാണ് സ്തംഭം അഗ്നിക്ക് ഇരയാക്കുന്നത്. ദേവിക്ക് ഒരു വര്‍ഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, തണുങ്ങ്, പടക്കം എന്നിവ കവുങ്ങിന് തടിയില്‍ ചുറ്റിയാണ് കാര്‍ത്തിക സ്തംഭം ഒരുക്കിയത്. നിരവധി ഭക്തരുടെ സാന്നിദ്ധ്യത്തില്‍ സ്തംഭം കത്തിക്കല്‍ ചടങ്ങ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ് നിര്‍വഹിച്ചു.
കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപം തെളിച്ച സാംസ്കാരിക സമ്മേളനം കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷനായി. മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ഉണ്ണിക്യഷ്ണന് നമ്പൂതിരി കാര്‍ത്തിക സ്തംഭത്തില്‍ മംഗളാരതി സമര്‍പ്പണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: