തിരുവനന്തപുരം : തുടര്‍ച്ചയായി സര്‍വീസുകള്‍ മുടക്കുന്നുവെന്ന റോബിന് ബസ് അധികൃതരുടെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബസ് ഓടിക്കാന്‍ കോടതി അനുമതി നല്‍കുന്നില്ലെന്ന് പറഞ്ഞ് വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. വാഹന ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങട്ടെ. അപ്പോള്‍ പിന്നെ ആരും ചോദിക്കില്ലെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
നിയമലംഘനങ്ങള്‍ ഉണ്ടായതുകൊണ്ടാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തത്. ബസ് ഓടിക്കാന്‍ കോടതി അനുമതി നല്കിയാല് പിന്നെ ആരും ചോദിക്കില്ല. ഉടമ കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും മുന്‍ മന്ത്രി പറഞ്ഞു.
അതേസമയം തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിന് ബസ് ഉടമ ഇന്ന് കത്ത് നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് റോബിന് ബസ് ഉടമ ഗിരീഷ് കത്ത് നല്‍കുക. ഓഫീസ് അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് ആര്‍ടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നല്‍കുന്നത്. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് റോബിന് ബസ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: