കുറവവിലങ്ങാട്: കൃഷ്ണദേവിന് വയസ്സ് ഒന്‍പത്. കുറിച്ചിത്താനം ശ്രീകൃഷ്ണ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി. ഹരിശങ്കറിന് വയസ്സ് പത്ത്. ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസ്സുകാരന്. പഠനത്തോടൊപ്പം അനുഷ്ഠാന കലകളിലെ ബാലപാഠങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ഇരുവരും. കൃഷ്ണദേവ് ഇടയ്ക്കയിലും ചെണ്ടയിലും ഹരിശങ്കര്‍ ശംഖ് വിളി, മാലകെട്ട് എന്നിവയിലും മറ്റു ക്ഷേത്രകാര്യങ്ങളിലും.
മേളക്കാരനും കുറിച്ചിത്താനം പുതൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അടിയന്തരക്കുറുപ്പുമായ കലാപീഠം രതീഷിന്റെയും കുറവിലങ്ങാട്ട് സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സൗമ്യയുടേയും മകനാണ് കൃഷ്ണദേവ്. പൂതൃക്കോവിലിലെ അടിയന്തിരാവകാശികളായ കുറിച്ചിത്താനം കിഴക്കേടത്തു കുടുംബത്തിലെ കാരണവരും ഏറെക്കാലം അടിയന്തരക്കാരനും ആയിരുന്ന രാമക്കുറുപ്പിന്റെ മകളുടെ മകനാണ് രതീഷ്. അതിനാല്‍ത്തന്നെ കൃഷ്ണദേവിന് ഇത് പാരമ്പര്യമായിക്കിട്ടിയ വാസനയായിരിക്കാം.
പൂതൃക്കോവില്‍ ഭഗവാന്റെ സോപാനത്തിങ്കലായിരുന്നു ഇടയ്ക്ക അരങ്ങേറ്റം. ചെണ്ടമേളത്തിലും ഇടയ്ക്കയിലും, രാമപുരം ശ്രീകുമാര്‍ വാര്യര്‍ ആണ് ഗുരു. തായമ്പകയില്‍ കുറിച്ചിത്താനം അനൂപും.
കുറിച്ചിത്താനത്തിനടുത്ത് മണ്ണയ്ക്കനാട്ട് കാവില്‍ ഭഗവതി ക്ഷേത്രത്തിലേയും ചിറയില്‍ ഗണപതി ക്ഷേത്രത്തിലേയും കഴകം ജോലിക്കാനായ കീഴാശ്ശേരില് രാഹുലിന്റെയും അക്ഷയ സെന്റര്‍ ജീവനക്കാരിയായ രേഷ്മയുടേയും രണ്ടു മക്കളില്‍ മൂത്തയാളാണ് ഹരിശങ്കര്‍ എന്ന അപ്പു. പൂപറിക്കും, മാലകെട്ടും, വിളക്കുകള്‍ തെളിക്കും, കൗണ്ടറില്‍ രസീത് എഴുതും. പിന്നെ കണ്ടും അറിഞ്ഞും മറ്റു പലതിലും സഹായിക്കും. പുലര്‍കാലത്തും സന്ധ്യക്കും ക്ഷേത്രത്തില്‍ നിയമപ്രകാരമുള്ള ശംഖുവിളി പലപ്പോഴും സ്വയം ഏറ്റെടുത്തു നടത്തും. അവധിദിവസങ്ങളില്‍ നിവേദ്യശംഖും വിളിക്കും. അനുജന് കുഞ്ഞുണ്ണിയും ക്ഷേത്രകാര്യങ്ങളില്‍ ഉത്സാഹത്തോടെ അച്ഛനെ സഹായിക്കാനെത്തും. ഇവരുടെ ഉത്സാഹം ക്ഷേത്ര വളപ്പിലെ പ്രസരിപ്പിന്റെ മുഖമാണ്. കാവില്‍ വിശേഷദിവസങ്ങളിലെ കളമെഴുത്തുപാട്ടിനും മേളത്തിനും അച്ഛന് രതീഷിനൊപ്പം കൃഷ്ണദേവും എത്തുമ്പോഴാണ് കുസൃതിക്കുരുന്നുകളുടെ സംഗമം.
ഇന്നു നവംബര്‍ 20. കുട്ടികള്‍ക്കായുള്ള രാജ്യാന്തര ദിനം. എല്ലാക്കുട്ടികള്‍ക്കും, എല്ലാ അവകാശവും എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ വാങ്മുദ്ര. പഠിക്കാനും പഠ്യേതര മേഖലകളില്‍ തിളങ്ങാനുമുള്ള അവകാശം അവര്‍ ആവോളം ആസ്വദിക്കട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: