തിരുവനന്തപുരം: ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള സ്‌കീമുകളെക്കുറിച്ചും അവര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും സന്നദ്ധ സംഘടനകളും വ്യക്തികളും പഠിക്കണമെന്ന് കേരള സ്‌റ്റേറ്റ് ഡിഫറന്റലി ഏബിള്‍ഡ് വെല്‍ഫയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി. ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സക്ഷമ (സമദ്യഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ കേരളം)യുടെ 15-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം പട്ടം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഇടങ്ങളിലും ദിവ്യാംഗ സേവാ കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എന്‍.ആര്‍.മേനോന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എം. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ അദ്ധ്യക്ഷന്‍ ഗോവിന്ദ രാജ്, ദേശീയ വൈസ് പ്രസിഡന്റ് ഡോ.ആശ ഗോപാലകൃഷ്ണന്‍, സാമ്പത്തിക വിദഗ്ധര്‍ എം.ആര്‍.രജിത്ത് കാര്‍ത്തികേയന്‍, ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരക് വി. അനീഷ്, സി.സി.ഭാസ്‌കരന്‍, യു.സുരേഷ് കുമാര്‍, അനിത നായകം തുടങ്ങിയവര്‍ സംസാരിച്ചു.
ദിവ്യാംഗര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള പ്രമേയങ്ങളും സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുടങ്ങി കിടക്കുന്ന പെന്‍ഷന്‍, കുടിശിക നല്കുക, പെന്‍ഷന്‍ 3000 രൂപ ആയി വര്‍ദ്ധിപ്പിക്കുക. ദിവ്യാംഗര്‍ക്ക് നല്കുന്ന പെന്‍ഷന്‍ വ്യക്തിഗതമായതിനാല്‍ വ്യക്തിയുടെ വരുമാനം മാത്രം മാനദണ്ഡം ആക്കുക. ഒപിഉള്‍പ്പെടെ ഉള്ള ചികിത്സക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളിലും 4 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുക. വീടില്ലാത്ത എല്ലാ ദിവ്യാംഗര്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ഗുരുതര രോഗങ്ങള്‍ക്ക് അടിമപ്പെട്ട, രക്ഷിതാക്കളോ മറ്റ് പരസഹായങ്ങളോ ഇല്ലാത്ത ദിവ്യാംഗരുടെ തുടര്‍ ജീവനത്തിനായി സര്‍ക്കാര്‍ തലത്തില്‍ പുനരധിവാസകേന്ദ്രം ആരംഭിക്കുക, ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലും വിവിധ ലോക്കല്‍ ബോഡികളിലും ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ നോമിനേറ്റു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.

ഡോ. എന്‍. ആര്‍. മേനോന്‍ പ്രസിഡന്റ്,് ടി. എം. കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: സക്ഷമ പ്രസിഡന്റായി ഡോ. എന്‍. ആര്‍. മേനോനേയും ജനറല്‍ സെക്രട്ടറിയായി ടി. എം. കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. വി.വി.പ്രദീപ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇ.എന്‍.സൂരജ് (ഖജാന്‍ജി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 31 അംഗ സംസ്ഥാന സമിതിയെയും സംസാഥാനസമ്മേളനം തിരഞ്ഞെടുത്തു.











