ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാന്‍ ജനങ്ങളില്‍ നിന്ന് സഹായം തേടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി വാര്‍ഡ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ ഉച്ചഭക്ഷണ കമ്മിറ്റികള്‍ക്ക് പുറമെയാണ് ഇത്. സമിതി രൂപീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് സഹായം തേടാനാണ് നിര്‍ദേശം. സംരക്ഷണ സമിതികള്‍ 30ന് മുന്‍പ് രൂപീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്.
ഉച്ചഭക്ഷണം നല്‍കുന്നതിന്റെ ചുമതല നിലവില്‍ പ്രഥമാദ്ധ്യാപകര്‍ക്കാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ പല പ്രഥമാദ്ധ്യാപകരും ലക്ഷങ്ങളുടെ ബാധ്യതയിലാണ്. ഈ സാഹചര്യത്തില്‍ അദ്ധ്യാപകര്‍, പ്രഥമാദ്ധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം പോലും നിരസിക്കുന്ന അവസ്ഥയാണ്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സ്പെഷല്‍ സ്കൂള്‍ എന്നിവടങ്ങളിലെല്ലാം ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കണം. ഈ സമിതികള്‍ ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം.
വാര്‍ഡ് ജനപ്രതിനിധികള്‍, പ്രഥമാദ്ധ്യാപകര്‍ എന്നിവര്‍ രക്ഷാധികാരികളും പിടിഎ പ്രസിഡന്റ്, സീനിയര്‍ അസിസ്റ്റന്റ്/സീനിയര്‍ അദ്ധ്യാപകന്, എസ്എംസി ചെയര്മാന്, മദര്‍ പിടിഎ പ്രസിഡന്റ്. മാനേജര്‍, മാനേജരുടെ പ്രതിനിധി (എയ്ഡഡ് സ്കൂളുകള്‍ക്ക് മാത്രം ബാധകം) എന്നിവര്‍ അംഗങ്ങളുമായിരിക്കും. രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍ എന്നിവരില്‍ നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കഴിയുമോ എന്ന് ഉച്ചഭക്ഷണ സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇങ്ങനെ സ്വീകരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉച്ചഭക്ഷണം ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പ്രഥമാദ്ധ്യാപകന് തിരികെ നല്‍കണം.
സിഎസ്ആര്‍ ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കണം. നിലവില്‍ പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കിയിട്ടില്ലാത്ത സ്കൂളുകളില്‍ പിടിഎ ഫണ്ടില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നോ വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നോ സംഭാവനകള്‍/സ്പോണ്‍സര്‍ഷിപ്പ് എന്നിവ സ്വീകരിച്ച് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കാമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: