കോട്ടയം: സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ദല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ചിന്റെ വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് പ്രത്യക്ഷ സമരപരിപാടികള്‍ നടത്തും. പൂനെയില്‍ നടന്ന സംഘിന്റെ കേന്ദ്ര പ്രവര്‍ത്തക സമിതിയുടെ തീരുമാനമനുസരിച്ചാണ് സമരപരിപാടികള്‍ നടത്തുന്നത്.
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഡിഒടി എന്നിവയില്‍ നിന്ന് വിരമിച്ച നാലു ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യമായ പെന്‍ഷന്‍ അനുവദിക്കണമെന്നതായിരുന്നു സിഎടിയുടെ വിധി. 2017 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കേണ്ട വിധിയില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര ഗവ: ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്) യുടെ ഗുണഭോക്താക്കളായി പെന്‍ഷന്‍കാരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് സംഘടനയുടെ തീരുമാനം. സര്‍ക്കാറിന്റെ നിഷേധാത്മകമായ നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബറില്‍ പ്രകടനങ്ങള്‍, ധര്‍ണ്ണ, ഉപവാസം എന്നീ സമരപരിപാടികള്‍ നടത്തുമെന്ന് ദേശീയ നേതാക്കള്‍ പറഞ്ഞു.
ബിഎംഎസ് മഹാരാഷ്ട്രാ പ്രസിഡന്റ് അനില്‍ദുമ്‌നേ യോഗം ഉദ്ഘാടനം ചെയ്തു. വിരമിച്ച തൊഴിലാളികളുടെ യൂണിയന്‍ (ബിഎംഎസ്) ദേശീയ പ്രഭാരി അമര്‍ സിങ് സംഘാലാ, കേന്ദ്ര പ്രവര്‍ത്തകസമിതി അംഗം എസ്.വി.എസ്. സുബ്രഹ്മണ്യം, അഖിലേന്ത്യാ പ്രസിഡന്റ് വീരഭദ്ര റാവു, ബിടിഇയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍.സി. പാണ്ഡേ, ബിഡിപിഎസ് അഖിലേന്ത്യാ പ്രസിഡന്റ് കിഷോര്‍ വൈദ്യ, ജനറല്‍ സെക്രട്ടറി ഹരി സൗവാനി തുടങ്ങിയവര്‍ സംസാരിച്ചു. 20 സംസ്ഥാനങ്ങളിലെ പ്രവര്‍ത്തക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് പി.എം. ജോഷി പങ്കെടുത്തു.
















