തിരുവനന്തപുരം: പിന്‍വലിച്ച സബ്സിഡി പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടുക തന്നെ ചെയ്യും. സംസ്ഥാന റെഗുലേറ്ററി കമ്മിഷന് നിശ്ചയിച്ച നിരക്കിനെക്കാള്‍ നിരക്കു വര്‍ധിക്കുമെന്നാണ് സൂചന. സാധാരണ നികുതിയും കൂടി ചേര്‍ത്താണ് നിരക്കു നിശ്ചയിച്ചിരുന്നത്. ഇക്കുറി നിരക്ക് പ്രത്യേകം നിശ്ചയിക്കുകയും തീരുവ പ്രത്യേകം പിരിക്കാനുമാണ് ഉത്തരവ്. ഇങ്ങനെയാകുന്നതോടെ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചതിനു പുറമേ രണ്ടു ശതമാനം തീരുവയും വരും. മൊത്തം 22 ശതമാനം വര്‍ധന.
സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍, കെഎസ്ഇബി തീരുവ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംസ്ഥാന റെഗുലേറ്ററി കമ്മിഷന് അംഗീകരിച്ചു. നിഷ്പക്ഷമാണ് കമ്മിഷനെന്ന് പറയുന്നുണ്ടെങ്കിലും മുന്‍മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ബോര്‍ഡിലെ ഇടതുയൂണിയന്‍ നേതാക്കളും അംഗങ്ങളായുള്ള കമ്മിഷന്, സര്‍ക്കാര്‍ നിര്‍ദേശം അപ്പാടേ അംഗീകരിച്ചു.
സബ്സിഡി കുറയ്ക്കില്ലെന്നും ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുക കൊണ്ടു സബ്സിഡി നല്‍കുമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. എന്നാല്‍ ബജറ്റ് വിഹിതം നല്‍കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി.
450 കോടിയോളമാണ് ഒരു വര്‍ഷം വൈദ്യുതി സബ്സിഡിക്കു വേണ്ടത്. നിരക്കിന്റെ 10 ശതമാനം തീരുവ സര്‍ക്കാരിന് നല്‍കണം. ഇങ്ങനെ രണ്ടും ചേര്‍ത്ത് വര്‍ഷം 1000 കോടിയിലേറെ അധിക നികുതിയായി പിരിക്കുന്നുണ്ടെങ്കിലും ഇത് സര്‍ക്കാരിനു കൊടുക്കാറില്ല. ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കാണ് മാറ്റുന്നത്.
വൈദ്യുതിത്തീരുവ നല്‍കേണ്ടി വരുമ്പോള്‍ നിലവില്‍ 20 ശതമാനം വര്‍ധിപ്പിച്ചത് 22 ശതമാനമാകും. ഈ രണ്ടു ശതമാനം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വ്യക്തതയുണ്ടാകില്ല. ഒക്ടോബര്‍ 31ന് വൈദ്യുതിത്തീരുവ അവസാനിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതാണ് കാറ്റില്‍പ്പറത്തിയത്.
നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും വയോജന സദനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വര്‍ധനയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കുള്ള വൈദ്യുതിത്തീരുവ സംബന്ധിച്ചു മിണ്ടാട്ടമില്ല. അതായത് ഇനിയുള്ള ബില്ലില്‍ ഇക്കൂട്ടരും നിലവിലെ നിരക്കിനെക്കാള്‍ രണ്ടു ശതമാനം അധികം നല്‍കണം.
പെന്ഷന് മുടങ്ങും
വൈദ്യുതിത്തീരുവ പിരിച്ചെടുത്ത് പെന്ഷന് ഫണ്ടിലേക്കാണ് നല്‍കിയിരുന്നത്. ഇത് സര്‍ക്കാരിന് നല്‍കുന്നതോടെ പെന്ഷന് മുടങ്ങാം. കെഎസ്ഇബി കമ്പനിയാക്കിയതിനാല്‍ പെന്‍ഷനുള്ള തുക കമ്പനി തന്നെ കണ്ടെത്തണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് പെന്ഷന് നല്കാന് സാധിച്ചെന്നു വരില്ല. ഇതോടെ കെഎസ്ഇബി പെന്ഷന് കെഎസ്ആര്‍ടിസി പെന്ഷന് പോലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: