തിരുവനന്തപുരം: ഹിന്ദി ഔര്‍ മലയാളം മേം ട്രാന്സ്ജെന്റര് വിമര്‍ശ്’ എന്ന വിഷയത്തില്‍ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ ആരംഭിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഷയത്തില്‍ പഠന ഗവേഷണങ്ങള്‍ നടത്തുന്ന കവയത്രിയും ലേഖികയുമായ ഡോക്ടര്‍ ലത അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു.
മനുഷ്യജാതിയുടെ വൈവിധ്യങ്ങള്‍ വ്യക്തമാക്കി സ്ത്രീ പുരുഷ കിന്നര സമുദായങ്ങളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ഡോ ലത അഗര്‍വാള്‍ സംസാരിച്ചു. യക്ഷഗന്ധര്വ്വകിന്നരന്മാരെയൊക്കെ ദേവതകളുടെ പ്രതിനിധികളായി അഥവാ ഉപദൈവങ്ങളായാണ് നാം കണ്ടിരുന്നത്. സമൂഹത്തില്‍ മാറ്റി നിര്‍ത്തേണ്ടവരായി ആരുമില്ല. എന്നാല്‍ അവരെ സമൂഹം എങ്ങനെ മനസിലാക്കുന്നു എന്നതിലാണ് പ്രസക്തി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോളേജ് പ്രിന്‍സിപ്പല്‍ അമല വി കെ അധ്യക്ഷയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ കവയത്രിയും കേരള സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമലിക അതിഥിയായി. മലയിന്‍കീഴ് ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ സുമ ജി എസ്, നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഷീലാകുമാരി എല്‍ എന്നിവരെ ആദരിച്ചു. എല്‍ ആര് ജയശ്രീ, ഹരിനാരായണന്, കുമാരി സായൂജ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സെമിനാര്‍ കോഡിനേറ്ററും ഹിന്ദി വിഭാഗം മേധാവിയുമായ ഷെര്‍ലിന്‍ സ്വാഗതവും ന്യായവിഭാഗം അധ്യാപിക ഡോ. ലക്ഷ്മി വിജയന് വി ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: