കൊച്ചി: തീരപ്രദേശത്തുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനസമക്ഷം എത്തിക്കുന്നതിനായി ബിജെപി ഇന്ന് എറണാകുളത്തു സംഘടിപ്പിക്കുന്ന തീരദേശയാത്ര മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍. നവംബര്‍ ഒന്നിനു തൃശ്ശൂരില്‍ തീരദേശയാത്ര നടത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും തീരദേശയാത്ര നടത്തുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി കൊണ്ടുവന്ന പദ്ധതികളൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന. ഈ പദ്ധതി പ്രകാരം, മഴക്കാലത്ത് കടലില്‍ പോകാന്‍ പറ്റാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പോഷകാഹാരവും ജീവിതമാര്‍ഗവും ഉറപ്പാക്കുന്നു. കേന്ദ്രത്തിന്റെ ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കുന്നില്ല. മഴക്കാലത്ത് സംസ്ഥാനം നല്കുന്നത് കിറ്റ് മാത്രമാണ്.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സമഗ്രമായ ഉപയോഗത്തിലൂടെ മത്സ്യ ഉത്പാദനം, സംസ്‌കരണം, വിപണനം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിഭാവനം ചെയ്തിട്ടുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ തീരദേശ പരിപാലന നിയമം 2019ല്‍ പാസാക്കി അഞ്ച് വര്‍ഷമായിട്ടും സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിച്ച് നടപ്പാക്കാനും ശ്രമിച്ചിട്ടില്ല. കായലുകളില്‍ അടിഞ്ഞുകിടക്കുന്ന എക്കല്‍ നീക്കാനുള്ള ഒരു സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, എറണാകുളം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് പി.എസ്. സ്വരാജ്, വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് എം.എന്‍. വേദരാജ്, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കെ. വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















