ന്യൂദല്‍ഹി: ലോക് സഭയില്‍ അദാനിയ്ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായിയായ ദര്ശന് ഹീരനന്ദാനിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണം ലോക് സഭാ സ്പീക്കര്‍ സദാചാരകമ്മിറ്റിയ്ക്ക് വിട്ടു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണം വേണമെന്നും അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ പാര്‍ലമെന്റില്‍ നിന്നും അവരെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ലോക് സഭാ സപീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയത്.
വ്യവസായിയായ ദര്ശന് ഹീരനന്ദാനിയില്‍ നിന്നും രണ്ടു കോടി രൂപയും ആപ്പിള്‍ ഐഫോണും മഹുവ മൊയ്ത്ര വാങ്ങിയെന്നാണ് ആരോപണം. ഇത് അവകാശലംഘനമാണെന്നും നിഷികാന്ത് ദുബെ ആരോപിക്കുന്നു. ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹദ്റായി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ലോക് സഭാ വെബ് സൈറ്റിന്റെ ലോഗിന്‍ വിവരങ്ങള്‍ മഹുവ മൊയ്ത്ര ദര്ശന് ഹീരാനന്ദാനിക്ക് നല്‍കിയതായും പരാതിയുണ്ട്. സര്‍ക്കാര്‍ വെബ് സൈറ്റില്‍ കയറാനുള്ള ലോഗിന്‍ വിവരങ്ങള്‍ ഒരു വ്യവസായ ഗ്രൂപ്പിന് നല്‍കുന്നത് അപകടകരമാണ്. കാരണം ഒട്ടേറെ രഹസ്യമാക്കിവെയ്ക്കേണ്ട വിവരങ്ങള്‍ (ക്ലാസിഫൈഡ് ഇന്‍ഫര്‍മേഷന്‍) അടങ്ങിയ ഒന്നാണ് പാര്‍ലമെന്റ് വെബ്സൈറ്റ് അതില്‍ പ്രവേശിക്കാനുള്ള ലോഗിന്‍ വിവരങ്ങളാണ് മഹുവ മൊയ്ത്രയ്ക്ക് നല്‍കിയിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറിനും നിഷികാന്ത് ദുബെ പ്രത്യേകം പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: