വണ്ടന്മേട്: വൈദ്യുതിയുടെ രൂപത്തില്‍ വിധി ദുരന്തമായി എത്തിയപ്പോള്‍ മലയോര ഗ്രാമത്തിന് നഷ്ടമായത് അച്ഛനേയും രണ്ട് മക്കളേയും. ഉച്ചയ്ക്ക് ശേഷം പെയ്ത കനത്തമഴ മാറിയെങ്കിലും നാട്ടുകാരുടെയും ബന്ധുക്കളുയേടും കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞൊഴുകയാണ്.
യുവാക്കള്‍ ജോലി തേടി വിദേശത്തേക്ക് പായുമ്പോള്‍ അച്ഛന് കാണിച്ചുതന്ന കാര്‍ഷിക പാതയിലൂടെ വിജയം കൊയ്ത മികച്ച രണ്ട് യുവകര്‍ഷകരെയാണ് നാടിന് നഷ്ടമായത്. രാജാക്കണ്ടം നായരുസിറ്റി ചെമ്പകശ്ശേരി കനകാധരന്(57), മക്കളായ വിഷ്ണു(31), വിനീത്(27) എന്നിവരാണ് മരിച്ചത്.
വീടിന് സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് അപകടകാരണം. ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയില്‍ പാടത്ത് വെള്ളം കയറിയിരുന്നു. പുല്ലുചെത്തുന്നതിനായി പാടത്തേക്ക് ഇറങ്ങിയ കനകാധരനെ കാണാതായതിനെ തുടര്‍ന്ന് വിനോദും വിഷ്ണുവും തിരഞ്ഞു പോവുകയും അപകടത്തില്‍ പെടുകയുമായിരുന്നു എന്നാണ് നിഗമനം. പശുവിനെ കറക്കാന്‍ നേരമായിട്ടും കാണാത്തതിനാല്‍ കനകന്റെ ഭാര്യ ഓമന അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഭര്‍ത്താവിനെയും മക്കളെയും വയലില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്
വളരെ സൗമ്യ സ്വഭാവക്കാരായ വിഷ്ണവും വിനോദും നാട്ടിലെ ഏത് ആവശ്യത്തിനും ഓടിയെത്തുന്നവര്‍ ആയിരുന്നു. നായര്‍ സിറ്റിയിലെ അറിയപ്പെടുന്ന കര്‍ഷക കുടുംബമാണ് ചെമ്പകശ്ശേരി കനകന്റേത്. വിദ്യാഭ്യാസത്തിനുശേഷം മറ്റു വഴികളിലേക്ക് തിരിയാതെ ഇവരുടെ സ്വന്തമായുള്ള നാലേക്കര്‍ ഭൂമിയില്‍ ഏലം കപ്പ പയര്‍ ഇഞ്ചി പച്ചക്കറികള്‍ എന്നിവ വളര്ന്നുനില്ക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാം ഇവരുടെ കാര്‍ഷിക രംഗത്തെ പ്രാവിണ്യം. കൃഷിക്കൊപ്പം തന്നെ പാടത്ത് നെല്‍കൃഷിയും ഉണ്ട്.
വര്‍ഷങ്ങളായി ഇവരുടെ കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈന്‍ ഇവരുടെ അന്തകനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സമീപപ്രദേശങ്ങളിലേക്ക് പോകുന്ന 11 കെവി ലൈനും ഇവരുടെ വീട്ടിലേക്കുള്ള എല്‍ടി ലൈനും ഒരേ പോസ്റ്റിലൂടെയാണ് കൃഷിയിടത്തിലൂടെ കടന്നു പോയിരുന്നത്. പ്രദേശത്ത് ഉച്ചക്ക് ശേഷം രണ്ടു മണിക്കൂറോളം ശക്തമായ മഴ ഉണ്ടായിരുന്നു. ഈ മഴയില്‍ ഇവരുടെ തന്നെ പറമ്പില്‍ നിന്നും ഒടിഞ്ഞുവീണ മരത്തിന്റെ ശിഖരം വീണ് എല്‍ടി ലൈന്‍ പൊട്ടി വീണങ്കിലും 11 കെ വി ലൈനിന് ഒന്നും സംഭവിക്കാത്തത് കൊണ്ടാണ് വൈദ്യുത ബന്ധം നഷ്ടപ്പെടാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: