തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയുമാണ് കലൂര്‍ പി എം എല്‍ എ കോടതി റിമാന്‍ഡ് ചെയ്തത്.
പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. ഇഡി ആറ് ശബ്ദരേഖ കേള്‍പ്പിച്ചതെന്നും എന്നാല്‍ 13 എണ്ണത്തില്‍ ഒപ്പിടീച്ചെന്നും അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു.അതേസമയം ശബ്ദം തന്റേതെന്ന് അരവിന്ദാക്ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.
പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് കോടതി 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് പി ആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും കോടതിയില്‍ ഹാജരാക്കിയത്.
















