പ്രയാഗ് രാജ്: ഇന്ത്യന്‍ വ്യോമസേനയുടെ 91-ാം വാര്‍ഷികം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രയാഗ്രാജിലെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ ബംറൗലിയില്‍ പരേഡ് നടന്നു. പരേഡിന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി , സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ എന്നിവര്‍ സാക്ഷ്യം വഹിച്ചു.സെന്‍ട്രല്‍ വ്യോമ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍, എയര്‍ മാര്‍ഷല്‍, ആര്‍ജികെ കപൂര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യോമ സേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തു. പഴയ പതാക താഴ്‌ത്തി പൂര്‍ണ ബഹുമതികളോടെ വ്യോമസേനാ മേധാവിക്ക് കൈമാറി. ഇനി ഇത് വ്യോമസേന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.16 സ്‌ക്വാഡ്രണ്‍, 142 ഹെലികോപ്റ്റര്‍ യൂണിറ്റ്, 901 സിഗ്‌നല്‍ യൂണിറ്റ്, 3 ബേസ് റിപ്പയര്‍ ഡിപ്പോ എന്നിങ്ങനെ നാല് വ്യോമസേന യൂണിറ്റുകള്‍ക്ക് സേവനത്തിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ബഹുമതികള്‍ നല്‍കി.
വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമശക്തിയുടെ വൈവിധ്യങ്ങ ള്‍ നാം മനസിലാക്കേണ്ടതുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച വ്യോമസേന മേധാവി വി ആര്‍ ചൗധരി പറഞ്ഞു. സമാധാനം കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ യുദ്ധം ചെയ്യാനും വിജയിക്കാനും കഴിയണം.ഉയര്‍ന്നുവരുന്ന ഭീഷണികളോടും വെല്ലുവിളികളോടും എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ നമ്മെ പ്രാപ്തരാക്കുന്ന നവീകരണം നമ്മുടെ ഡിഎന്‍എയുടെ ഭാഗമായി മാറണം.
ഈ വര്‍ഷത്തെ വ്യോമസേനാ ദിനത്തിന്റെ പ്രമേയം വ്യോമസേന- അതിര്‍ത്തികളില്ലാതെ വ്യോമശക്തി എന്നതാണ്. ഈ വര്‍ഷം, ഇന്ത്യന്‍ വ്യോമസേന സൗഹൃദ വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് എട്ട് അഭ്യാസങ്ങള്‍ നടത്തി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ചെറു യുദ്ധ വിമാനവും വിദേശ അഭ്യാസത്തില്‍ പങ്കെടുത്തു. അഗ്നിവീറുകളുടെ ആദ്യ ബാച്ചിനെ വ്യോമസേന ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള വനിതാ അഗ്‌നിവീറുകള്‍ ഉള്‍പ്പെടെയുള്ള ബാച്ചുകള്‍ ഇപ്പോള്‍ പരിശീലനത്തിലാണെന്നും വ്യോമസേന മേധാവി പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥ ക്യാപ്റ്റന്‍ ഷാലിസ ധാമിയുടെ നേതൃത്വത്തിലുളള ആദ്യ വ്യോമസേന ദിന പരേഡാണിത്. പരേഡില്‍ പുതുതായി ഉള്‍പ്പെടുത്തിയ അഗ്‌നിവീര്‍ വായു വനിതകള്‍ അടങ്ങുന്ന ഒരു മുഴുവന്‍ സ്ത്രീ സംഘവും ഉണ്ടായിരുന്നു.
പരേഡ് വ്യോമസേനയുടെ കഴിവുകളും രാഷ്‌ട്രത്തെ പ്രതിരോധിക്കാനുള്ള പ്രതിബദ്ധതയും പ്രകടമാക്കി. സ്‌കൈ പാരാ ജമ്പര്‍മാര്‍ മികച്ച അഭ്യാസങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ ആവേശം നിറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: