ന്യൂദല്‍ഹി: ഭാരതവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ദല്‍ഹിയിലെ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് 86 കോടി രൂപ ലഭിച്ചുവെന്ന് ആദ്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്ക് ടൈംസാണ്. ആഗസ്ത് ആദ്യമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇത് ഉടന്‍ തന്നെ ഭാരതത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ( ജന്മഭൂമി ആഗസ്ത് എട്ടിന് ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട്ചെയ്തിരുന്നു.)
ഭാരത വിരുദ്ധ പ്രചാരണത്തിന് ചൈനയില്‍ നിന്ന് യുഎസ് കോടീശ്വരന് നെവില്‍ റോയി സിംഘാം വഴി ഭാരതത്തിലെ ചില മാധ്യമങ്ങള്‍ കോടികള്‍ കൈപ്പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനു മുന്‍പുതന്നെ ഇഡിയും ഇക്കാര്യം അന്വേഷിച്ചു തുടങ്ങിയിരുന്നു.
ന്യൂസ് കഌക്ക് എന്ന രാജ്യവിരുദ്ധ, പോര്‍ട്ടല്‍ നടത്തുന്ന കമ്പനിയിലേക്കാണ് പണം എത്തിയത്.
2018 മാര്‍ച്ചു മുതല്‍ 2021 സപ്തംബര്‍ വരെയായി, ന്യൂസ് കഌക്കിന് അമേരിക്കയിലെ നെവില്‍ റോയി സിംഘാമിന്റെ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടില്‍ നിന്ന് 76.84 കോടി രൂപയും ദ ട്രൈകോണ്ടിനെന്റല് ലിമിറ്റഡില്‍ നിന്ന് 1.61 കോടി രൂപയും ജിസ്പാന്‍ എല്‍എല്‍സിയില്‍ നിന്ന് 26.98 ലക്ഷം രൂപയും സെന്‍ട്രോ പോപ്പുലര്‍ ഡി മിദാസില്‍ നിന്ന് ( ബ്രസീല്‍) 2.03 ലക്ഷം രൂപയും ലഭിച്ചതായി ഇഡി കണ്ടെത്തി. ചില സേവനങ്ങള്‍ക്ക് പണം വാങ്ങിയെന്നാണ് രേഖകളില്‍. എന്നാല്‍ എന്ത് സേവനമാണ് നല്‍കിയതെന്ന് രേഖകളിലില്ല.
ഇതിനു പുറമേ 2018 ഏപ്രിലില്‍ പിപികെ ന്യൂസ് കഌക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡില്‍ 9.59 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തി. യുഎസിലെ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്ങ്സ് എല്‍എല്‍സി എന്ന സ്ഥാപനം പണം നിക്ഷേപിച്ച ശേഷം പൂട്ടി. നെവില്‍ റോയി സിംഘാമിന്റെ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടാണ് ഈ കമ്പനി വഴി ന്യൂസ് കഌക്കില്‍ പണം നിക്ഷേപിച്ചതെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. ന്യൂസ് കഌക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പുര്‍കായസ്ഥ നെവിലിന്റെ അടുത്ത സുഹൃത്താണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം ഇഡി ന്യൂസ് കഌക്ക് അടച്ചു പൂട്ടി പുര്‍കായസ്ഥയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. പുര്‍കായസ്ഥയും സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവില്‍ റോയിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: