ചെങ്ങന്നൂര്‍: പ്രാരാബ്ദങ്ങളുടെ കുത്തൊഴുക്കിനിടയിലും തളരാതെ ജീവിതം പൊതുപ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവച്ച മനുഷ്യസ്നേഹിയായിരുന്നു ഇന്നലെ അന്തരിച്ച ടി. ഗോപി. പ്രളയകാലത്ത് ആ സ്നേഹവും ആര്‍ജവവും അടുത്തറിയാത്ത ആരും തിരുവന്‍വണ്ടൂരില്‍ ഇല്ലെന്ന് തന്നെ പറയാം.
തിരുവന്‍വണ്ടൂര്‍ തോണ്ടറപ്പടിയില്‍ പരേതനായ തങ്കപ്പന്റേയും ഭാരതിയമ്മയുടെയും മകനായ ഗോപി സാധാരണക്കാരുടെ അത്താണിയായിരുന്നു. തിരുവന്‍വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. മുഖ്യശിക്ഷക്, മണ്ഡല് ശാരീരിക് പ്രമുഖ്, സേവാപ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു. തിരുവന്‍വണ്ടൂര്‍ മഹാക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയായിരുന്നു. സാമുദായിക പ്രവര്‍ത്തനത്തില്‍ കെപിഎംഎസിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. നിലവില്‍ തിരുവന്‍വണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റാണ്.
ഉമയാറ്റുകര സര്‍വ്വീസ് സഹകരണബാങ്ക് മുന്‍ ഭരണസമിതി അംഗം, 2015-2020ല്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം. 2020ല്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷനില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി 1500ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചാണ് ബ്ലോക്ക് മെമ്പറായത്. സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഗോപി.
സുനാമി മഹാദുരന്തത്തില്‍ വലിയഴീക്കല്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മാതൃകാപരമായ നേതൃത്വം നല്കി. 2018ലെ പ്രളയത്തിലും, കൊവിഡ് മഹാമാരിക്കാലത്തും തിരുവന്‍വണ്ടൂരിന്റെ ഗ്രാമപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വസ്മരിക്കാനാവില്ല. കരള്‍രോഗത്തെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി, എറണാകുളം അമൃത ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു.
ഒടുവില്‍ പോണ്ടിച്ചേരി ജിപ്മെര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നപ്പോഴാണ് മരണം സംഭവിക്കുന്നത്. വൃദ്ധയായ മാതാവ് ഭാരതിയമ്മയും ഭാര്യ സുചന്യയും അഭിമന്യു, അഹല്യ, അദൈ്വത് എന്നീ മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് പൊലിഞ്ഞത്. ഓട്ടോറിക്ഷ ഓടിച്ചാണ് ഗോപി കുടുംബം പുലര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിലാണ് സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: