കൊച്ചി: ഒരാഴ്ചയിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തിന് ഇന്നിറങ്ങുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്സിയാണ് എതിരാളികള്‍.
ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് 2-1ന് ജയിച്ചതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയം നിറഞ്ഞുകവിയുന്ന മഞ്ഞപ്പടയുടെ ആരവം ഇന്നും സ്റ്റേഡിയത്തില്‍ ഇടിമുഴക്കമായി പെയ്തിറങ്ങുമ്പോള്‍ മറ്റൊരു വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. 3 പോയിന്റുമായി അഞ്ചാം പടിയിലാണ് ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനിലയില്‍ കുരുങ്ങി ജംഷഡ്പൂര്‍ എഫ്സി ഏഴാം സ്ഥാനത്തും. ഇതുവരെ 14 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. പകുതി മത്സരങ്ങളും സമനിലയിലായി. വിജയക്കണക്കില്‍ ബ്ലാസ്റ്റേഴ്സിനാണ് മുന്‍തൂക്കം. നാല് കളികള്‍ ജയിച്ചു. മൂന്ന് മത്സരങ്ങള്‍ ജംഷഡ്പൂര്‍ ജയിച്ചു.
ഇന്നത്തെ ഇലവനില്‍ ബെംഗളൂരുവിനെതിരെ ഇറക്കിയ അതേ ടീമിനെ തന്നെയാവും ബ്ലാസ്റ്റേഴ്സ് ഇന്നും മൈതാനത്തിറക്കുക. പരിക്ക് മാറി പരിശീലനം പുനരാരംഭിച്ച ദിമിത്രിയോസ് ഡയമന്റകോസ് തിരിച്ചെത്തിയാല്‍ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പാണ്. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ കെ.പി. രാഹുലും ബ്രെയ്സ് മിറാന്‍ഡയും തിരിച്ചെത്തിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഇഷാന് പണ്ഡിത, സൗരവ് മൊണ്ഡല്‍ എന്നിവരുടെ പരിക്ക് ഇതുവരെ ഭേദമായില്ലെന്ന സൂചനയും ടീം ക്യാമ്പ് നല്കുന്നു. ഗോള്‍കീപ്പര്‍ സച്ചിന് സുരേഷ് ബെംഗളൂരു എഫ്സിക്കെതിരെ നാല് സേവുകള്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിരുന്നു. ജംഷഡ്പൂരിന്റെ ബ്രസീലിയന്‍ പ്രതിരോധ താരം എല്സീഞ്ഞോ ആയിരിക്കും ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരക്ക് കൂടുതല്‍ തടസം സൃഷ്ടിക്കുക.
എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി കൊച്ചിയില്‍ പെയ്യുന്ന കനത്ത മഴ കളിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കനത്ത മഴയാണെങ്കില്‍ സ്റ്റേഡിയം നിറഞ്ഞുകവിയുമോ എന്ന ആശങ്കയാണ് ബ്ലാസ്റ്റേഴ്സിന്. ഇന്നും നഗരത്തില്‍ കനത്ത മഴ സാധ്യതയാണ് പ്രവചനം. ‘മഴ ഞങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് കരുതുന്നു. ടീം നന്നായി പരിശീലിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം’-ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവെന്‍ പറഞ്ഞു.
‘ശക്തമായ മഴ കളിസാഹചര്യങ്ങളെ ബാധിക്കാമെന്നും, അത് എവേ ടീമിനായിരിക്കും ആനുകൂല്യം നല്‍കുകയെന്നും ജംഷഡ്പൂര്‍ എഫ്സിയുടെ ഇടക്കാല പരിശീലകന് സ്കോട്ട് കൂപ്പര്‍ പറയുന്നു. ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്ന ആരാധകര്‍ അതിശയകരമാണ്. ആരാധകരാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലെ ആരാധകരുടെ പിന്തുണയുള്ള ടീമിനെതിരെ കളിക്കുമ്പോള്‍, കണ്ണുകള്‍ തുറന്ന് കളിക്കുക തന്നെ വേണം’, കൂപ്പര്‍ പറഞ്ഞു. ജംഷഡ്പൂര്‍ നിരയില്‍ പരിക്കേറ്റ രണ്ടു താരങ്ങളില്‍ ഒരാളായ മിഡ്ഫീല്‍ഡര്‍ റിത്വിക് ദാസ് ഉടന്‍ തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച കോച്ച്, പരിക്കേറ്റ പീറ്റര്‍ സ്ലിസ്കോവിച്ചിന് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: