കൊച്ചി: ഏഴുപതിറ്റാണ്ടായി ചിരിവരയിലൂടെയും ഹാസ്യം തുളുമ്പുന്ന എഴുത്തിലൂടെയും മലയാളത്തിന് ചിരിയും ചിന്തയും സമ്മാനിച്ച കാർട്ടൂണിസ്‌റ്റ് സുകുമാർ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ കാക്കനാടുള്ള വീട്ടിൽ വൈകുന്നേരം 7.13നായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് ജനനം. 1950ൽ വികടനില്‍ കാർട്ടൂൺ പ്രസിദ്ധീകരിച്ചാണ് തുടക്കം. 1957ൽ പൊലീസ് വകുപ്പിൽ ജോലി കിട്ടി. സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം മുഴുവൻസമയ ഹാസ്യ കഥാകാരനും കാര്‍ട്ടൂണിസ്റ്റുമായി. ഏഴുതുന്നതോടൊപ്പം സ്റ്റേജില്‍ ഹാസ്യം പറയലും ഹോബിയായി. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസ്യഗ്രന്ഥങ്ങൾ സുകുമാറിന്‍റേതായുണ്ട്.
നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനേതാവാണ്. ഹാസ്യമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രി. മകൾ: സുമംഗല.












