തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിശദാംശങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ‘അവതാരങ്ങളെ സൂക്ഷിക്കണം: അഴിമതി വച്ചുപൊറുപ്പിക്കില്ല’ എന്ന് ഉഗ്രശപഥം ചെയ്ത പിണറായി വിജയന്റെ പാര്‍ട്ടിയിലും സര്‍ക്കാരിലും അവതാരങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. അവതാരങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിഴുങ്ങിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും തോഴി സ്വപ്നാസുരേഷും സി.എം. രവീന്ദ്രനും ആദ്യഅവതാരങ്ങളായിരുന്നു. സ്വര്‍ണക്കടത്തും ഡോളര്‍കടത്തും ലൈഫ്മിഷന് കോഴ ഇടപാടും മുഖ്യമന്ത്രിയുടെ ഓഫീസിലും പേഴ്സണല്‍ സ്റ്റാഫിലും കടന്നുകയറിയ അവതാരങ്ങളുടെ കരവിരുതായി.
സിഎംആര്‍എല്ലില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തിനുള്ളിലും അവതാരമായി. പി.വി എന്ന പേര് പിണറായി വിജയനാണെന്ന ആദായനികുതിവകുപ്പിന്റെ കുറിപ്പ് പുറത്തായതോടെ യഥാര്‍ത്ഥ അവതാരമാരെന്ന ചോദ്യവുമുയര്‍ന്നു.
സഹകരണ അഴിമതിയില്‍ ഇ ഡി ചോദ്യംചെയ്യല്‍ ആരംഭിച്ചതോടെ അരവിന്ദാക്ഷനും എം.കെ. കണ്ണനും എ.സി. മൊയ്തീനുമൊക്ക അവതാരങ്ങളായി. വീണാ ജോര്‍ജിന്റെ പിഎ അഖില്മാത്യുവും ഇടനിലക്കാരന് സിഐടിയു പത്തനംതിട്ട ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി അഖില്‍ സജീവുമാണ് പുതിയ അവതാരങ്ങള്‍.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അനുമതി തേടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡി.ആര്. അനില്‍ അയച്ച കത്ത് പുറത്തുവന്നത് വിവാദമായിരുന്നു.
പിഎസ്സി അംഗങ്ങളുടെ നിയമനങ്ങള്‍ക്കു പിന്നിലും അവതാരങ്ങളുണ്ട്. ജൂലൈ അഞ്ചിന് നടന്ന മന്ത്രിസഭായോഗം ഡോ. ജോസ് ജി. ഡിക്രൂസ്, അഡ്വ. എച്ച്.ജോഷ് എന്നിവരെ പിഎസ്സി അംഗങ്ങളായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശകള്‍ വിശദമായി അന്വേഷിക്കണമെന്ന് ഗവര്‍ണറുടെ മുന്നില്‍ പരാതിയെത്തി.
കഴക്കൂട്ടം സ്വദേശി രമ്യയെ പിഎസ്സി അംഗമാക്കിയതിന് എന്‍സിപി നേതാവ് പി.സി. ചാക്കോ 55 ലക്ഷവും എന്‍സിപി സംസ്ഥാന സെക്രട്ടറി 60 ലക്ഷവും കൈപ്പറ്റിയതായും ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കാട്ടി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മുന്നില്‍ പരാതി എത്തിയിട്ടുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് സ്റ്റാഫായിരുന്ന അവതാരം ഇതില്‍ പ്രതിക്കൂട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: