മലയാള സിനിമയിലെ പാഠപുസ്തകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘യവനിക’ രണ്ടാമതു ഷൂട്ട് ചെയ്തതാണ്. ആദ്യ ‘യവനിക’ രണ്ടു മാസത്തോളം എറണാകുളം കുമ്പളങ്ങിയിലും മറ്റും ഷൂട്ട് ചെയ്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. അഭിനേതാക്കള്‍ ശരിയായില്ല എന്ന തോന്നലായിരുന്നു പ്രധാന കാരണമെന്ന് സംവിധായകന് കെ.ജി. ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ഒരു നടന് മാത്രമേ രണ്ട് യവനികയിലും ഉണ്ടായുള്ളൂ – ഭരത് ഗോപി.
”യവനികയില്‍ അഭിനയിപ്പിച്ചാല്‍ കൊള്ളാമായിരുന്നു എന്ന് തിരക്കഥയായപ്പോഴേ തോന്നിപ്പിച്ച നടനായിരുന്നു ഗോപി.” ജോര്‍ജ് പറഞ്ഞു. തബല പഠിച്ചാല്‍ കൊള്ളാമെന്ന് സെറ്റില്‍ ഗോപി പറയുമായിരുന്നു. പിന്നീട് തബലയില്‍ പരിശീലനം നേടിയിട്ടാണ് തബലിസ്റ്റ് അയ്യപ്പനെ ഗോപി അവതരിപ്പിച്ചത്. അന്നുതന്നെ നെടുമുടി വേണു പ്രശസ്തനായിരുന്നു. അതിനാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലവും അദ്ദേഹത്തിനായിരുന്നു.
നാടക നടനായ തിലകനെ കെ.ജി. ജോര്‍ജിന് നേരത്തേ അറിയാമായിരുന്നു. ചങ്ങനാശേരി ഗീഥയുടെ ചാച്ചപ്പന്റെ ചില മാനറിസങ്ങളാണ് തിലകന്റെ കഥാപാത്രത്തിനു ജോര്‍ജ് നല്‍കിയത്. പോലീസ് ഓഫിസറുടെ യൂണിഫോമില്‍ മമ്മൂട്ടി മിന്നുമെന്ന് തെളിയിച്ച വേഷമായിരുന്നു ഇതിലേത്. മമ്മൂട്ടി എന്ന നടന്റെ വൈഭവം വേണ്ട രീതിയില്‍ പുറത്തെടുത്ത കഥാപാത്രങ്ങളെ നല്കിയ സംവിധായകനാണ് കെ.ജി. ജോര്‍ജ്. മമ്മൂട്ടി ഒരു പിന്നണി ഗാനത്തിനായി ചുണ്ട് ചലിപ്പിച്ചതും ജോര്‍ജിന്റെ ചിത്രത്തിലാണ്. മേളയിലെ മനസ്സൊരു മാന്ത്രിക കുതിരയായി പായുന്നു… എന്ന ഗാനം. എം.ബി. ശ്രീനിവാസന്റെ സംഗീതവും.
വേണു നാഗവള്ളിയായിരുന്നു യവനികയില്‍ ജലജ അതരിപ്പിച്ച നായികയുടെ കാമുകന്. പ്രധാന റോളാണ്. എന്തുകൊണ്ട് ആ റോളില്‍ വേണു നാഗവള്ളി? ”വേണുവിന് ചിന്തകന്റെ മട്ടുണ്ട്”. കെ.ജി.ജോര്‍ജിന്റെ മറുപടി ഇങ്ങനെയായിരുന്നു. മലയാള സിനിമയിലെ നിരാശാകാമുകന്റെ പ്രതീകമായി മാറി പിന്നെ വേണു നാഗവള്ളി.
‘സ്വപ്നാടനം’ എന്ന ആദ്യ സിനിമയില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് സിനിമയിലിട്ടിട്ട് പിന്നെ കട്ട് ചെയ്തു കളഞ്ഞ സംവിധായകനാണ് കെ.ജി.ജോര്‍ജ്. ”സിനിമയ്ക്ക് പാട്ടു വേണ്ട എന്ന പക്ഷമായിരുന്നു അന്ന്”. യവനികയ്ക്ക് ‘ബലികുടീരങ്ങളേ’ പോലൊരു പാട്ട് വേണമെന്നു പറഞ്ഞപ്പോഴാണ് ‘ഭരതമുനിയൊരു കളം വരച്ചു’ എന്ന ഗാനം ഒഎന്‍വി എഴുതിയത്.
”കെ.എസ്. സുലോചനയെ അനുകരിച്ചാണ് അതില്‍ പാടിയതെന്നു’ എന്ന് ഗായികയും കെ.ജി.ജോര്‍ജിന്റെ ഭാര്യയുമായ സെല്‍മ ജോര്‍ജ് പറയുന്നു. സിനിമയില്‍ സെല്‍മയുടെ സഹോദരന് മോഹന്‍ ജോസും അഭിനയിച്ചിട്ടുണ്ട്. നാടകത്തിനു തൊട്ടു മുന്‍പ് തിലകന് മദ്യം നല്കുന്ന നാടകവണ്ടിയുടെ കിളിയായ കഥാപാത്രമായി. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ തബല ഉപയോഗിക്കാത്ത അപൂര്‍വം ഗാനങ്ങളിലൊന്നാണ് ഭരതമുനി…. എം.ബി. ശ്രീനിവാസനായിരുന്നു മ്യൂസിക് ഡയറക്ടര്‍.
ഷൂട്ടിങ്ങിനു മുന്‍പ് തിരക്കഥ മുഴുവന്‍ വായിക്കാനിടയായ ഒഎന്‍വി കെ.ജി.ജോര്‍ജിനോട് പറഞ്ഞു: ‘യവനിക’ എന്നല്ലാതെ മറ്റൊരു പേരും ഇടരുത്. കെ.ജി. ജോര്‍ജിന്റെ ‘മേള’ കണ്ട് ഇഷ്ടപ്പെട്ട് അതുപോലെ നല്ലൊരു സിനിമ ചെയ്യണമെന്നു പറഞ്ഞാണു നിര്‍മാതാവ് ഹെന്‍ട്രി ജോര്‍ജിനെ സമീപിച്ചത്. പടം നന്നാക്കാന്‍ എത്ര പണം മുടക്കാനും തയാറാണെന്നു തുടക്കത്തിലേ അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ഡിറ്റക്ടീവ് നോവലുകള്‍ വായിച്ചു ത്രില്ലടിച്ച കൗമാരമായിരുന്നു കെ.ജി.ജോര്‍ജിന്റേത്. പിന്നെ നാടകങ്ങളുടെ ആരാധകനായി. സിനിമകള്‍ സീരിയസായി കണ്ടു തുടങ്ങിയപ്പോള്‍ ഹിച്ച്കോക്ക് ഫാന്‍ ആയി. സംവിധായകന് ആകും മുന്‍പേ അദ്ദേഹം രണ്ടു കാര്യങ്ങള്‍ തീരുമാനിച്ചു, എന്നെങ്കിലും കുറ്റന്വേഷണ സിനിമ എടുക്കണമെന്നും നാടകം പശ്ചാത്തലമാക്കിയ സിനിമ എടുക്കണമെന്നും. ഇതു രണ്ടും കൂടി ചേര്‍ന്ന സിനിമയാണ് 1982ല്‍ റിലീസ് ചെയ്ത ‘യവനിക’. ഇതു പക്ഷേ കുറ്റാന്വേഷണ സിനിമയുടെ തലത്തിനപ്പുറത്തേക്ക് വളര്‍ന്നു പോയി. സിനിമാവിദ്യാര്‍ഥികളുടെ പാഠപുസ്തകമായി.
വളരെ രസകരമായിരുന്നു യവനികയുടെ ഷൂട്ടിങ്. ഷൂട്ടിങ് കഴിഞ്ഞ് രാത്രിയില്‍ എല്ലാവരും ഒത്തുകൂടുമായിരുന്നു. പിന്നെ ഗാനമേള. ഭരത്ഗോപിയായിരുന്നു സ്റ്റാര്‍ സിംഗര്‍. ‘പാമ്പുകള്‍ക്ക് മാളമുണ്ട്’ ആയിരുന്നു മാസ്റ്റര്‍ പീസ്. വേണുനാഗവള്ളിയും നെടുമുടിയും ഗോപിയുടെ സഹായികളായി.
യവനികയ്ക്ക് മത്സരിക്കേണ്ടി വന്നത് ഐ.വി. ശശിയുടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ‘ഈ നാടു’മായിട്ടായിരുന്നു. എന്നിട്ടും 150 ദിവസം ഓടി യവനിക മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: