തിരുവനന്തപുരം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കല്ലടിമുഖം ഭവനസമുച്ചയത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍ തന്റെ ഇഷ്ടക്കാര്‍ക്ക് അനധികൃതമായി വീടുകള്‍ നല്‍കി. നഗരസഭയുടെയോ കൗണ്‍സിലിന്റെയോ അറിവോ സമ്മതമോ ഇല്ലാതെ അമ്പലത്തറ വാര്‍ഡ് കൗണ്‍സിലറായ സുലോചനന്‍ ആണ് ഭവനസമുച്ചയത്തിലെ മൂന്ന് വീടുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. ഇക്കാര്യം സുലോചനന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ അമ്പലത്തറ നിവാസികള്‍ക്ക് നഗരസഭയുടെ ഓണസമ്മാനം എന്ന പേരില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കോര്‍പ്പറേഷന്റെ കീഴിലുള്ള കല്ലടിമുഖം ഭവനസമുച്ചയത്തില്‍ ഭവനരഹിതര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വീട് നല്‍കുകയും വീട് ലഭിച്ചവര്‍ ഒഴിയുകയാണെങ്കില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം അര്‍ഹരായവര്‍ക്ക് വീട് നല്‍കണം എന്നാണ് നിയമം. അര്‍ഹരായവരുടെ പേര് വിവരങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് നല്‍കി അവിടെ പാസ്സാക്കിയ ശേഷം കൗണ്‍സിലിന്റെ അംഗീകാരം നേടണം. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇഷ്ടക്കാര്‍ക്ക് വീടുകള്‍ നല്‍കിയത്. അര്‍ഹരായിട്ടുള്ള ധാരാളം പേര്‍ വീടിനായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് അധികാരത്തിന്റെ അഹങ്കാരത്തില്‍ ഒരു കൗണ്‍സിലര്‍ നഗരസഭാ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പിന്‍വാതിലിലൂടെ മൂന്ന് പേര്‍ക്ക് വീടുകള്‍ നല്‍കിയത്.
നഗരസഭയില്‍ നിന്നും മൂന്ന് വീടുകളുടെ താക്കോല്‍ സുലോചനന്‍ കൈവശപ്പെടുത്തിയ ശേഷമാണ് തന്റെ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. കൗണ്‍സിലിന്റെയും സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെയും അംഗീകാരത്തോടു കൂടിയാണ് അര്‍ഹരെ കണ്ടെത്തേണ്ടത് എന്നാണ് ചട്ടം. മാത്രവുമല്ല നഗരസഭയില്‍ സൂക്ഷിക്കേണ്ട വീടുകളുടെ താക്കോല്‍ എങ്ങനെ വാര്‍ഡ് കൗണ്‍സിലര്‍ മാത്രമായ സുലോചനന്റെ കൈയ്യിലെത്തിയെന്നതും ദുരൂഹമാണ്. അനധികൃതമായി വീട് ലഭിച്ച മൂന്ന് പേരും നഗരസഭയുമായി കരാര്‍ ഒപ്പിടുകയോ ബെനിഫിഷ്യറി കോണ്‍ട്രിബ്യൂഷന്‍ തുക അടയ്‌ക്കുകയാ ചെയ്തിട്ടില്ല. ഇങ്ങനെ നിയമപരമായി ചെയ്യേണ്ട യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെയാണ് ഇവര്‍ക്ക് വീടുകള്‍ കൈമാറിയതെന്നും അറിയുന്നു. നഗരസഭയില്‍ നിന്നും അനധികൃതമായി വീടുകളുടെ താക്കോല്‍ കൈവശപ്പെടുത്തി ചട്ടം ലംഘിച്ച് അനര്‍ഹര്‍ക്ക് നല്‍കിയിട്ടും കൗണ്‍സിലര്‍ സുലോചനനെതിരെ കോര്‍പ്പറേഷന്‍ ഭരണനേത്യത്വമോ സെക്രട്ടറിയോ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൗണ്‍സിലര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം: തിരുമല അനില്‍
നഗരസഭാ വസ്തുവകകളില്‍ അനധികൃതമായി കൈയ്യേറ്റം നടത്തിയതിനും കൗണ്‍സിലിന്റെ അറിവോ സമ്മതമോ കൂടാതെ വേണ്ടപ്പെട്ടവരെ കോര്‍പ്പറേഷന്റെ കല്ലടിമുഖം ഭവനസമുച്ചയത്തില്‍ താമസിപ്പിച്ചതിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. നിലവില്‍ അനധികൃതമായി വീടുകള്‍ നല്‍കിയവരെ എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് നല്‍കണമെന്നും തിരുമല അനില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: