മലയിന്‍കീഴ്: സേവാമന്ദിരവും വൃദ്ധസദനവും നിര്‍മിക്കുന്നതിനായി സേവാഭാരതിക്ക് 30 ലക്ഷം വിലവരുന്ന ഭൂമി കൈമാറി ദമ്പതികള്‍. മുക്കുനട രോഹിണിയില്‍ അപ്പുക്കുട്ടന് നായരും ഭാര്യ അംബികാ ദേവിയുമാണ് 10സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. നരുവാമൂട് കരിങ്ങാറൂര് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ സേവാഭാരതി പള്ളിച്ചല്‍ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ചടങ്ങില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ ഇരുവരുടെയും കൈകളില്‍ നിന്ന് സേവാഭാരതിക്കുവേണ്ടി ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.
മൊട്ടമൂട് എംഎല്‍എ റോഡില്‍, റോഡരികിന് ചേര്‍ന്ന പത്തു സെന്റ് ഭൂമിയില്‍ എത്രയും വേഗം മൂന്നു നിലകളിലായി സേവാഭാരതിയുടെ കാര്യാലയവും പാലിയേറ്റീവ് കെയര്‍ കാര്യാലയവും വൃദ്ധസദനവും ഉയര്‍ന്നു കാണണമെന്നാണ് ആഗ്രഹമെന്ന് അപ്പുക്കുട്ടന് നായര്‍ പറഞ്ഞു. ഭാര്യയും മൂന്നു മക്കളുമുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്ക്കും സേവാഭാരതിക്ക് ഭൂമി കൈമാറുന്നതില്‍ അഭിമാനമുണ്ടെന്ന്, കെഎസ്ആര്‍ടിസിയിലും, പോലീസ് സേനയിലും ജോലി നോക്കി വിരമിച്ച അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവാഭാരതി സേവനത്തിന് ഉദാത്ത മാതൃകയാണെന്നും സമാജത്തിലെ നിരാലംബരെ കൈപിടിച്ചുയര്‍ത്തുന്ന കരുത്തായി സേവാഭാരതി വളര്‍ന്നു കഴിഞ്ഞുവെന്നും ജി. മാധവന് നായര്‍ പറഞ്ഞു.
സേവാഭാരതി പള്ളിച്ചല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. സതീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സേവാശക്തി ഫൗണ്ടേഷന് ചെയര്മാന് സി.എസ്. മോഹനന് മുഖ്യാതിഥിയായി. സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സേവാസന്ദേശം നല്കി. സേവാഭാരതി വിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ കെ. സതീഷ്കുമാര്‍, സേവാഭാരതി ജില്ലാ സെക്രട്ടറി എസ്.എസ്. സുനില്‍കുമാര്‍, എം. സന്തോഷ്കുമാര്‍, അനില്‍കുമാര്‍, എ.ആര്. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ സേവാശക്തി ഫൗണ്ടേഷന് ചെയര്മാന് സി.എസ്. മോഹനന് സേവാഭാരതിക്കായി സമര്‍പ്പിച്ച പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ താക്കോല്‍ സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി സി. ബിനുചന്ദ്രന്‍ ഏറ്റുവാങ്ങി. രണ്ട് ക്ഷീരകര്‍ഷകര്‍ക്ക് പശുക്കിടാങ്ങളെയും കൈമാറി. ഭക്ഷ്യക്കിറ്റുകളും ഒരാള്‍ക്ക് പത്രവിതരണത്തിനായി സൈക്കിളും നല്കി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: