ചിങ്ങപ്പുലരിയിലെ കര്‍ഷക ദിനാചരണം കരിദിനമായി ആചരിച്ചും കരിങ്കൊടി ഉയര്‍ത്തിയും കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് ബഹിഷ്കരിക്കേണ്ടിവന്നത് സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക വഞ്ചനയ്ക്ക് തെളിവാണ്. സപ്ലൈകോ വഴി വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച നെല്ലിന് വില നല്‍കാതെ ദ്രോഹിക്കുന്നതിനാലാണ് കര്‍ഷകര്‍ക്ക് ഇത് ചെയ്യേണ്ടി വന്നത്. കുട്ടനാട്ടില്‍ മാത്രം പതിനോരായിരം കര്‍ഷകര്‍ക്കായി നൂറ് കോടിയിലേറെ രൂപ നെല്ലിന്റെ വിലയായി കിട്ടാനുണ്ടെന്നറിയുമ്പോള്‍ മറ്റു ജില്ലകളെക്കൂടി കണക്കെടുക്കുമ്പോള്‍ എത്ര വലിയ വഞ്ചനയാണ് സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നെല്‍ കര്‍ഷകര്‍ കൃഷിഭവനുകളും പാഡി ഓഫീസുകളും കയറിയിറങ്ങിയതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പണം നല്‍കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് മാസമായിട്ടും നടപടികളൊന്നും ഉണ്ടാവാതിരുന്നതിനാലാണ് ചിങ്ങം ഒന്ന് കരിദിനമായി നെല്‍ കര്‍ഷകര്‍ക്ക് ആചരിക്കേണ്ടി വന്നത്. ശക്തമായ പ്രതിഷേധം മുന്നില്‍കണ്ട് വളരെ കുറച്ച് കര്‍ഷകര്‍ക്ക് അന്പതിനായിരത്തില് താഴെ രൂപ മാത്രം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കടുത്ത വിവേചനമാണ്. എല്ലാ കര്‍ഷകരും അധ്വാനിച്ചു തന്നെയാണ് നെല്ലു വിളയിച്ചതും, സര്‍ക്കാര്‍ അത് സംഭരിച്ചതും. ഭൂരിഭാഗം കര്‍ഷകര്‍ക്കും നെല്ലിന്റെ വില നല്‍കാതിരിക്കുന്നത് കടുത്ത വഞ്ചനയാണ്.
എല്ലാം ശരിയാക്കാമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയതാണല്ലോ ഇടതുമുന്നണി സര്‍ക്കാര്‍. അന്നുമുതല്‍ കര്‍ഷക ക്ഷേമത്തെക്കുറിച്ചും വാചാലരാവുന്നതാണ്. എന്നാല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തുടര്‍ച്ച ലഭിച്ചിട്ടും ഇടതുഭരണത്തിന് കീഴില്‍ കര്‍ഷകനു കഞ്ഞി കുമ്പിളില്‍ തന്നെ. ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്നാണ് വയ്പ്പെങ്കിലും കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ മന്ത്രി സിപിഎമ്മിന്റെ കുടികിടപ്പുകാരനെപ്പോലെയാണ്. സിപിഎമ്മുകാരനായ ധനമന്ത്രി കൃഷി വകുപ്പിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഇടക്കിടെ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. പാടത്തെ ചെളിയിലിറങ്ങിയും, വിതയ്ക്കാനും കൊയ്യാനുമൊക്കെ കൃഷിപ്പണിക്കാര്‍ക്കൊപ്പം കൂടിയും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും സ്വന്തം വകുപ്പിന് അര്‍ഹമായ ഫണ്ട് വാങ്ങിച്ചെടുക്കാനോ, കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ കൃഷിമന്ത്രിക്ക് കഴിയുന്നില്ല. തരിശു ഭൂമിയിലൊക്കെ കൃഷിയിറക്കി സ്വയംപര്യാപ്തത നേടുമെന്നും, അരിക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്നുമൊക്കെ വീരവാദം മുഴക്കുന്നവരാണ് സംഭരിച്ച നെല്ലിന് വില നല്‍കാതെ കര്‍ഷകരുടെ അധ്വാനത്തെ പരിഹസിക്കുന്നത്. പാര്‍ട്ടി വോട്ടു ബാങ്കുകളായ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോഴാണ് മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. നെല്‍കൃഷിയില്‍ നിന്ന് പിന്മാറാന് കര്‍ഷകരെ പ്രേരിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നെല്ലിന് മതിയായ വില യഥാസമയം സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് ലഭിക്കാത്തതാണ്.
ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ വിളകള്‍ എവിടെയും കൊണ്ടുചെന്ന് വില്ക്കാന് കഴിയുന്നതുള്‍പ്പെടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്നതായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍. സമ്പന്ന കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ നിയമത്തിനെതിരെ സമരം ചെയ്തവരാണ് പ്രതിപക്ഷ കക്ഷികള്‍. ഒരു പടി കൂടി കടന്ന് കേരള നിയമസഭ ഈ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളുടെ ഗുണഫലം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കാനാണ് സിപിഎമ്മും സര്‍ക്കാരും നോക്കുന്നത്. ഇവര്‍ തന്നെയാണ് കര്‍ഷകരില്‍നിന്ന് നെല്ലു വാങ്ങിയിട്ട് വില നല്കാതിരിക്കുന്നതും. അടുത്തിടെയാണല്ലോ ഒരു കര്‍ഷകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ചതിന് കെഎസ്ഇബി മൂന്നരലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. വായ്പയെടുത്ത് മുടിഞ്ഞ് യഥാസമയം സഹായം ലഭിക്കാതെ എത്രയോ കര്‍ഷകര്‍ക്കാണ് ഏഴ് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്നത്. എത്രയോ കുടുംബങ്ങളാണ് ഇങ്ങനെ അനാഥമായത്. എന്നിട്ടും കര്‍ഷകരെ വഞ്ചിക്കുകയും, കര്‍ഷകക്ഷേമത്തിന്റെ മുഖംമൂടിയണിഞ്ഞ് പൊതുസമൂഹത്തെ കബളിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഒരുവിധത്തിലുള്ള അധ്വാനവുമില്ലാതെ അഴിമതികളിലൂടെ പണമുണ്ടാക്കി നാടുവാഴുന്നവര്‍ കര്‍ഷകരുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കുന്നില്ല. ഇതുവരെയുള്ള ഇടതുഭരണത്തിന്റെ സ്ഥിതി ഇതായിരുന്നു. ഇനി അതിന് മാറ്റം വരാനും പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: