വെള്ളറട: പോക്സോ കേസ് പ്രതിയെ സംരക്ഷിക്കല്‍, ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് സിപിഎം വെള്ളറട ഏരിയ കമ്മിറ്റിയിലെ രണ്ട്അംഗങ്ങള്ക്കെതിരെ അച്ചടക്ക നടപടി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗമായ ടി.വിനോദ്, അമ്പൂരി ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി കുടപ്പനമൂട് ബാദുഷ എന്നിവരാണ് അച്ചടക്ക നടപടിക്ക് വിധേയരായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാകമ്മറ്റിയിലാണ് തീരുമാനം.
കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നതിന് ശ്രമിച്ചുവെന്നായിരുന്നു ടി.വിനോദിനെതിരെയുള്ള ആരോപണം. ഒത്തുതീര്‍പ്പ് നടത്തി തുക തട്ടിയെടുത്തു, പ്രതിയുടെ ബന്ധുക്കളില്‍ നിന്നു ഭൂമി എഴുതി വാങ്ങിയെന്നും ആരോപണം ഉയര്‍ന്നു. ടി.വിനോദിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. അമ്പൂരിയില്‍ കുടുംബശ്രീ ഫണ്ട് തട്ടിപ്പ്, ദേശാഭിമാനി വരിസംഖ്യ തട്ടിയെടുക്കല്‍, അനധികൃത സ്വത്തു സമ്പാദനം, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം എന്നിവ ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബാദുഷയ്ക്കെതിരെ നടപടിയുണ്ടായത്. ആരോപണം ഉയര്‍ന്നപ്പോള്‍ അമ്പൂരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിസ്ഥാനത്തുനിന്ന് ബാദുഷയെ മാറ്റിയിരുന്നു. ഇപ്പോള്‍ ബ്രാഞ്ച്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സംസ്ഥാനകമ്മിറ്റി അംഗം കെ.എസ്.സുനില്‍കുമാറാണ് നടപടികള്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: