റോക്കി ഔര്‍ റാണി കി പ്രേം കഹാനി വെളളിയാഴ്ചയാണ് റിലീസ് ചെയ്ത ത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മുന്‍കാല സൂപ്പര്‍ താരങ്ങളായ ധര്‍മ്മേന്ദ്രയും ശബാന ആസ്മിയും തമ്മിലുളള രസതന്ത്രവും ശ്രദ്ധേയമായിട്ടുണ്ട്.
ധര്‍മ്മേന്ദ്ര -ശബാന ചുംബന രംഗവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ദൃശ്യം പ്രേക്ഷകരെ അമ്പരിപ്പിച്ചെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നതതെന്ന് ധര്‍മ്മേന്ദ്ര പറഞ്ഞു. ചുണ്ടുകള്‍ കോര്ത്തുളള ചുംബന ദൃശ്യം കണ്ട് ധാരാളം പേര് അഭിനന്ദനം അറിയിച്ചെന്നും ധര്‍മ്മേന്ദ്ര പറഞ്ഞു. പ്രേക്ഷകര്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. നഫീസ അലിയ്ക്കൊപ്പം ലൈഫ് ഇന്‍ എ മെട്രോയിലാണ് ഇതിന് മുമ്പ് ചുംബനരംഗം ചെയ്തതെന്നും അന്നും ധാരാളം പേര് അഭിനന്ദിച്ചെന്നും ധര്‍മ്മേന്ദ്ര പറഞ്ഞു.
സംവിധായകന് കരണ്‍ ജോഹര്‍ ഈ രംഗം തങ്ങളോട് വിവരിച്ചപ്പോള്‍ ആവേശം തോന്നിയില്ലെന്നും ചിരിച്ചു കൊണ്ട് ധര്‍മ്മേന്ദ്ര പറഞ്ഞു.അത് ചിത്രത്തിന് ആവശ്യമായ രംഗമാണെന്ന് മനസിലായി. പ്രണയത്തിന് പ്രായമില്ലെന്നാണ് വിശ്വാസം. പ്രായം ഒരു സംഖ്യ മാത്രമാണ്.പ്രായവ്യത്യാസമില്ലാതെ രണ്ട് പേര് ചുംബിച്ച് പരസ്പരം സ്നേഹം പ്രകടിപ്പിക്കാറുണ്ട്. വളരെ മനോഹരമായി ചിത്രീകരിച്ചതിനാല്‍ ഷബാനയ്ക്കും തനിക്കും ഇത് ചെയ്യുമ്പോള്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും തോന്നിയില്ലെന്നും ധര്‍മ്മേന്ദ്ര പറഞ്ഞു.
പേരക്കുട്ടികള്‍ പ്രണയത്തിലായതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്ന നഷ്ടപ്രണയികളായാണ് ശബാനയും ധര്‍മ്മേന്ദ്രയും അഭിനയിക്കുന്നത്. പ്രണയത്തിലാകുകയും കുടുംബങ്ങളിലെ സാംസ്കാരിക വ്യത്യാസം മൂലം വിവാഹം നടക്കാതെ പോവുകയും ചെയ്തവരെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.ധര്‍മ്മേന്ദ്രയുടെ ഭാര്യയുടെ വേഷം ജയ ബച്ചന് അവതരിപ്പിക്കുന്നു. സഹതാരങ്ങള്‍ക്കൊപ്പമുള്ള ഒന്നിലധികം ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.
വെള്ളിയാഴ്ച റിലീസ് ചെയ്ത റോക്കി ഔര്‍ റാണി കി പ്രേം കഹാനി ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചത്. ചിത്രം ആദ്യ ദിനം 11 കോടി രൂപയിലധികം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: