ബോവിക്കാനം: പതിവായി ആനകള്‍ ഇറങ്ങിയിരുന്ന തോട്ടങ്ങള്‍ക്ക് ചുറ്റും വേലി നിര്‍മിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കാട്ടാനകളില്‍നിന്ന് കൃഷി സംരക്ഷിക്കാന്‍ സ്വന്തം നിലയിലാണ് കര്‍ഷകര്‍ സൗരോര്‍ജ വേലി നിര്‍മിച്ചത്.
കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കര്‍മംതോടി, മിന്നംകുളം, അടുക്കത്തൊട്ടി, അരിയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തുക ചെലവാക്കി കൃഷി ഇടങ്ങള്‍ക്ക് ചുറ്റും നിരവധി കര്‍ഷകരാണ് വേലി നിര്‍മിച്ചിരിക്കുന്നത്. വേലി നിര്‍മിച്ചതിന് ശേഷം ഈ തോട്ടങ്ങളില്‍ ആനകള്‍ ഇറങ്ങിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനാതിര്‍ത്തിയില്‍ വനംവകുപ്പ് നിര്‍മിച്ച സൗരോര്‍ജ വേലി കൃത്യമായി പരിപാലിക്കാത്തതാണ് ആനകള്‍ തകര്‍ക്കാനുള്ള പ്രധാന കാരണം. കാട്ടുവള്ളികള്‍ പടരുമ്പോള്‍ വേലിയില്‍ ചാര്‍ജ് കുറയുകയും കാട്ടിലെ മരങ്ങള്‍ വീഴുമ്പോള്‍ വേലി തകരുകയും ചെയ്തിരുന്നു. കര്‍ഷകര്‍ നിര്‍മിച്ച വേലി യഥാസമയം നന്നായി പരിപാലിക്കുന്നതിനാല്‍ നല്ല ഗുണം ചെയ്യുന്നുമുണ്ട്.
മൂന്നു ലക്ഷം രൂപയോളമാണ് ഒരു കിലോമീറ്റര്‍ വേലി നിര്‍മിക്കാന്‍ ചെലവ് വരുന്നത്. ഇടത്തരം കര്‍ഷകരെ സംബന്ധിച്ച് ഇതു വലിയ സാമ്പത്തിക ബാധ്യതയാണ്. അതുകൊണ്ട് വനംവകുപ്പോ സര്‍ക്കാരോ വേലി നിര്‍മിക്കാന്‍ നിശ്ചിത തുക സഹായം നല്‍കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന സോളാര്‍ തൂക്കുവേലിക്ക് ഫണ്ട് നല്‍കിയതിനാല്‍ ഈ വേലിക്ക് ഫണ്ട് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.അധികൃതരില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചാല്‍ ഗുണഭോക്താക്കളുടെ വിഹിതം കുടി ചേര്‍ത്തു വേലി നിര്‍മിക്കാന്‍ കര്‍ഷകര്‍ തയാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: