മുംബൈ: ഈ ആഘാതത്തില്‍ നിന്നും ശരത് പവാറിന് എളുപ്പം കരകയറാനാവില്ല. എല്ലാ കാലത്തും വിശ്വസിച്ച മരുമകന് മാത്രമല്ല, തന്റെ വലംകൈയെന്ന് വിശ്വസിച്ച് മകള്‍ക്കൊപ്പം എന്‍സിപിയുടെ ചുമതലകള്‍ വരെ ഏല്പിച്ച പ്രഫുല്‍ പട്ടേലും കയ്യൊഴിഞ്ഞോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
ഞായറാഴ്ച അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആ ചടങ്ങില്‍ എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റായ പ്രഫുല്‍ പട്ടേലും പങ്കെടുത്തിരുന്നു. അജിത് പവാര്‍ ബിജെപി-ഷിന്‍ഡേ സര്‍ക്കാരുമായി കൈകോര്‍ത്ത വാര്‍ത്തയോട് പ്രതികരിച്ച് ശരത് പവാര്‍ ഞായറാഴ്ച തന്റെ അരുമശിഷ്യനായ പ്രഫുല്‍പട്ടേലിന്റെ അനുസരണക്കേടിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു: “അജിത് പവാറുള്‍പ്പെടെ വിമതരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തട്കാരെയെയും ഏല്പിച്ചെങ്കിലും അവര്‍ ജോലി നിര്‍വ്വഹിക്കാത്തതിനാല്‍ താന്‍ തന്നെ വിമത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കും.” ഇത് ശരത് പവാറിനെപ്പോലെ ഒരു നേതാവിന് താങ്ങാനാവാത്ത ആഘാതമാണ്. കാരണം ഏറ്റവും വിശ്വസ്തനായ അനുയായിയാ പ്രഫുല്‍ പട്ടേല്‍ വിമത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുകയല്ല, പകരം സ്വയം ശരത് പവാറിനെതിരെ പ്രവര്‍ത്തിച്ച അജിത് പവാറിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
24 വയസ്സുള്ള എന്‍സിപി എന്ന പാര്‍ട്ടിയെ 82ാം വയസ്സിലും നയിക്കുന്നത് ശരത് പവാര്‍ തന്നെയാണ്. എല്ലാ തീരുമാനങ്ങളും ശരത് പവാറില്‍ നിക്ഷിപ്തമായത് ചെറുപ്പക്കാരായ നേതാക്കളെ കുറെക്കാലമായി അസംതൃപ്തരാക്കിയിരുന്നു. ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയാണെന്നാണ് അജിത് പവാര്‍ തന്റെ നേതൃത്വത്തില്‍ നടന്ന വിമത പ്രവര്‍ത്തനത്തിന് നല്കുന്ന ന്യായീകരണം.
അജിത് പവാര്‍ എടുത്ത തീരുമാനം പാര്‍ടി തീരുമാനമാണെന്നാണ് പ്രഫുല്‍ പട്ടേലിന്റെ വിശദീകരണം. പാര്‍ട്ടി കൂട്ടായെടുത്ത തീരുമാനമാണ് ബിജെപിയെ പിന്തുണയ്ക്കാന്‍ എടുത്ത തീരുമാനമെന്നും പ്രഫുല്‍ പട്ടേല്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാന്‍ സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: