ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി മിഥുനമാസത്തിലെ മൂലം നാളായ മൂന്നിന് ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കും. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് വള്ളംകളിക്ക് തുടക്കം. ഇപ്പോഴും ക്ഷേത്രത്തില്‍ നിന്നുള്ള ആചാരങ്ങള്‍ മുടക്കം കൂടാതെ നടക്കുന്നു.
പ്രമുഖങ്ങളായ ആറു ചുണ്ടന് വള്ളങ്ങള്‍, മൂന്നു വെപ്പ് എ-ഗ്രേഡ് വള്ളങ്ങള്‍, രണ്ട് എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങള്‍, രണ്ട് വനിതകളുടെ തെക്കനോടി വളളങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ വള്ളംകളിയില്‍ അണിനിരക്കും.
ഉച്ചക്ക് 1.30ന് ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ പതാക ഉയര്‍ത്തും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എംഎല്‍എ അധ്യക്ഷനാകും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്.ശ്രീശങ്കര്‍, കല്ലൂര്‍ക്കാട് സെയ്ന്റ് മേരീസ് ബസിലിക്ക റെക്ടര്‍ ഫാ.ഗ്രിഗറി ഓണംകുളം എന്നിവര്‍ ഭദ്രദീപം തെളിയിക്കും. 2.30-ന് മാസ്ഡ്രില്‍. 2.35ന് നടക്കുന്ന ജലഘോഷയാത്രക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ഫ്ലാഗ് ഓഫ് ചെയ്യും. 3.40ന് വള്ളംകളിയുടെ ഇടവേളയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ മൂലം ജലോത്സവസമിതി ജനറല്‍ കണ്‍വീനറും കുട്ടനാട് തഹസില്‍ദാറുമായ എസ്.അന്‍വര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അജിത് കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
ട്രാക്കും ഹീറ്റ്സും
ചുണ്ടന്‍വള്ളങ്ങളുടെ ഒന്നാംഹീറ്റ്സില് ആദ്യ ട്രാക്കില്‍ ആയാപറമ്പ് വലിയദിവാന്‍ജി ബോട്ട് ക്ലബ് തുഴയുന്ന വലിയദിവാന്ജിയും രണ്ടാം ട്രാക്കില്‍ കേരള പോലീസ് ക്ലബിന്റെ ജവഹര്‍ തായങ്കരിയും മത്സരിക്കും. രണ്ടാം ഹീറ്റ്സില്‍ രണ്ടാം ട്രാക്കില്‍ തലവടി ടൗണ്‍ബോട്ട് ക്ലബിന്റെ ചെറുതന പുത്തന്‍ചുണ്ടനും മൂന്നാം ട്രാക്കില്‍ നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടനും മാറ്റുരയ്ക്കും. മൂന്നാംഹീറ്റ്സില്‍ രണ്ടാം ട്രാക്കില്‍ നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗവും മൂന്നാം ട്രാക്കില്‍ കുമരകം ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനും തുഴയെറിയും.
വെപ്പ് എ ഗ്രേഡ് വള്ളങ്ങ ളുടെ പ്രദര്‍ശന മത്സരത്തി ല്‍ ഒന്നാം ട്രാക്കില്‍ കുമരകം സമുദ്ര ബോട്ട് ക്ലബ് തുഴയുന്ന നവജ്യോതിയും രണ്ടാം ട്രാക്കില്‍ കൈനകരി ടൗണ്‍ബോട്ട് ക്ലബിന്റെ പഴശ്ശിരാജയും മൂന്നാം ട്രാക്കില്‍ ആര്‍പ്പൂക്കര ബോട്ട് ക്ലബിന്റെ കടവില്‍ സെന്റ് ജോര്‍ജും പങ്കെടുക്കും. ഇരുട്ടുകുത്തി എ ഗ്രേഡ് പ്രദര്‍ശന മത്സരത്തില്‍ രണ്ടാം ട്രാക്കില്‍ ഐ.ബി.ആര്.എ കൊച്ചിന് എരൂര്‍ തുഴയുന്ന പടക്കുതിര വള്ളവും ഡ്രീംക്യാച്ചേഴ്സ് ബോട്ട് ക്ലബ് അയ്മനത്തിന്റെ മാമൂടനും തുഴയും.
തെക്കനോടി പ്രദര്‍ശന മത്സരത്തില്‍ രണ്ടാം ട്രാക്കില്‍ നെടുമുടി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ കമ്പനി വള്ളവും സിഡിഎസ് ചമ്പക്കുളം തുഴയുന്ന കാട്ടില്‍ തെക്കേതിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: