‘എം.വി.ഗോവിന്ദനെ മാഷെന്ന് വിളിക്കാന്‍ ലജ്ജയാകുന്നു’ എന്ന് പ്രസ്താവിച്ച കോണ്‍ഗ്രസിലെ ഒരു തികഞ്ഞ കടുവയാണ് കെ. സുധാകരന്. മറ്റൊരു കടുവയുണ്ടല്ലോ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഇരുവരും ഇപ്പോള്‍ കുണ്ടാമണ്ടിയില്‍ കുടുങ്ങി. ഒരാള്‍ മോണ്സന് മാവുങ്കല്‍ കേസില്‍ പെട്ട് ജാമ്യത്തിലിറങ്ങി. മറ്റെയാള്‍ പാവങ്ങള്‍ക്ക് പാര്‍ക്കാന്‍ വീട് നിര്മ്മിച്ചുനല്കാന് പിരിച്ച പുനര്‍ജനി പദ്ധതി. ഈ കെട്ട് മാറാപ്പുമായി ഇരുവരും ദല്‍ഹിക്ക് പറന്നിരിക്കുകയാണ്. മദാമ്മയേയും മകനേയും അതിനു മുന്‍പേ കെ.സി.വേണുഗോപാലിനേയും കാണുകയാണ് ലക്ഷ്യം.
സംഘടനയില്‍ ഒരുവഴിയും പൊതുവഴിയുമില്ലാതെ തേരാപ്പാര ചുറ്റിക്കറങ്ങിയ വേണുഗോപാല്‍ കടിച്ചത് കല്യാണമെന്ന മട്ടില്‍ വലിയ പദവിയിലാണ്. പറയുന്നതെന്തെന്നോ ചെയ്യുന്നതെന്തെന്നോ നിശ്ചയമില്ലാത്ത ഈ പുള്ളിയാണ് രാഹുലിന്റെ രാഷ്ട്രീയ ഉപദേശകന്. ചെയ്യുന്ന പണിയെല്ലാം ‘കിണറ്റിലിറക്കി ഏണിവലിക്കു’ന്നപോലെ. അതിരിക്കട്ടെ.
എം.വി.ഗോവിന്ദന് കേസിനെക്കുറിച്ച് പറയുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ പ്രസിഡന്റ് പദവി ഒഴിയാന്‍ സന്നദ്ധനാണെന്ന് സുധാകരന്. പക്ഷേ അണികളുടെ സമ്മര്‍ദ്ദം ഗ്രൂപ്പില്ലാതെ. ‘അയ്യോ അച്ചാ പോകല്ലെ അയ്യോ അച്ചാ പോകല്ലെ’ എന്ന മട്ടില്‍. അതുകൊണ്ട് തല്ക്കാലം ഒഴിയുന്നില്ല. പക്ഷേ ഗോവിന്ദനേയും ദേശാഭിമാനിയേയും വിടില്ല. രണ്ടുദിവസത്തിനകം കേസ് കൊടുക്കുമെന്നും അറിയിച്ചു.
എനിക്കെതിരായ കേസ് സഹിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്. കേസില്‍ ഒരു ചുക്കും ചുണ്ണാമ്പുമില്ല. അതുകൊണ്ടുതന്നെ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കുമെന്നും സുധാകരന് പറയുന്നു. സുധാകരന് ഇങ്ങിനെ പറഞ്ഞാല്‍ ഗോവിന്ദന് മിണ്ടാതിരിക്കാനാകുമോ? അദ്ദേഹം കണക്കിന് കൊടുത്തു. ‘എനിക്കെതിരെ കേസ് വന്നാല്‍ നേരിടും. മോന്സന് പൂര്‍ണമായ സംരക്ഷണവും മാപ്പും നല്കുമ്പോള്, മാധ്യമ വാര്‍ത്തയെ അടിസ്ഥാനമാക്കി പറഞ്ഞതിന് എനിക്കെതിരെ കേസെടുക്കുന്ന സ്ഥിതിയാണുള്ളത്. ഇത് ജനങ്ങള്‍ കൃത്യമായി മനസ്സിലാക്കും’ എന്നാണ് ഗോവിന്ദന് പറയുന്നത്. ഇതൊക്കെ കേട്ട് ‘ഗോവിന്ദാ, ഗോവിന്ദാ’ വിളിക്കാന്‍ തോന്നുന്നു ജനങ്ങള്‍ക്ക്. വി.ഡി. സതീശന് പുനര്‍ജനിയിലൂടെ നടത്തിയത് വലിയ തട്ടിപ്പാണെന്നാണ് ഗോവിന്ദന് പറയുന്നത്.
പുനര്‍ജനി വീട് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീട് നിര്‍മാണത്തിന് കേരളത്തില്‍ നിന്നുമാത്രമല്ല വിദേശത്തുപോയും പിരിച്ചത്രെ. എന്നാല്‍ പുനര്‍ജനിയുടെ വീട് അഞ്ജനമിട്ടുനോക്കിയിട്ടും കാണാനില്ല. ഇതുംപിടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഗോവിന്ദന്. സഹകരണ കെയര്‍ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് സതീശന്റെ ബോഡ് വച്ചത് വിമര്‍ശനത്തെ തുടര്‍ന്ന് നീക്കി. പറവൂര്‍ നഗരസഭയിലെ 13-ാം വാര്‍ഡിലാണിത്. 216 വീടുകള്‍ നിര്‍മ്മിച്ചു എന്നുപറയുന്നു. അതെല്ലാം ഉണ്ടയില്ലാ വെടിയെന്നുമാണ് ആക്ഷേപം.
മോന്സന് മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉള്‍പ്പെട്ട ക്രിമിനല്‍ കേസാണെന്നും ഗോവിന്ദന് പറയുന്നു. എന്തിനാണ് കോണ്‍ഗ്രസ് ക്രിമിനല്‍ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി വരുമെന്ന ചിന്തയെ തുടര്‍ന്നാണ് സതീശന് സുധാകരനെ പിന്തുണയ്ക്കുന്നത്. മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. സുധാകരന്റെ മാനനഷ്ടക്കേസിനെ നേരിടും. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാര്‍ക്സിസ്റ്റ് വിരുദ്ധതയുള്ളവര്‍ ലോകത്തെവിടെയുമില്ല. ആരുടെയും സര്‍ട്ടിഫിക്കറ്റിലല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്” ഗോവിന്ദന് പറയുന്നത് അങ്ങിനെയാണ്.
”വനംമന്ത്രിയായ ശേഷം സുധാകരന് നിരന്തരം അഴിമതി നടത്തി. ഇക്കാര്യങ്ങള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടര്‍ചലനമുണ്ടായില്ല. താന്‍ നഗരസഭാ കൗണ്‍സിലറായിരിക്കേ സുധാകരന് വന്‍ അഴിമതിക്ക് ശ്രമിച്ചു. പലനാള്‍ കള്ളന് ഒരു നാള് പിടിക്കപ്പെടും, ഇപ്പോള്‍ പിടിക്കപ്പെട്ടു. രാജാസ് സ്കൂള്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയാണ്. പലരില്‍ നിന്നും സുധാകരന് പണം വാങ്ങി” സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു പറയുന്നു.
പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് സുധാകരനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. സ്കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടിസ് നല്കി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നല്‍കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ കാടാച്ചിറ ഹൈസ്കൂളില്‍ അധ്യാപികയായിരുന്നു സ്മിത സുധാകരന്. എന്നാല്‍ കള്ളപ്പണമുണ്ടെങ്കില്‍ കണ്ടെത്തട്ടെ എന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തോടുള്ള സുധാകരന്റെ പ്രതികരണം. അതേസമയം മകള്‍ക്ക് ജോലി നല്‍കാമെന്നുപറഞ്ഞ് പ്രശാന്ത്ബാബു 15 ലക്ഷം വാങ്ങിയെന്നും ആക്ഷേപം. കണ്ണൂര്‍ സ്വദേശി സത്യവതിയാണ് പരാതിക്കാരി. മോറാഴ യുപിഎസില്‍ അധ്യാപക ഒഴിവിലേക്ക് മകളെ നിയമിക്കാമെന്ന ഉറപ്പിന്മേലാണ് കാശ് കടമെടുത്ത് നല്‍കിയതെന്നാണ് സത്യവതി പറയുന്നത്.
സുധാകരനോട് സിപിഎമ്മിന് കുടിപ്പകയുണ്ടെങ്കിലും സതീശനോടങ്ങിനെയില്ല. ഉണക്കിനൊപ്പം പച്ചയും കത്തട്ടെ എന്ന സമീപനം സ്വീകരിച്ചു എന്നുപറഞ്ഞാല്‍ മതിയല്ലോ. ഏതായാലും ഓടം മാടായിക്ക് പോകുന്നു. അതില്‍ രണ്ട് ഓലക്കെട്ടും കിടക്കട്ടെ എന്ന മട്ടിലാക്കി കേസ്. അങ്ങിനെ കോണ്‍ഗ്രസിലെ രണ്ടുകടുവകളെ കിടുവ പിടിക്കുമെന്ന സ്ഥിതിവന്നപ്പോഴാണ് മറ്റൊരു ചന്തം. പഴയ ദേശാഭിമാനി സഖാവ് ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മുതല്‍ ടൈംസ് സ്ക്വയര്‍ വരെ പ്രവര്‍ത്തനം വ്യാപിപ്പിച്ച സഖാവ് 2 കോടി 35 ലക്ഷം രൂപ കടത്തിയതിന്റെ കഥയാണത്. അമ്മയും മോളും പെണ്ണുതന്നെ എന്ന ചൊല്ലുപോലെയായ സത്യങ്ങളാണ് ഇരുപക്ഷത്തുനിന്നും ഉയരുന്നത്. സ്വപ്ന സുരേഷ് നിരത്തിയ കഥകളൊക്കെ സര്‍പ്പം പോലെ നില്ക്കുന്നു. അതിനോടൊപ്പമോ അതിലധികമോ കാമ്പുള്ള വിഷയമാണ് ശക്തിധരന് അവതരിപ്പിച്ചിട്ടുള്ളത്. ഇതും കണ്ടില്ല കേട്ടില്ല ഭാവത്തില്‍ തന്നെയാകുമോ എന്തോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: