തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.
മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
നെല്ല് സംഭരണം – ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി
നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തും. ധനകാര്യം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ അടങ്ങുന്നതാണ് ഉപസമിതി.
സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഗസറ്റഡ് ഉദ്യോഗസ്ഥന്/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 7.10.21ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും നിയമത്തില്‍, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.
രണ്ടാമത്തെ ഐടി കെട്ടിടം
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്കി. ഇതില്‍ 100 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നാണ്. പദ്ധതിയുടെ എസ്.പി.വി.യായി കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍)നെ നിയോഗിക്കാനും തീരുമാനിച്ചു.
ഓഫീസ് സമുച്ചയം
ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കൈവശമുള്ള 4 ഏക്കര്‍ 73 സെന്റ് ഭൂമിയില്‍ നിന്നും 48.8 സെന്റ് സ്ഥലം വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കും.
ക്രിമിനല്‍ നടപടി സംഹിതയില്‍ ഭേദഗതി
ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്മാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിമാര്‍ക്കും ചീഫ് ജുഡീഷയല്‍ മജിസ്ട്രേറ്റ്മാര്‍ക്കും അനുമതി നല്‍കും. ഇതിന് ക്രിമിനല്‍ നടപടി സംഹിതയിലെ 381-ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും അംഗീകരിച്ചു.
ചികിത്സാസഹായം
മലപ്പുറം ഏറനാട് താലൂക്കില്‍ അറയിലകത്ത് വീട്ടില്‍ ഹാറൂണിന്റെ മകന് ഷഹീന് ചികിത്സക്കായി മരുന്ന് വാങ്ങിയ ഇനത്തില്‍ ചെലവായ 67,069 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്
റീ ഇംബേഴ്സ് ചെയ്ത് നല്‍കും. Systemic onset Juvenile Idiopathic Arthritis Disease എന്ന സന്ധിവാത രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഷഹീന്റെ തുടര്‍ ചികിത്സ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി.
പേരിനൊപ്പം കെ.എ.എസ് എന്നു ചേര്‍ക്കാം
സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്തുത സര്‍വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.
സ്പെഷ്യല്‍ ഗവ. പ്ലീഡര്‍
ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ (ഇറിഗേഷന്‍) തസ്തികയിലേക്ക് അഡ്വക്കേറ്റ് ജനറല്‍ ശുപാര്‍ശ ചെയ്ത അഡ്വ. സുജിത് മാത്യു ജോസിനെ നിയമിക്കാന്‍ തീരുമാനിച്ചു. കൊച്ചി കലൂര്‍ സ്വദേശിയാണ്.
പുനര്‍നിയമനം
കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നിര്‍വ്വഹിച്ചുവരുന്ന പി.വി. ശശീന്ദ്രന് 01.06.2023 മുതല്‍ പുനര്‍നിയമനം നല്കാന് തീരുമാനിച്ചു. ആറു മാസത്തേയ്ക്കോ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതുവരെയോ ആകും നിയമനം.
ശമ്പളപരിഷ്കരണം
സംസ്ഥാന ഐടി മിഷനിലെ 27 തസ്തികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം നല്കി. പരിഷ്ക്കരണം 1.4.2020 മുതല്‍ പ്രാബല്യത്തില്‍ വരും.
കേരള സ്റ്റേറ്റ് ബിവറേജസ് കേര്‍പ്പറേഷനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്എല്‍ആര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഏകീകരിച്ച് പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
വിരമിക്കല്‍ പ്രായം 56 ആക്കി
കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസ്സില്‍ നിന്നും 56 വയസ്സാക്കി ഉയര്‍ത്തി സര്‍വ്വീസ് റൂള്‍സില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: