തൃശൂര്‍: വിരുപ്പാക്കയിലെ തൃശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ സര്‍ക്കാരില്‍ നിന്നും അടിയന്തരമായി സാമ്പത്തിക സഹായം വന്നില്ലെങ്കില്‍ അടച്ചു പൂട്ടേണ്ട സ്ഥിതിയിലാണെന്ന് ചെയര്‍മാന്‍ കെ.വി.സദാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെയര്‍മാനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ സ്ഥാപനം കാലങ്ങളായുള്ള സാമ്പത്തിക ബാധ്യതകളില്‍ നട്ടം തിരിയുകയായിരുന്നു.
ബാധ്യതകള്‍ കൂടികൂടി ഒരു ദിവസം പോലും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തി. അഞ്ചുവര്‍ഷത്തിനിടെ 4.65 കോടി രൂപയോളം ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. പ്രോവിഡന്റ് ഫണ്ട്, വൈദ്യുതി ചിലവ് ഇനങ്ങളില്‍ മില്‍ വിനിയോഗിച്ചു. എന്നിട്ടും 2009 മുതലുള്ള ഗ്രാറ്റുവിറ്റി കുടിശ്ശികയാണ്. വിരമിച്ച ജീവനക്കാരില്‍ മരിച്ചവരുടെ ഗ്രാറ്റുവിറ്റി മാത്രമാണ് കൊടുത്തത്. കഴിഞ്ഞ വര്‍ഷം അരകോടി രൂപയോളം ഇ.എസ്.ഐ. കുടിശ്ശിക അടച്ചു. വൈദ്യുതി ബോര്‍ഡ് ബില്‍ അടക്കേണ്ട കാര്യത്തില്‍ കര്‍ക്കശ നിലപാടിലായതുകൊണ്ട് മൂന്ന് മാസമായി വൈദ്യുതി ബില്‍ മുടക്കുന്നില്ല. അതേ സമയം 2010 മുതലുള്ള വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയുണ്ട്.
അസംസ്‌കൃത വസ്തു വാങ്ങിയതില്‍ കുടിശ്ശികയുള്ളതിനാല്‍ ഇപ്പോള്‍ കടം കിട്ടുന്നില്ല. പ്രൊവിന്‍ഡന്റ് ഫണ്ടില്‍ 2013 മുതല്‍ കുടിശ്ശികയുണ്ട്. അതിലേക്ക് അഞ്ചുവര്‍ഷത്തിനുള്ളല്‍ 95.88 ലക്ഷം രൂപ അടച്ചു. ആറ് കോടി രൂപ ബാക്കിയാണ്. വിരമിച്ചവരുടെ പ്രൊവിഡന്റ് ഫണ്ട് കുടിശിക മൂലം അവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ഗ്രാറ്റുവിറ്റി കിട്ടാനുള്ളവര്‍ കൂട്ടായി ഹൈക്കോടതിയെ സമീപിക്കുകയും ആറ് മാസത്തിനുള്ളില്‍ കൊടുക്കാന്‍ ഉത്തരവ് വാങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വരെ അത് പാലിച്ചു. എന്നാല്‍ പിന്നീട് സാധിച്ചില്ല. കോടതിയലക്ഷ്യത്തിന് മാനേജിംഗ് ഡയറക്ടര്‍ വിചാരണ നേരിടുകയാണ്.
പകുതി ദിവസം ലേ ഓഫാണ്. സ്പിന്നിംഗ് മില്‍ മേഖല ദേശീയ അടിസ്ഥാനത്തില്‍ തന്നെ കഴിഞ്ഞ ആറ് മാസം പ്രതിസന്ധി നേരിടേണ്ടിവന്നത് സ്ഥിതി വഷളാക്കി. തൊഴിലാളികളുടെ ദയാനീയാവസ്ഥ കണ്ട് വ്യക്തിപരമായി 99.5 ലക്ഷം രൂപ വായ്പയെടുത്ത് മില്ലിന് നല്‍കി പരുത്തി വാങ്ങി പ്രവര്‍ത്തനം നടത്തി. അതില്‍ നിന്ന് 1,40,3688 രൂപ മാത്രമാണ് കിട്ടിയത്. സാമ്പത്തിക ബാധ്യത കാരണം ബാങ്കുകള്‍ സഹായിക്കാന്‍ തയ്യാറാകുന്നില്ല. അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാതെ മൂന്നുമാസമായി ലേ ഓഫിലാണ്. സ്ഥിതി എന്നുമാറുമെന്ന് ധാരണയില്ല. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ കുടിശ്ശികയാണ്. അടക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ മില്ലിന് കിട്ടാനുള്ള പണം അതിനായി ഉപയോഗിക്കേണ്ടിവരും.
200ലധികം തൊഴിലാളികളുള്ള സ്ഥാപനം ആധുനികവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരിച്ച നിലയിലാണ്. അതിന്റെ ഭാഗമായി കരാറുകാര്‍ക്ക് നല്‍കേണ്ട പണവും കൊടുത്തിട്ടില്ല. മാനേജിംഗ് ഡയറക്ടര്‍ അധിക ചുമതല വഹിക്കുന്ന ആളായതുകൊണ്ട് എന്നും വരാറില്ല. വരുന്ന ദിവസം ഗ്രാറ്റുവിറ്റി കിട്ടാനുള്ളവരും അസംസ്‌കൃത വസ്തു കടം നല്‍കിയവരും കരാറുകാരും അദ്ദേഹത്തെ വളഞ്ഞുവെക്കുകയാണ്. ചെയര്‍മാനേയും ഒഴിവാക്കുന്നില്ല. ഫിനാന്‍സ് മാനേജര്‍ക്കും വെല്‍ഫെയര്‍ ഓഫീസര്‍ക്കും ജോലി ചെയ്യാനുള്ള സാഹചര്യം കിട്ടുന്നില്ല. ഏതാണ്ട് എല്ലാ ദിവസവും പി.എഫ്. , ഇ.എസ്.ഐ. ഓഫീസുകളിലും ഗ്രാറ്റുവിറ്റി കേസില്‍ വില്ലേജ്, താലൂക്ക്, ഡി.എല്‍.ഒ. ഓഫീസുകളിലും ഹൈക്കോടതിയിലും ഹാജരാകലാണ് പ്രധാന പണി . തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിഷേധങ്ങളിലാണ്. അതൊരു സാമൂഹ്യ വിഷയമായി വളര്‍ന്നുകഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒരു ഓട്ടോകോണര്‍ മെഷീന്‍ വാങ്ങാന്‍ 250ലക്ഷം രൂപ വകയിരുത്തി. കിട്ടയതാകട്ടെ 120ലക്ഷം രൂപ. ആധുനികവല്‍ക്കരണത്തിന് ശേഷം പോളിസ്റ്റര്‍കോട്ടണ്‍ ഉല്‍പ്പാദനം നിര്‍ത്തി, കോട്ടണ്‍ നൂല് ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമമായി. സര്‍ക്കാര്‍ തരാനുള്ള 110 ലക്ഷം രൂപ കിട്ടാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രതികരണമില്ല.
ധനകാര്യ വകുപ്പില്‍ ഫയല്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നരക്കോടി രൂപ പ്രവര്‍ത്തന മൂലധനം അനുവദിച്ചുവെങ്കിലും 50ലക്ഷം രൂപയാണ് കയ്യില്‍ കിട്ടിയത്. കോമ്പര്‍ മെഷീന്‍ വാങ്ങാന്‍ 106 ലക്ഷം രൂപ വകയിരുത്തിയത് പ്രവര്‍ത്തനമൂലധനമാക്കി മാറ്റിനല്‍കാനുള്ള അപേക്ഷയും ധനകാര്യവകുപ്പില്‍ തടഞ്ഞുവെച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: