കൊട്ടിയം: ആറടിമണ്ണില്‍ എരിഞ്ഞടങ്ങാനുള്ള അവകാശം ഭര്‍ത്താവും സിപിഎം നേതാക്കളും ഇടപെട്ട് നിഷേധിച്ചതോടെ തഴുത്തല പി.കെ. ജങ്ഷനില്‍ അശ്വതിഭവനില്‍ ഷീല, ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഗ്യാസ് ശ്മശാനത്തില്‍ എരിഞ്ഞടങ്ങി.
കഴിഞ്ഞ ഏഴുവര്‍ഷമായി ഭര്‍ത്താവുമായി അകന്ന് രണ്ടുമക്കളുമായി വാടക വീട്ടിലായിരുന്നു ഷീല താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകലുന്നതിന് മുമ്പ് സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി ബാങ്ക് വായ്പ എടുക്കുന്നതിനായി ഭര്‍ത്താവിന്റെ പേരില്‍ എഴുതി നല്‍കിയിരുന്നു. ഇരുവരും അകന്നതോടെ വസ്തു സംബന്ധിച്ച് കേസുകളായി. ഈ വസ്തുവില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു ഷീലയുടെ ആഗ്രഹം.
മൂന്ന് ദിവസം മുന്‍പ് ഷീല മരണപ്പെട്ടു. ഷീലയുടെ പേരിലുണ്ടായിരുന്ന വസ്തുവില്‍ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മക്കളായ അശ്വതിയും ഗിരീഷും അച്ഛന് രാജീവിനെ സമീപിച്ചെങ്കിലും, ഇയാള്‍ അനുവദിച്ചില്ല. ഇതോടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
അമ്മയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആറടി മണ്ണിനായി അച്ഛന്റെ കനിവിനായി കാത്തിരിക്കുകയായിരുന്നു അശ്വതിയും ഗിരീഷും. മുന്‍ പ്രമാണം ഉള്‍പ്പെടെയുള്ളവയുമായി അധികൃതരെ മുഴുവന്‍ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സിപിഎമ്മുകാരനായ രാജീവിന്റെ രാഷ്ട്രീയ ഇടപെടലുകളും ആ മക്കള്‍ക്ക് നീതി നിഷേധത്തിന് കാരണമായി.
തന്റെ പേരിലുള്ള വസ്തുവില്‍ സ്വന്തം ഭാര്യയുടെ ശരീരം അടക്കം ചെയ്യിക്കില്ലെന്നുള്ള രാജീവിന്റെ വാശിക്ക് മുന്നില്‍ നിസ്സഹായതയോടെ വേദനിക്കുന്ന മനസുമായി അമ്മയുടെ മൃതദേഹം സംസ്കരിക്കാനാകാതെ മൂന്നുനാള്‍ ആ മക്കള്‍ക്ക് നില്‍ക്കേണ്ടി വന്നു. ആദ്യദിനം മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും രാജീവിനോട് സംസാരിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല.
പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ ഷീലയുടെ മകന് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ സഹായത്തിനായി അപേക്ഷിച്ചു. അവരും കൈയൊഴിഞ്ഞു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും നല്കിയ അപേക്ഷയിന്മേല് അടിയന്തര നടപടി സ്വീകരിക്കുകയും മാനുഷിക പരിഗണന കണക്കിലെടുത്ത് മൃതദേഹം ആ വസ്തുവില്‍ സംസ്കരിക്കുവാനുള്ള നടപടി സ്വീകരിക്കുവാനും കൊട്ടിയം പോലീസിന് നിര്‍ദേശം നല്കി.
എന്നാല്‍, സിപിഎം ഇടപെടലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ രാജീവിന് അനുകൂലമായ നിലപാട് സ്വീകരിച്ചു കൊണ്ട് ജില്ലാ ഭരണാധികാരികളുടെ ഉത്തരവ് അട്ടിമറിച്ചു. സ്വന്തം ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച രാജീവ് ഏഴ് സെന്റില്‍ നിന്ന് രണ്ട് സെന്റ് പാര്‍ട്ടിയ്ക്ക് നല്‍കാമെന്ന ഉറപ്പ് നല്‍കിയതായുള്ള ആരോപണവും ശക്തമാണ്.
സംസ്കാരം തടയാന്‍ വസ്തുവിനുള്ളില്‍ സിപിഎം നേതാക്കള്‍ നിലയുറപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. മനുഷ്യത്വം മരവിച്ച് പോയ സിപിഎം നേതാക്കളുടെ ക്രൂരത നിറഞ്ഞ പ്രവര്‍ത്തിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: