‘ഭര്‍ത്താവ് സംഭരിക്കണം, ഭാര്യ ഭരിക്കണം’ എന്ന ചൊല്ല് അക്ഷരം പ്രതി നടപ്പാക്കുന്നവരാണ് സഖാക്കള്‍. പ്രത്യേകിച്ച് എസ്എഫ്ഐ ഫാക്ടറിയിലൂടെ വളര്‍ന്നുവന്ന ഇപ്പോഴത്തെ വലിയ സഖാക്കള്‍. അവര്‍ നന്നായി സംഭരിക്കുന്നുണ്ട്, ഭാര്യമാര്‍ക്ക് ഭരിക്കാന്‍ അവസരം ഒരുക്കി നല്‍കുന്നുമുണ്ട്. ഇതിനു പറ്റിയ കേന്ദ്രം സര്‍വ്വകലാശാലകളാണെന്ന് ഇടതു ജൈവ ബുദ്ധിജീവി ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ ഭാര്യമാര്‍ക്ക് ഇരിപ്പിടമൊരുക്കാന്‍ നെട്ടോട്ടമോടുകയാണ് നേതാക്കള്‍.
എണ്ണിയാലൊടുങ്ങാത്ത അനധികൃത നിയമനങ്ങളാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം നേതാക്കള്‍ വിവിധ സര്‍വ്വകലാശാലകളില്‍ നടത്തിപ്പോരുന്നത്. അതില്‍ പുറത്തുവന്നത് ഏതാനും ചിലതാണെന്ന് മാത്രം. പുറത്തുവന്ന വിവരം അനുസരിച്ച് മന്ത്രി പി. രാജീവായിരുന്നു ഭാര്യയുടെ നിയമനത്തിന് തുടക്കം കുറിച്ചതെന്ന് പറയാം. രാജീവിന്റെ ഭാര്യ ഡോ. എ. വാണികേസരിയെ കുസാറ്റിലെ ലീഗല്‍ സ്റ്റഡീസ് ഡയറക്ടറായാണ് അനധികൃതമായി നിയമിച്ചത്. ഇതിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തള്ളിയെന്നാണ് മന്ത്രി സഖാവിന്റെ ന്യായീകരണം. പക്ഷെ നിയമനവും കേസിന്റെ നാള് വഴികളും പരിശോധിച്ചാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തട്ടിപ്പ് മനസിലാകും. യുജിസി റഗുലേഷന് പ്രകാരമുള്ള യോഗ്യതയില്ലാത്ത സെലക്ഷന് കമ്മറ്റിയാണ് മന്ത്രി പത്നിക്ക് നിയമനം നല്‍കിയത്. സെലക്ഷന് കമ്മിറ്റിയില്‍ നിയമവിരുദ്ധമായി സിന്‍ഡിക്കേറ്റ് അംഗം കൂടി ഇരുന്നായിരുന്നു അഭിമുഖം. ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോസ്റ്റിന് പിഎച്ച്ഡി നിര്‍ബന്ധമായിരുന്നു. നിയമനം നടക്കുമ്പോള്‍ മന്ത്രി പത്നിക്ക് പിഎച്ച്ഡി ലഭിച്ചിട്ടേയില്ല. എന്നിട്ടും നിയമനം നല്കി. ഇതിനെതിരെ നല്കിയ ഹര്‍ജി ആറുവര്‍ഷം കഴിഞ്ഞാണ് കോടതി പരിഗണിക്കുന്നത്. കേസ് ഫയല്‍ കോടതിയില്‍ നിന്നും കാണാതായതായിരുന്നു കാരണം. നിയമന സമയത്ത് ഇല്ലെങ്കിലും ഇപ്പോള്‍ വാണികേസരിക്ക് ഡോക്ടറേറ്റ് ഉണ്ടല്ലോ എന്നുള്ള ന്യായീകരണം നിരത്തി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് കൈമലര്‍ത്തി. സര്‍വ്വീസിലുള്ള പരാതിക്കാരി പിന്നെ സുപ്രീംകോടതിയിലേക്ക് പോകാത്തതിനാല്‍ മന്ത്രി പത്നി ഇപ്പോഴും തസ്തികയില്‍ തുടരുന്നു.
മറ്റൊരു മന്ത്രി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ സംസ്കൃത സര്‍വകലാശാലയില്‍ മലയാളംഅസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാന്‍ റാങ്ക് പട്ടിക തന്നെ ശീര്‍ഷാസനം ചെയ്യിച്ചു. പിഎസ്സി പരീക്ഷയില്‍ 212-ാം റാങ്കുള്ള നിനിതയ്ക്ക് വേണ്ടി ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യാപന പരിചയവുമുള്ളവരെ ഒഴിവാക്കി. റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് സെലക്ഷന് കമ്മിറ്റിയില്‍ സബ്ജക്ട് എക്സ്പര്‍ട്ട് ആയിരുന്ന പ്രൊഫ. ഉമര്‍ തറമേല്‍ തന്നെ ഫെയ്സ്ബുക്കില്‍ കുറിച്ചു. മുസ്ലീം ക്വാട്ടയില്‍ പ്രവേശനം നേടിയെന്നാണ് മന്ത്രിയുടെയും പത്നിയുടെയും ന്യായീകരണം.
ഇപ്പോഴത്തെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ 2015 ല്‍ തലശേരി എംഎല്‍എ ആയിരിക്കെ ഭാര്യ പി.എം. സഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ തിരുകി കയറ്റാന്‍ നോക്കി. റാങ്ക് ലിസ്റ്റും സര്‍വകലാശാലാ വിജ്ഞാപനവും തിരുത്തിയായിരുന്നു നിമയമനം. കരാര്‍ നിയമനങ്ങള്‍ക്ക് സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വകലാശാല, എംഎല്‍എയുടെ ഭാര്യയ്ക്കു വേണ്ടി സംവരണവും നല്കി. അസിസ്റ്റന്റ് പ്രൊഫസറായി നല്കിയ കരാര്‍ നിയമനം ഹൈക്കോടതി തന്നെ റദ്ദാക്കി. ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ തന്നെ എച്ച്ആര്‍ഡി സെന്റര്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കവും കോടതി തടഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലാതിരുന്നിട്ടും ഒന്നാം റാങ്ക് നല്‍കിയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാന്‍ നോക്കിയത്. മലയാളം അസോസിയേറ്റ് പ്രൊഫസറുടെ തസ്തികയിലേക്ക് നല്കിയ ഒന്നാം റാങ്ക് ഹൈക്കോടതി റദ്ദാക്കി. 651 റിസര്‍ച്ച് സ്കോര്പോയിന്റുള്ള ജോസഫ് സ്കറിയ, 645 സ്കോര്‍ പോയിന്റുള്ള സി.ഗണേശ് എന്നിവരെ പിന്തള്ളിയാണ് 156സ്കോര്‍ പോയിന്റുമാത്രമുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. പ്രിയ വര്‍ഗീസിന് ഒന്നാംറാങ്ക് നല്‍കിയതിന്റെ പാരിതോഷികമായി കാലാവധി അവസാനിച്ചപ്പോള്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍ നിയമനം നല്‍കുകയും ചെയ്തു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ആറുമാസമായിട്ടും സര്‍വ്വകലാശാല നടപ്പിലാക്കിയിട്ടില്ല.
മറ്റൊരു സഖാവ് മുന്‍ എംപി പി.കെ.ബിജുവിന്റെ ഭാര്യ വിജി വിജയനെ കേരള സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് ഉയര്‍ന്ന യോഗ്യതയും നെറ്റും ഉള്‍പ്പെടെയുള്ള നൂറോളം പേരെ തഴഞ്ഞായിരുന്നു. വിജി വിജയന്റെ പിഎച്ച്ഡി പ്രബന്ധം തന്നെ കോപ്പിയടിച്ചതാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മുന്‍ മന്ത്രി ജി.സുധാകരന്റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചതായിരുന്നു പുറത്തുവന്ന മറ്റൊരു ഭാര്യാ നിയമനം. വിവാദത്തെ തുടര്‍ന്ന് അവര്‍ രാജിവച്ച് തടിയൂരി. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമായ ടി.കെ. വാസുവിന്റെ ഭാര്യയെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ അധ്യാപികയായി നിയമിച്ചു. ഉന്നത യോഗത്യയുള്ള നിരവധി പേരെ തഴഞ്ഞുള്ള നിയമനത്തിനെതിരെ ഡിവൈഎഫ്ഐ നേതാവിന് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഇങ്ങനെ നീളുന്നു സഖാക്കളുടെ ഭാര്യമാരുടെ നിയമനങ്ങള്‍. സഖാക്കളുടെയും ഭാര്യമാരുടെയും പുറത്തു വരാത്ത നിരവധിയായ നിയമനങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. ഇതു കൂടാതെ സഖാക്കള്‍ക്കും ഭാര്യമാര്‍ക്കുമൊക്കെ ഫെല്ലോഷിപ്പും പിഎച്ച്ഡിയും യഥേഷ്ടം നല്കുന്ന പദ്ധതിയും സര്‍വ്വകലാശാലകളിലുണ്ട്. കാലടി സര്‍വ്വകലാശാലയില്‍ കെ.ദിവ്യക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയതിലെ ക്രമക്കേടുകള്‍ മഞ്ഞുമലയുടെ ഒരംശം മാത്രമാണ്.
ഇതിനെല്ലാം കൂട്ടുനില്കുമ്പോഴോ കണ്ടില്ലെന്ന് നടിക്കുമ്പോഴോ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം ലഭിക്കും. കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് 10 വര്‍ഷം മുമ്പ് വിരമിച്ച സിപിഎം പ്രവര്ത്തകന് സ്റ്റാലിനെ ഡപ്യൂട്ടി രജിസ്ട്രാറായി പുനര്‍നിയമിക്കും. കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാവിന് 21 മാര്‍ക്ക് ദാനമായി നല്കിയ പരീക്ഷാസ്ഥിരം സമിതി അധ്യക്ഷന്‍ ജോഷിക്ക് രജിസ്ട്രാറായി നിയമനം ലഭിക്കും. ചില പ്രൊവിസിമാര് ഭാര്യയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി അവരെ അധ്യാപകരായി നിയമിക്കും. അല്ലെങ്കില്‍ ഫിഷറീസ് സര്‍വ്വകലാശാലയില്‍ സംഭവിച്ചപോലെ ഡീനായി നിയമിക്കും. ഇതൊക്കെ കണ്ട് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്ത്ഥികള്ക്കുമൊക്കെ പഞ്ചപുച്ഛമടക്കി നില്കാം. അല്ലെങ്കില്‍ അറബിക്കഥ സിനിമയില്‍ ക്യൂബാ മുകുന്ദന് ചെയ്തപോലെ ശുചിമുറിയില്‍ കയറി കതകടച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് ഉറക്കെ വിളിക്കാം… കാരണം ഇവിടെ ഇങ്ങനെയാണ് ഭായി…..
നാളെ …എന്തും നല്‍കും കെ. സര്‍വ്വകലാശാല
പ്രതികരിക്കാൻ ഇവിടെ എഴുതുക: