ലോകത്താകമാനമുള്ള പ്രവാസി മലയാളികളുടെ ആഗോള കൂട്ടായ്മ എന്ന സങ്കല്‍പ്പത്തെ നിയമാനുസൃതവും ആധികാരികവുമായ ഒരു സഭയയായി വികസിപ്പിക്കുക എന്ന നവീന ആശയമാണ് ലോക കേരളസഭ എന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. ലോകത്താകമാനമുള്ള കേരളീയരെ കേരളീയ സംസ്‌ക്കാരത്തിന്റയും സമ്പദ് വ്യവസ്ഥയുടേയും പുരോഗമനാത്മകമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ലോക കേരളസഭയുടെ പരമ പ്രധാന ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ലോക കേരളസഭയുടെ 2108ല്‍ ചേര്‍ന്ന ആദ്യ സമ്മേളനം സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനും പ്രവാസികളുടെ സുരക്ഷ, ക്ഷേമം, പുനരധിവാസം തുടങ്ങിയവയ്‌ക്കും മുതല്‍ക്കൂട്ടാകുന്ന ഒട്ടേറെ ആശയങ്ങളും പരിപാടികളും മുന്നോട്ടുവച്ചു. ഇതിലൊന്നും എടുത്തു പറയാവുന്ന പൂര്‍ത്തീകരിച്ച ഒരു പദ്ധതിയും നടപ്പിലാക്കാതെയാണ് രണ്ടാം സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രിമാരും നേതാക്കളും ലോകം ചുറ്റുമ്പോള്‍ പെട്ടിപിടിക്കാന്‍ ചിലരെ കിട്ടി എന്നതായിരുന്നു വലിയ നേട്ടം. പുംഗന്മാരായ ചില പ്രവാസികള്‍ക്ക് ലോക കേരളസഭാംഗം എന്ന നിലയില്‍ ഫഌക്‌സ് ബോര്‍ഡു വെക്കാനുമായി.
കോടികളുടെ ധൂര്‍ത്തു നടത്തി സംഘടിപ്പിച്ച ആദ്യ സഭയോട് പ്രതിപക്ഷവും തോളോടു തോള്‍ ചേര്‍ന്നു. പക്ഷേ രണ്ടാം സഭയായപ്പോള്‍ പ്രതിപക്ഷം സര്‍ക്കാറിനു കൂട്ടില്ല എന്നറിയിച്ചു. അവര്‍ ഒന്നടക്കം ബഹിഷ്‌കരിച്ചു. രണ്ടാം സഭയിലും ലഭിച്ചു 138 നിര്‍ദേശങ്ങള്‍. അതില്‍ നടപടി തുടങ്ങിയതുപേലും 58 എണ്ണത്തില്‍ മാത്രമാണെന്ന് മൂന്നാം കേരള സഭയില്‍ സമ്മതിക്കുകയും ചെയ്തു. പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച ആ സമ്മേളനത്തിലും കിട്ടി 67 നിര്‍ദേശങ്ങള്‍. ഒന്നുപോലും നടപ്പാക്കിയില്ല.
ഒന്നര മണിക്കൂര്‍ നീണ്ട ആമുഖ പ്രസംഗവും അത്രതന്നെ സമയമെടുത്ത സമാപന പ്രസംഗവും നടത്തി മുഖ്യമന്ത്രി സമ്മേളനത്തെ ഒരു പിണറായി ഷോ ആക്കിമാറ്റിയതുമാത്രം മിച്ചം. ഉദ്ഘാടന സമ്മേളനത്തിനുശേഷം അംഗങ്ങള്‍ പലവഴിക്ക് പോയതിനാല്‍ ഉപസഭകളില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. പ്രവാസികളുടെ പതിവ് പരാതി പറച്ചിലിനും, മന്ത്രിമാരുടെ ചക്കര പ്രസംഗത്തിനും അപ്പുറം ഒന്നും തന്നെ ഉപസഭകളിലും നടന്നില്ല. ലക്ഷങ്ങള്‍ മുടക്കി നടത്തിയ കലാപരിപാടികള്‍ക്ക് ഗ്രന്ഥശാലാ വാര്‍ഷിക പരിപാടികളുടെ നിലവാരം പോലും ഇല്ലായിരുന്നു. കഴിവുകേട് മറയ്‌ക്കാന്‍ എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കേന്ദ്രം ശ്രദ്ധിക്കാത്തിടത്ത് കേരള സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു, തുടങ്ങി കേരളം പ്രത്യേക രാജ്യം എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വെറുക്കപ്പെട്ടവരുടേയും ഇടനിലക്കാരികളുടേയും ആരോപണവിധേയരായവരുടേയും സാന്നിധ്യം മൂന്നാം ലോക കേരളസഭയുടെ പ്രധാന വാര്‍ത്തകളായി.
പ്രവാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. കേന്ദ്രവുമായി ഒരുതരത്തിലുള്ള ആശയവിനിമയവും നടത്താതെയാണ് ലോക കേരള സഭ സംഘടിപ്പിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. സഭ ലോക തട്ടിപ്പാണെന്നു പറഞ്ഞ് പരിപാടിയില്‍ നിന്ന് വിട്ടും നിന്നു. ലോക കേരള സഭയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമാക്കുമെന്നാണ് പ്രഖ്യാപനം. നിയമനിര്‍മ്മാണാധികാരം നിയമസഭകള്‍ക്കു മാത്രമായിരിക്കെ നിയമസാധുത ഇല്ലാത്ത കേരളസഭയ്‌ക്ക് എങ്ങനെ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ഒരു കാര്യവും നിയമം ആയതുമില്ല.
കേരളത്തിലെ സമ്മേളനങ്ങള്‍ പൊളിഞ്ഞപ്പോഴാണ് മേഖലാ സമ്മേളനങ്ങള്‍ എന്ന പേരില്‍ വിദേശത്തു ലോകകേരളസഭ കൂടുന്നത് തുടങ്ങിയത്. ദുബായിലും ലണ്ടനിലും നടന്ന മേഖലാ സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്കോ നാടിനോ പ്രത്യേകിച്ചൊരു ഗുണവും കിട്ടിയില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സില്‍ബന്ധികളായ ചില ഉദ്യോഗസ്ഥര്‍ക്കും ലോകം ചുറ്റാന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിനും കേരള സര്‍ക്കാറിനും സംഘാടകരായ പ്രവാസി മലയാളികള്‍ക്കും പണം നഷ്ടപ്പെട്ടതു മിച്ചം.
മേഖലാ സമ്മേളനങ്ങളുടെ മൂന്നാം പതിപ്പ് വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ തുടങ്ങുമ്പോള്‍ സംഘാടകര്‍ക്ക് പണം നഷ്ടം മാത്രമല്ല, മാനഹാനിയും കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്. അമേരിക്കയിലെ പൊതുപ്രവര്‍ത്തകരായ മലയാളി നേതാക്കളെ പിരിവെടുത്ത് കീശ വീര്‍പ്പിക്കുന്നവരാക്കി മാറ്റി. അമേരിക്കയില്‍ ദീര്‍ഘകാലമായി നല്ല നിലയ്‌ക്കു ജീവിക്കുന്നവും സമൂഹത്തില്‍ അംഗീകാരമുള്ളവരുമാണ് അവരില്‍ പലരും. മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയവുമായി ഒരു തരത്തിലും യോജിപ്പില്ലാത്തവാണ് കൂടുതല്‍. അഞ്ചരക്കോടിയോളം ചെലവു വരുന്ന പരിപാടി സംഘടിപ്പിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ അമേരിക്കയില്‍ ശീലവും ശരിയുമായിരിക്കാം. പണത്തിന്റെ വലുപ്പം അനുസരിച്ച് ഇരിപ്പിടവും പ്രാധാന്യവും കിട്ടുക എന്നത് അവിടെ കുറ്റവുമല്ല. എന്നാല്‍ ജനാധിപത്യ ഭരണക്രമത്തിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ പണം മാനദണ്ഡമാക്കുന്നതിനെ കേരളത്തിലിരുന്ന് നോക്കുമ്പോള്‍ തികച്ചും അശ്ലീലമാണ്. അങ്ങേയറ്റം തെറ്റാണ്. പ്രവാസികളുടെ അന്തസ്സിനുകൂടിയാണ് വിലയിട്ടിരിക്കുന്നത്.
അമേരിക്കയില്‍ ഇത്തരത്തിലൊരു സമ്മേളനം നടത്തിയതുകൊണ്ട് അവിടുത്തെ മലയാളി സമൂഹത്തിന് എന്തു ഗുണം എന്നതാണ് വലിയ ചോദ്യം. കേരളത്തില്‍നിന്ന് കുറെപ്പേര്‍ വന്നു പോയി എന്നതിനപ്പുറം ഒന്നും ഇല്ല. മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രി, നാല് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രസംഗങ്ങളാണ് രണ്ടു ദിവസത്തെ പരിപാടിയില്‍ ഉള്ളത്. അമേരിക്കയില്‍ താമസിക്കുന്ന മലയാളി നേതാക്കള്‍ വിഷയം അവതരിപ്പിക്കുന്നില്ല. മൈക്ക് കണ്ടാല്‍ വിടാത്തവരായതിനാലാകും ആരേയും പ്രസംഗിപ്പിക്കാന്‍ ക്ഷണിക്കാത്തത് എന്ന് ആശ്വസിക്കാം. എങ്കിലും ഏഴ് പ്രസംഗം കേള്‍പ്പിക്കാന്‍ അത്രയും കോടികള്‍ മുടക്കി അമേരിക്കവരെ പോകേണ്ടതുണ്ടായിരുന്നോ. പ്രവാസികളുടെ പണം ധൂര്‍ത്തടിക്കണോ. സംഘാടകരെ പുലിവാലുപിടിപ്പിച്ച അവസ്ഥയിലാക്കിയവര്‍ ഉത്തരം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: