മനുഷ്യന്‍ മഹാനാണ്, അവനേക്കാള്‍ മഹാനാണ് അവനെ സൃഷ്ടിച്ചിരിക്കുന്ന പരമാത്മാവ്. യാതൊരുവര്‍ പരമാത്മാവിന്റെ ചിരന്തനവും സര്‍വവ്യാപവും സര്‍വശക്തവും സര്‍വഹിതകരവും ആയ ചേതനാധാരയുമായി സമ്പര്‍ക്കപ്പെട്ടു കഴിയുന്നുവോ അവര്‍ തന്റെ ജീവിതം മഹനീയമാക്കുന്നതില്‍ വിജയിക്കുന്നു. അവരുടെ ദിവ്യസാമര്‍ത്ഥ്യം വര്‍ദ്ധിക്കുമ്പോള്‍ ജീവിത മാര്‍ഗത്തിലെ സകല തടസ്സങ്ങളും ലഘുവായി മാറുകയും സകല ലക്ഷ്യങ്ങളും സുഗമമാകുകയും ചെയ്യും.
സമൂഹത്തിലെ സകല വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, സകല ജാതിമതങ്ങളിലും പെട്ട സ്ത്രീ പുരുഷന്‍മാര്‍ക്കും തങ്ങളുടേതെന്നു തോന്നത്തക്ക വിധത്തില്‍, വിവേകവും ശാസ്ത്രവും അംഗീകരിച്ചിരിക്കുന്ന ഉപാസനാ പദ്ധതികള്‍ സകലരുടെയും പക്കല്‍ എത്തിച്ചുകൊടുക്കണം. അതിനാല്‍:
*സാധനാ പ്രസ്ഥാനത്തില്‍ നമ്മുടെ മുദ്രാവാക്യമാണു സകലര്‍ക്കും സല്‍ബുദ്ധി, സകലര്‍ക്കും ഉജ്ജ്വലമായ ഭാവി. അനുയോജ്യമായ എല്ലാ അവസരങ്ങളിലും ഈ മുദ്രാവാക്യം ഉദ്‌ഘോഷിക്കണം.
* സാധനാ പ്രസ്ഥാനത്തില്‍ പങ്കെടുക്കുവിന്‍, ആപത്തുകളില്‍നിന്നു രക്ഷനേടുകയും സുഖസൗഭാഗ്യങ്ങളില്‍ വൃദ്ധി കൈവരിക്കുകയും ചെയ്യുവിന്‍ എന്ന ഗുരുദേവന്റെ വാഗ്ദാനം സകലരുടെയും പക്കല്‍ എത്തിക്കുക.
* പൊതുജനങ്ങള്‍ക്ക് സാധനാ പ്രസ്ഥാനത്തെപ്പറ്റി അറിവു നല്‍കാന്‍ വേണ്ടി ലഘുലേഖകള്‍ അച്ചടിപ്പിച്ചു സ്വയം വിതരണം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുക.
* പ്രചാരകന്മാര്‍ക്കും നൈഷ്ഠിക സാധകര്‍ക്കും പുസ്തകങ്ങള്‍ ലഭ്യമാക്കുക.
* സാധനയ്‌ക്കുവേണ്ടി സങ്കല്പം ചെയ്യിച്ചതോടെ തങ്ങളുടെ കര്‍ത്തവ്യം പൂര്‍ണ്ണമായെന്നു ധരിക്കരുത്. പുതിയ സാധകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുക.അവര്‍ക്കു പ്രോത്സാഹനവും മാര്‍ഗദര്‍ശനവും നല്‍കുകയും ക്രമേണ അവരില്‍ പുരോഗതി ഉളവാക്കുകയും ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമായി കരുതണം. ഈ പ്രസ്ഥാനത്തിനു വേണ്ടി തങ്ങളുടെ സമയദാനം പൂര്‍ണ്ണ നിഷ്ഠയോടെ വിനിയോഗിക്കുക.
* സുസഭ്യമായ സമൂഹമാകുന്ന വിശാലമായ ചട്ടക്കൂട് പടുത്തുയര്‍ത്താന്‍ സാധിക്കത്തക്കവണ്ണം സാധനാ പ്രസ്ഥാനത്തിലൂടെ ഈ ദേവപരിവാരത്തിന്റെ അടിത്തറ നിര്‍മ്മിക്കാന്‍ വേണ്ടി കച്ചകെട്ടി തയ്യാറാകണം. അതിനാല്‍ ഋഷിപ്രണീതമായ സാധനകൊണ്ട് ഓരോ മനോഭൂമിയിലും ദേവത്വത്തിന്റെ വിളവ് ഉല്പാദിപ്പിക്കുക എന്നത് നമ്മുടെ ലക്ഷ്യമായി കരുതുക.
പ്രസ്ഥാനത്തില്‍ ഐകരൂപ്യം നിലനിര്‍ത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. മിഷന്റെ പ്രവര്‍ത്തകര്‍ ഒരു വെല്ലുവിളിയായി ഇതിനെ സ്വീകരിക്കണം. വ്യക്തിപരവും സാമൂഹ്യവുമായ സാധനാവിധികളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രവര്‍ത്തന പദ്ധതിയും മനോഭാവവും ദൃഢതാശീലവും അവലംബിക്കുകയും യുഗസാധനയുടെ ലക്ഷ്യം നേടുന്നതില്‍ പങ്കെടുത്ത് ഭഗവാന്‍ കാലാധിപതിയുടെ അനുഗ്രഹം നേടു കയും ചെയ്യുക.
കുട്ടികളെയും, അശിക്ഷിതരായ വ്യക്തികളെയും, സാധനയില്‍ സാധാരണയായി താല്‍പ്പര്യമോ വിശ്വാസമോ ഇല്ലാത്ത വ്യക്തികളെയും, ഒരിക്കലും സാധന ചെയ്തിട്ടില്ലാത്ത വ്യക്തികളെയും പോലുള്ള പുതിയ സാധകരെ സാധനയുടെ സകല വിധാനങ്ങളും ഒരു പ്രാവശ്യം കൊണ്ട് പഠിപ്പിക്കാന്‍ ശ്രമിക്കരുത്. അവര്‍ക്ക് ഓരോ പ്രാവശ്യവും ഓരോ പദത്തിന്റെയും വിധിയും വിധിയോടനുബന്ധിച്ച തത്വവും ആശയവും മനസ്സിലാക്കി കൊടുക്കുകയും അത്രയും അഭ്യസിപ്പിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമം. ആദ്യത്തെ പദം ശരിക്ക് അഭ്യസിച്ചു കഴിഞ്ഞശേഷം അടുത്ത പടി അഭ്യസിപ്പിക്കുക. പുതിയ സാധകന്റെ കഴിവിനും താല്പ്പര്യത്തിനും അനുസൃതമായി പരിശീലനം നല്‍കുക. നിഷ്ഠാവാന്മാരായ പ്രവര്‍ത്തകര്‍ സാധനയെപ്പറ്റിയുള്ള സമ്പൂജ്യ ഗുരുദേവന്റെ ഈ സുഭാഷിതം സദാ ഓര്‍മ്മിച്ചുകൊണ്ടിരിക്കണം
സാധനയുടെ അര്‍ത്ഥം ജീവിത സാധന എന്നാണ്. അതായത് സ്വയം ആദര്‍ശങ്ങള്‍ക്കു അനുരൂപമായി ജീവിക്കുകയും അപ്രകാരം ജീവിക്കാന്‍ അന്യര്‍ക്കു പ്രേരണ നല്‍കുകയും ചെയ്യുക എന്നതാണ് നമ്മുടെയെല്ലാം ഒരേയൊരു ലക്ഷ്യം.
തന്റെ ഓരോ ചര്‍ച്ചയും പ്രവര്‍ത്തനവും ഉപയോഗപ്രദമാണോ, അല്ലയോ എന്നു തീരുമാനിക്കുന്നതിനായി തന്നോടു തന്നെ ഈ ചോദ്യം ചോദിക്കുക. എന്റെ പ്രയത്‌നം വ്യക്തിയുടെ സ്വഭാവവും ചിന്തയും പെരുമാറ്റവും ഉന്നതമാക്കാന്‍ ഉപകരിക്കുമോ? ആദര്‍ശങ്ങള്‍ക്ക് അനുരൂപമായി ജീവിക്കാനുള്ള പ്രേരണ നല്‍കുമോ? ഉത്തരം അതേ എന്നാണെങ്കില്‍ അതു ചെയ്യുക. ഇല്ല എന്നാണു ഉത്തരം ലഭിക്കുന്നതെങ്കില്‍ ലക്ഷ്യം സാദ്ധ്യമാകത്തക്കവിധത്തില്‍ തന്റെ ചര്‍ച്ചയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുക.
ഉപാസനയെപ്പറ്റി പഠിപ്പിക്കുമ്പോഴും ഈ സിദ്ധാന്തം സ്വീകരിക്കണം. ഉപാസനയുടെ ഓരോ കര്‍മ്മകാണ്ഡത്തോടും ചേര്‍ന്നുള്ള തത്വവും ആശയവും വിവരിച്ചു കൊടുക്കുകയും അവ ജീവിതത്തിലേക്കു പകര്‍ത്താന്‍ പഠിപ്പിക്കുകയും ചെയ്യണം. സ്വാദ്ധ്യായം ചെയ്യുന്നതുമൂലം ഉപാസനയുടെ മേന്മ വര്‍ദ്ധിക്കുന്നു. സംയമനം പാലിക്കുന്നതുമൂലം ഉപാസനയുടെ പ്രഭാവം വര്‍ദ്ധിക്കുന്നു. സേവനത്തോടു കൂടെയുള്ള ഉപാസനമൂലം ഈശ്വരന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ഈ തഥ്യങ്ങളില്‍ ആളുകളുടെ വിശ്വാസം ഉറപ്പിക്കണം.
മൊത്തത്തില്‍ നമ്മുടെ ലക്ഷ്യം സകല വ്യക്തികളെയും ജീവിതമാകുന്ന കല പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണെന്നു പറയാം. ഈ ലക്ഷ്യം എപ്പോഴും ഓര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: