കൊച്ചി: ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉത്തരവിനെനെതിരെ പെര്‍മിറ്റ് ഉള്ള ബസുടമകളുടെ ഹര്‍ജിയില്‍ ദീര്‍ഘദൂരസര്‍വീസിന് സിംഗിള്‍ബെഞ്ച് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇത് നീട്ടണമെന്ന ആവശ്യമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരസിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയിരുന്നു.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്ത വിധം ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ആക്കി 2020 ജൂലൈയില്‍ ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. താല്‍ക്കാലിക പെര്‍മിറ്റ് നില നിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീടത് അന്തിമമാക്കി ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു.
ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ സ്റ്റേ നീക്കി ഉത്തരവ് നല്‍കുകയായിരുന്നു. ഈ ഇടക്കാല സ്റ്റേ ഉത്തരവ് നീട്ടണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.
മോട്ടര്‍ വാഹന നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി റൂട്ട് ദേശസാല്‍ക്കരണത്തിന് സ്കീം ഭേദഗതി വരുത്തുകയോ പുതിയ സ്കീം നടപ്പാക്കുകയോ ചെയ്യുന്നത് വരെ തങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അര്‍ഹതയുണ്ടെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. അതേസമയം, കേരള മോട്ടര്‍ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച് ഇവര്‍ക്കു പെര്‍മിറ്റ് പുതുക്കി കിട്ടാനുള്ള അവകാശമില്ലെന്ന് കെഎസ്ആര്‍ടിസിയും വാദിക്കുന്നു. ഹര്‍ജി ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: